ഖത്തർ വാഹനാപകടം: മരിച്ചത് മലപ്പുറം, ആലപ്പുഴ സ്വദേശികൾ
text_fieldsഅപകടത്തിൽ മരിച്ച റസാഖ്, എം.കെ. ഷമീം, സജിത്ത്
ദോഹ: ഖത്തറിൽ പെരുന്നാൾ അവധി ആഘോഷത്തിനായി മരുഭൂമിയിലേക്ക് യാത്രപോയവർ അപകടത്തിൽപെട്ട സംഭവത്തിൽ മരിച്ചത് മലപ്പുറം ആലപ്പുഴ സ്വദേശികൾ.പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37),മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ ഷമീം (35) എന്നിവരാണ് മരിച്ചത്. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരൺജിത് ശേഖരനും പരിക്കുകളോടെ ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിൻ്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്. വില്ലയിൽ അടുത്തടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവർ. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തിൽ പെട്ടത്.
ഇവർ സംഞ്ചരിച്ച ലാൻഡ്ക്രൂസ് മരുഭൂമിയിലെ ഓട്ടത്തിനിടയിൽ കല്ലിലിടിച്ച് നിയന്ത്രണം വിട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മൂന്നു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് സൂചന. പരിക്കേറ്റവരെ ഉടൻ എയർ ആംബുലൻസിൽ വക്റയിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡ്രൈവർ ശരൺജിതിന് സാരമായി പരിക്കേറ്റു. കണ്ണൂർ ഇരട്ടി ഉളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. വാഹനത്തിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക് സാരമുള്ളതല്ല.
വക്റയിലെ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പൊലീസ് നടപടി ക്രമങ്ങൾക്ക് വിധേയമാക്കും. തൃശൂർ അകത്തിയൂർ അക്കികാവ് അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദലിയാണ് റസാഖിന്‍റെ പിതാവ്. മാതാവ് ജമീല. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ജീവനക്കാരനാണ്.