ആഘോഷപൂർവം തൃശൂർ സൗഹൃദവേദി ‘ഓണത്താളം’
text_fieldsതൃശൂർ ജില്ല സൗഹൃദ വേദി ഓണാഘോഷമായ ‘ഓണത്താളം’ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദി ഓണാഘോഷമായ ‘ഓണത്താളം 2024’ രണ്ടു ഘട്ടങ്ങളിലായി നടന്നു. സെപ്റ്റംബർ 13ന് സൗഹൃദവേദി, ടാക് ഖത്തർ, റേഡിയോ സുനോ, സഫാരി ഹൈപ്പർമാർക്കറ്റ് എന്നിവരുമായി ചേർന്ന് സഫാരി മാളിൽ മെഗാ പൂക്കളം, പായസമത്സരം, ചെണ്ട മേളം, നാടൻ പാട്ട്, വടംവലി, വിവിധ കലാപരിപാടികൾ എന്നിവയോടെ ഓണഘോഷത്തിന് കൊടിയേറി. രണ്ടാംഘട്ടം ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ മെഗാ ഓണസദ്യ, മാവേലി, പുലികളി എന്നിവയോടെ നടന്നു.
വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ഏറ്റവും വലിയ പൂക്കളം സഫാരി മാളിൽ ഒരുക്കി. പായസമത്സരത്തിൽ പുരുഷന്മാരും വനിതകളും അടക്കം 16 പേർ പങ്കെടുത്തു. റൈജു ജോർജ്, റീമ റസാക്ക്, ആമിന അബ്ദുൽ ഷുക്കൂർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരത്തിൽ മഞ്ഞപ്പടയും അച്ചായൻസ് ടീമും സൗഹൃദവേദി ടീമും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത ടീമുകളിൽ, മല്ലു ഫിറ്റ്നസ്സും ഷി സ്ക്വാഡ് സംസ്കൃതിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. നാട്ടിൽ നിന്നും പാചക വിദഗ്ധരെ എത്തിച്ച് ഒരുക്കിയ ഓണ സദ്യയും ശ്രദ്ധേയമായി.
ഓണത്താളത്തിൽ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ നിന്ന്
തൃശൂർ ജില്ല സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ മുഖ്യാതിഥിയായി. ഇന്ത്യൻ അംബാസഡർ വിപുൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ ആശംസകൾ അർപ്പിച്ചു. ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, വേദി കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ് മൂന്നിനി, ഭാരവാഹികളായ ശ്രീനിവാസൻ, ജിഷാദ്, ടാക് ഖത്തർ എം.ഡി പി. മൊഹസിൻ, വനിത കൂട്ടായ്മ ചെയർപേഴ്ൻ റജീന സലീം എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതവും ജയാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

