മറക്കേണ്ട... ഇന്നു മുതൽ 'ഫസ്റ്റ് കം ഫസ്റ്റ്' ടിക്കറ്റ്
text_fieldsദോഹ: ഫിഫ ലോകകപ്പിന്‍റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ബുധനാഴ്ച ഉച്ചക്ക് തുടക്കമാകും. ഖത്തർ സമയം ഒരു മണിക്ക് തുടങ്ങുന്ന ടിക്കറ്റ് ബുക്കിങ് മാർച്ച് 29 ഉച്ച 12 വരെയാണ് നീണ്ടുനിൽക്കുന്നത്. നേരേത്ത ആവശ്യമുള്ളവരെല്ലാം ബുക്ക് ചെയ്ത ശേഷം, നറുക്കെടുപ്പിലൂടെയായിരുന്നു ടിക്കറ്റ് വിജയികളെ തിരഞ്ഞെടുത്തതെങ്കിൽ ഇത്തവണ വേഗവും തിടുക്കവും ഘടകമാണ്.
ഫിഫ വെബ്സൈറ്റിൽ ആദ്യം ബുക്ക് ചെയ്ത് പണമടക്കുന്നവർക്ക് ആദ്യം എന്ന നിലയിലാകും ടിക്കറ്റുകൾ ലഭ്യമാക്കുക. ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് ലഭിക്കുക. മത്സരങ്ങൾ തിരഞ്ഞെടുത്ത്, വിജയകരമായി പണമടക്കുന്നതോടെ ടിക്കറ്റും ഉറപ്പാകും.
അക്കൗണ്ട് ലോഗിൻ ചെയ്ത് പ്രവേശിച്ച് മത്സരം തിരഞ്ഞെടുത്തശേഷം, വിസ കാർഡ് വഴിയാണ് ടിക്കറ്റ് തുക അടക്കേണ്ടത്. മാർച്ച് 31നും ഏപ്രിൽ ഒന്നിനുമായി നടക്കുന്ന ഫിഫ കോൺഗ്രസിനും മാച്ച് നറുക്കെടുപ്പിനുംശേഷം കൂടുതൽ ടിക്കറ്റുകൾ അനുവദിക്കുന്ന മൂന്നാംഘട്ട ബുക്കിങ്ങും ആരംഭിക്കും.