ഖത്തർ പ്രവാസിക്ക് സ്നേഹവീടൊരുക്കി തൃശൂർ ജില്ല സൗഹൃദവേദി
text_fieldsടി.ജെ.എസ്.വി അംഗത്തിനായി തൃശൂരിൽ നിർമിച്ച പുതിയ വീട്
ദോഹ: ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന തൃശൂർ ജില്ല സൗഹൃദ വേദി ഖത്തർ അംഗങ്ങൾക്കായി നടപ്പാക്കുന്ന ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. കല്ലായിൽ പ്രബിനു വേണ്ടി നിർമിച്ച വീടിന്റെ താക്കോൽദാനം തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.
സി.കെ. മേനോൻ ഭവനപദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ല സൗഹൃദ വേദി അംഗത്തിനായി
നിർമിച്ച വീടിനു മുന്നിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭാരവാഹികളും
ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്തുകാവ് പഞ്ചായത്ത് 12ാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ സി.കെ. മേനോന്റെ സ്മരണാർഥം നടപ്പാക്കിയ ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന പ്രസ്തുത ചടങ്ങിൽ വേദി വൈസ് പ്രസിഡന്റ് ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി, വാർഡ് മെംബർ മനോജ് കുഴിപ്പറമ്പിൽ, വേദി ട്രഷറർ മുഹമ്മദ് റാഫി, വേദി മുൻ പ്രസിഡന്റും എൻ.ആർ.ഐ സൊസൈറ്റി വൈസ് പ്രസിഡന്റുമായ സി.ടി. ലോഹിതാക്ഷൻ, വേദി ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, ഭവനനിർമാണ കോഓഡിനേറ്റർ അക്ബർ എന്നിവർ ആശംസകൾ നേർന്നു. വേദി ഭവന പദ്ധതി ചെയർമാൻ നിഷാം ഇസ്മയിൽ ചടങ്ങിന് നന്ദി പറഞ്ഞു.
ഭവന പദ്ധതി കൺവീനർ ബാലചന്ദ്രൻ, സെക്രട്ടറി കുഞ്ഞിമൊയ്തു, ഹെൽപ് ഡെസ്ക്ക് ചെയർമാൻ അഷറഫ് വേദി, വേദി പ്രവാസിക്ഷേമം കമ്മിറ്റി ചെയർമാൻ രാജേഷ്, പ്രവാസിഫോറം വൈസ് ചെയർമാൻ പി. പവിത്രൻ, മറ്റു പ്രവാസി ഫോറം പ്രവർത്തകർ, വേദി മുൻ ഭാരവാഹികൾ കൂടാതെ നിരവധി വേദി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സജീഷ് പട്ടിലച്ചൻ യോഗ നടപടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

