ദോഹ: തുർക്കിയുടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സൈനിക നടപടികൾക്ക് ഖത്തറിെൻറ പിന്തുണ. തുർക്കി പ്രദേശങ്ങൾക്കുള്ളിൽ ഭീകരാക്രമണങ്ങളും ഛിദ്രതയും ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിനുള്ള കടുത്ത നടപടികളുമായി തുർക്കി മുന്നോട്ട് വന്നിരിക്കുന്നത്.
തങ്ങളുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് തുർക്കി ശനിയാഴ്ച മുതൽ ഓപറേഷൻ ഒലിവ് ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. സിറിയയുടെ സമഗ്രതക്ക് കൂടി ഭീഷണിയായ സാഹചര്യത്തിലാണ് തുർക്കി ഓപറേഷനുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് ലുലുവ അൽ ഖാതിർ പറഞ്ഞു.
തുർക്കി പ്രദേശങ്ങളിലേക്കുള്ള നുഴഞ്ഞു കയറ്റവും തുർക്കിക്കുള്ളിലെ ഭീകരാക്രമണങ്ങളും സിറിയൻ അതിർത്തിയിലെ ഐസിസ് സാന്നിധ്യവുമാണ് തുർക്കി സുരക്ഷക്ക് ഭീഷണിയായിരിക്കുന്നതെന്നും ലുലുവ പറഞ്ഞു. സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായുള്ള തുർക്കിയുടെ നടപടികളെ ഖത്തർ പിന്തുണക്കുന്നുണ്ട്. ദേശീയ സുരക്ഷയെ പ്രതിരോധിക്കുന്നതിനായി തുർക്കിയുടെ അവകാശങ്ങൾക്ക് പൂർണ പിന്തുണയുണ്ടെന്നും ഇത് യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 വകവെച്ചുനൽകുന്നതാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
നാറ്റോ(നോർത്ത് അത്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യത്തിലെ പ്രധാന അംഗമാണ് തുർക്കി. മേഖലയിലെ സന്തുലിതത്വം നിലനിർത്തുന്നതിൽ ആ രാജ്യത്തിെൻറ പങ്ക് വലുതാണെന്നും അവർക്ക് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നതിൽ ഖത്തറിന് പൂർണ ആത്മവിശ്വാസമുണ്ടെന്നും ലുലുവ വ്യക്തമാക്കി.