പ്രവാസത്തിൽ സന്തോഷപ്പെരുന്നാൾ
text_fieldsദോഹ: ത്യാഗസ്മരണകളുമായി പ്രവാസത്തിൽ ഇന്ന് പെരുന്നാൾ പുലരി. പുത്തനുടുപ്പുകൾ ധരിച്ചും തക്ബീർ ധ്വനികളുയർത്തിയും വിശ്വാസികൾ അതിരാവിലെ പെരുന്നാൾ നമസ്കാരങ്ങൾക്കായി പള്ളികളിലെത്തും. നാട്ടിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും പെരുന്നാളിനെ വ്യാഴാഴ്ച വരവേൽക്കുമ്പോൾ, പ്രവാസത്തിൽ ഒരു ദിവസം മുമ്പേ പെരുന്നാളെത്തി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് പെരുന്നാൾ നമസ്കാര സമയം. പള്ളികളും ഈദ്ഗാഹുകളിലുമായി 733 ഇടങ്ങളിലാണ് നമസ്കാര സൗകര്യം ഒരുക്കിയത്.
വിവിധയിടങ്ങളിൽ ഈദ് നമസ്കാര ഖുതുബയുടെ മലയാള പരിപഭാഷാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേനൽ കടുത്തതിനു പിന്നാലെയാണ് ബലിപെരുന്നാളുമെത്തുന്നത്. ചൂടിന്റെ കാഠിന്യം ശക്തമാകും മുമ്പു തന്നെ നമസ്കാരങ്ങൾ പൂർത്തിയാക്കി റൂമുകളിലും വീടുകളിലും വിശ്വാസികൾക്ക് തിരികെയെത്താം.
പെരുന്നാൾ പ്രമാണിച്ച് പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ചൊവ്വാഴ്ച തന്നെ അവധി ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും അവധി ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുങ്ങുന്നത്. കതാറ കൾച്ചറൽ വില്ലേജ്, ഓൾഡ് ദോഹ പോർട്ട്, ജിവാൻ ഐലൻഡ്, 974 ബീച്ച്, ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി), പേൾ ഖത്തർ, സെൻട്രോ ഖത്തർ എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാർന്ന വിനോദ പരിപാടികൾ നടക്കും.
രാജ്യവ്യാപകമായി നടക്കുന്ന ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ വേദികളിൽ ലൈവ് പെർഫോമൻസ്, സർക്കസ് ഷോകൾ, മ്യൂസിക്, സ്റ്റേജ് ഷോ എന്നിവയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വദേശികളും പ്രവാസികളും ആവേശത്തോടെ കാത്തിരിക്കുന്ന വെടിക്കെട്ടിന് കതാറ ഇത്തവണ വേദിയാകും.
കതാറയില സാംസ്കാരിക പരിപാടികൾ, പരമ്പരാഗത കലാ പ്രദർശനങ്ങൾ എന്നിവക്കു പുറമെ, കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെയും സഹകരണത്തോടെ തൊഴിലാളികൾക്കായി വിവിധയിടങ്ങളിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

