ദോഹ: നാലര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തർ തുർക്കി ഉഭയകക്ഷി ബന്ധത്തെ അടയാളപ്പെടുത്തി ഖത്തർ പോസ്റ്റൽ സർവീസ് കമ്പനി(ക്യൂ പോസ്റ്റ്) രണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കി. ഗതാഗത വാർത്താവിതരണ മന്ത്രാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാലിഹ് മുഹമ്മദ് അൽ നഈമിയും ഖത്തറിലെ തുർക്കിഷ് അംബാസഡറായ ഫിക്റത് ഓസിറും സംയുക്തമായി സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു.
ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നും വളരെ ആഴമേറിയ ബന്ധമാണ് ഇരുരാജ്യങ്ങൾ തമ്മിലെന്നും ചടങ്ങിൽ ഫാലിഹ് അൽ നഈമി പറഞ്ഞു. ഖത്തർ പോസ്റ്റിന് തുർക്കി പോസ്റ്റൽ വകുപ്പുമായി ശക്തമായ ബന്ധമാണെന്നും ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായത് വളർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും നഈമി വ്യക്തമാക്കി.രണ്ട് സ്റ്റാമ്പുകളുടെയും 13000 കോപ്പികൾ ഇതിനകം പ്രിൻറ് ചെയ്ത് ഇന്നലെ മുതൽ രാജ്യത്തെ പോസ്റ്റൽ കേന്ദ്രങ്ങളിൽ ലഭ്യമാക്കിത്തുടങ്ങി. രണ്ട് സ്റ്റാമ്പിെൻറയും വില 8.5 റിയാൽ ആണ്.