അറബ് കപ്പിൽ സേവനസന്നദ്ധരായി മലയാളി അലുമ്നി
text_fieldsഅറബ് കപ്പിൽ വളന്റിയർ സേവനംചെയ്ത തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘ക്യൂ ഗെറ്റ്’ അംഗങ്ങൾ
ദോഹ: ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളെയും ഉൾക്കൊള്ളുന്ന ഖത്തറിെൻറ പരിച്ഛേദം തന്നെയായിരുന്നു ഫിഫ അറബ് കപ്പിെൻറ വളന്റിയറിങ്ങും. മലയാളിയും ബംഗാളിയും ആഫ്രിക്കനും യൂറോപ്യനും അമേരിക്കക്കാരനും അറബിയുമെല്ലാം തോളോടുതോൾ ചേർന്ന് അടുക്കും ചിട്ടയോടെ ഭംഗിയാക്കിയ ടൂർണമെന്റ്. 5000ത്തിലേറെ പേർ സേവനംചെയ്ത വോളന്റിയർ ടീമിലെ വേറിട്ട കാഴ്ചയായിരുന്നു കേരളത്തിൽനിന്ന് ഒരേ കോളജിൽ എൻജിനീയറിങ് ബിരുദം നേടിയ ഒരു സംഘത്തിെൻറ സേവനം. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന എൻജിനീയറിങ് കോളജുകളിൽ ഒന്നായ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ 'ക്യൂ ഗെറ്റ്' (QGET) അംഗങ്ങളാണ് അറബ് കപ്പിെൻറ വിജയത്തിലും പങ്കാളികളായി ശ്രദ്ധനേടിയത്.
300ഓളം അംഗങ്ങളുള്ള കൂട്ടായ്മയിലെ 10 പേരാണ് അറബ് കപ്പ് വളന്റിയർ ടീമിെൻറ ഭാഗമായത്. 1990ൽ ബിരുദം നേടി പുറത്തിറങ്ങിയ സജീവ് കുമാറും ഹസൻ കോയയുമായിരുന്നു ടീമിലെ സീനിയേഴ്സ്. ഏറ്റവും ജൂനിയറായി രണ്ടുവർഷം മുമ്പ് എൻജിനീയറിങ് പൂർത്തിയാക്കി ഇറങ്ങിയ മുഹമ്മദ് റോഷനും. ഫിഫ നെറ്റ് വർക്, ടി.വി ഓപറേഷൻ, ഫാൻ സപ്പോർട്ട്, ഗതാഗതം, മീഡിയ ഓപറേഷൻ, ടിക്കറ്റിങ്, കാണികൾക്കുള്ള സേവനം, വർക്ഫോഴ്സ് ഓപറേഷൻ തുടങ്ങി സാങ്കേതികവും അല്ലാതെയുമുള്ള വകുപ്പുകൾക്ക് കീഴിലായിരുന്നു ഇവർ. എൻജിനീയറിങ് പ്രഫഷനൽ മേഖലയിലെ തങ്ങളുടെ മിടുക്കും പരിചയസമ്പത്തും ഫുട്ബാൾ മേളയുടെ സംഘാടനത്തിലും സേവനത്തിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്ന സംഘം.
അസോസിയേഷെൻറ വിദേശ ചാപ്റ്ററുകളിൽ സജീവമായ സംഘം കൂടിയാണ് ഖത്തറിലെ 'ക്യൂ ഗെറ്റ്'. 2002 മുതൽ ഖത്തറിൽ സജീവമായുള്ള കൂട്ടായ്മക്കുകീഴിൽ കലാകായിക മേഖലകളിലും 'ടെക് ടോക്' എന്ന പേരിൽ ശ്രദ്ധേയമായ പ്രഭാഷണപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലിെൻറ ഭാഗമായി രജിസ്റ്റർ ചെയ്ത സംഘടനകൂടിയാണ്. അൻവർ സാദത്ത് പ്രസിഡന്റും ഡാർബി ഡേവിഡ് ജനറൽ സെക്രട്ടറിയും ഗ്രീഷ്മ ആർ വൈസ്പ്രസിഡന്റുമായുള്ള കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്.