മൂന്നു പുതിയ പബ്ലിക് പാർക്കുകൾ തുറന്നു
text_fieldsദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി സഹകരിച്ച് രാജ്യത്ത് മൂന്ന് പുതിയ പാർക്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അൽ വക്റയിലെ അൽ മഷ്മൂം, അൽ ഖുസാമ, വുകൈറിലെ അൽ അറാക് എന്നിവയാണ് പുതിയതായി ആരംഭിച്ച പൊതു ഉദ്യാനങ്ങൾ. ഖത്തറിന്റെ പ്രാദേശിക പരിസ്ഥിതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മൂന്ന് പാർക്കുകൾക്കും നാമകരണം ചെയ്തിരിക്കുന്നത്.
ഹരിതയിടങ്ങൾ വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മന്ത്രാലയത്തിന്റെ 2024-2030 സ്ട്രാറ്റജിക്കും ഖത്തർ നാഷണൽ വിഷൻ 2030നും അനുസൃതമായി അന്താരാഷ്ട്ര നിലവാരത്തിലാണ് പാർക്കുകൾ നിർമിച്ചത്. ഫിറ്റ്നസ് ഏരിയ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, റണ്ണിങ് ട്രാക്കുകൾ, മറ്റ് കായിക സൗകര്യങ്ങൾ, വിശ്രമ മുറികൾ എന്നിവയെല്ലാം പാർക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
അൽ മഷ്മൂം പാർക്കിന് 4,394 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്. ഇതിൽ 2,396 ചതുരശ്ര മീറ്റർ ഹരിതയിടങ്ങളാണ്. 927 ചതുരശ്ര മീറ്റർ നടപ്പാതകളും 204 മീറ്റർ നീളമുള്ള റണ്ണിങ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി വിശാലമായ കളിസ്ഥലവുമുണ്ട്. 3,284 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ഖുസാമ പാർക്കിൽ 1,300 ചതുരശ്ര മീറ്റർ ഹരിതമേഖലയാണ്. കൂടാതെ, നടപ്പാതകളും റണ്ണിങ് ട്രാക്കും ഒരുക്കുയിട്ടുണ്ട്. അൽ അറാക് പാർക്കിന് 3,936 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. ഇതിൽ രണ്ടായിരത്തിലേറെ ചതുരശ്ര മീറ്റർ ഹരിതമേഖലയാണ്.
ഉദ്ഘാടന ചടങ്ങിൽ സെൻട്രൽ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് ബിൻ അലി അൽ അഥ്ബ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ സർവിസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല അഹമ്മദ് അൽ കറാനി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, അഷ്ഗാൽ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കും സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പാർക്കുകൾ തുറന്നുനൽകിയതെന്ന് എൻജി. അബ്ദുല്ല അഹമ്മദ് അൽ കറാനി പറഞ്ഞു. താമസക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിട്ടുള്ള പാർക്കുകൾ കായിക -വിനോദ വിശ്രമ വേളകൾക്ക് അനുയോജ്യമായ ഹരിതയിടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക വിനോദ പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഇത് താമസക്കാരെ പ്രോത്സാഹിപ്പിക്കും. അതുവഴി ജീവിത നിലവാരം ഉയർത്തുകയും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. വീടുകൾക്ക് സമീപമായി ഒരുക്കിയ പാർക്കുകൾ താമസക്കാർക്ക് അത്യാവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്ന 'നെയ്ബർഹുഡ് പാർക്കുകൾ' ആയാണ് സജ്ജമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

