നൂലിൽ വിരിഞ്ഞ അമീർ ചിത്രം
text_fieldsത്രെഡ് ആർട്ടിലൂടെ പൂർത്തിയാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ചിത്രത്തിനൊപ്പം വിപിൻ ജനി
ദോഹ: ഒരു മീറ്റർ വലുപ്പമുള്ള ബോർഡിൽ അടിച്ചുകയറ്റിയ 300ഓളം ആണികളെ ബന്ധിപ്പിച്ച് 5000 മീറ്റർ നീളത്തിൽ നൂലുകൾകൊണ്ടൊരു തലയെടുപ്പുള്ള ചിത്രം. ഖത്തർ പ്രവാസിയായ കോഴിക്കോട് പുതുപ്പാടി മാലോറം സ്വദേശി വിപിൻ ജനി എന്ന ചിത്രകാരനാണ് ഈ നാടിന്റെ നായകൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ചിത്രം ത്രെഡ് ആർട്ടിൽ നെയ്തെടുത്ത് അതിശയം തീർത്തത്. കഴിഞ്ഞയാഴ്ച നടന്ന സംസ്കൃതി ഖത്തർ ആർട്ട് എക്സിബിഷനിൽ സന്ദർശകരുടെ ഹൃദയം കവർന്നതും വിപിന്റെ ഈ ചിത്രമായിരുന്നു.
കലാമികവിനൊപ്പം ഏറെ ക്ഷമയും കൃത്യമായ കണക്കുകൂട്ടലുകളും അനിവാര്യമായ ത്രെഡ് ആർട്ട് വെറും 24 മണിക്കൂറിലായിരുന്നു വിപിൻ പൂർത്തിയാക്കിയത്. ചതുരാകൃതിയിലെ കാൻവാസിനു ചുറ്റുമായി സ്ഥാപിച്ച ആണികളെ ബന്ധിപ്പിച്ച്, നൂൽ നെയ്തുകൊണ്ടായിരുന്നു ചിത്രം പൂർത്തിയാക്കിയത്. തൂവെള്ള നിറത്തിലെ നീളൻകുപ്പായവും ബിഷ്തും തലപ്പാവുമണിഞ്ഞ് അമീറിന്റെ മനോഹര ചിത്രം. വെള്ള കാൻവാസിന് മുകളിലൂടെ കലാകാരന്റെ കണക്കുകൂട്ടൽപോലെ കറുപ്പ് നിറത്തിലെ നൂല് കടന്നുപോയപ്പോൾ ത്രെഡ് ആർട്ട് പൂർണമായി.
മുത്തിൽ തീർത്ത മെസ്സി ചിത്രം
രണ്ടര വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ വിപിൻ യു.ഡി.സി കമ്പനിയിൽ ഫെസിലിറ്റി മെയിൻറനൻസ് വിഭാഗത്തിൽ ജീവനക്കാരനാണ്. ജോലിയുടെ തിരക്കിനിടയിൽ ലഭിക്കുന്ന ഒഴിവു സമയത്തെ മനോഹരമായ കലാവിസ്മയമാക്കിമാറ്റി വിപിൻ നേരത്തെയും ശ്രദ്ധ നേടിയിരുന്നു.
2022 ഖത്തർ ലോകകപ്പ് നടക്കുമ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ മുത്തുകളിൽ കോർത്തെടുത്ത് തീർത്ത ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. 36 വർഷത്തെ ഇടവേളക്കുശേഷം ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനുള്ള പിന്തുണയുമായാണ് ലോകകപ്പ് ഫൈനലിന് മുമ്പായി വിപിൻ 20,000ത്തിൽ ഏറെ മുത്തുകളിൽ മെസ്സിയെ കോർത്തെടുത്തത്.
കഴിഞ്ഞ മൂന്നുവർഷമായി നൂലിൽ വിവിധ പോർട്രെയ്റ്റുകൾ ചെയ്യുന്നതിന്റെ തുടർച്ചയായാണ് പ്രിയപ്പെട്ട ഭരണാധികാരിയുടെ ചിത്രം ചെയ്തതെന്ന് വിപിൻ പറഞ്ഞു. പരമ്പരാഗത ചിത്രരചന ശൈലിയുടെ അതിരുകളെല്ലാം വിട്ട്, പൊടിമണലിലും കരിയിലും നൂലിലും മുത്തിലുമെല്ലാം അവിശ്വസനീയമായി ചിത്രങ്ങൾ പൂർത്തിയാക്കിയാണ് ഈ പ്രവാസി കലാകാരൻ കൈയടി നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

