തൊറാങ് ലാ പാസ് ട്രക്കിങ്; സ്വപ്നയാത്രയുടെ ഓർമകൾ
text_fieldsതൊറാങ് ലാ പാസിൽനിന്ന് ദേശീയ പതാക ഉയർത്തിയപ്പോൾ
നമുക്കൊരു ട്രക്കിങ്ങിന് പോയാലോ -റസ്റ്റാറന്റിൽ ചായ ചർച്ചക്കിടെ സുഹൃത്ത് പാലക്കാട്ടുകാരനായ ശരീഫിനോട് വെറുതേ ഒന്ന് ചോദിക്കുകയേ വേണ്ടിവന്നുള്ളൂ. ഞാൻ റെഡി... ഉത്തരം ഉടനെ കിട്ടി. അല്ലെങ്കിലും ലോകത്തിന്റെ ഏത് കോണിലേക്കും വരുന്നോ എന്ന് ചോദിച്ചാൽ നോ പറയാറിയില്ല അവൻ. എവിടേക്ക് പോകണം എന്നതായിരുന്നു അടുത്ത ചർച്ച. അതും പെട്ടെന്ന് തീരുമാനമായി -ഹിമാലയൻ മലനിരകൾ...
ഇന്ത്യയിലെയും നേപ്പാളിലെയും പല ടൂറിസ്റ്റ് ഏജൻസികളുമായി സംസാരിച്ചെങ്കിലും പാക്കേജിന് പ്രതീക്ഷിച്ചതിലും ഉയർന്ന തുക പറഞ്ഞതിനാൽ ഏജൻസി വേണ്ടെന്ന് തീരുമാനിച്ചു. ഒരു വിഡിയോയിൽ കണ്ട നേപ്പാളി ഗൈഡ് അംഗ് ദവാ ഷേർപായെ ഫോണിൽ ബന്ധപ്പെട്ട് ധാരണയിലെത്തി. അദ്ദേഹവുമായുള്ള സംസാരത്തിനിടെ യാത്ര പ്ലാൻ പലതവണ മാറ്റി. ആദ്യം എവറസ്റ്റ് ബേസ് ക്യാമ്പ് ആയിരുന്നു പ്ലാൻ ചെയ്തതെങ്കിലും പിന്നീട് അന്നപൂർണ ബേസ് ക്യാമ്പ് മതിയെന്ന് തീരുമാനിച്ചു. പിന്നീട് യാദൃച്ഛികമായി തിലിച്ചോ തടാകത്തിന്റെ മനോഹരമായ വിഡിയോ കണ്ടപ്പോൾ എല്ലാ തീരുമാനങ്ങളും മാറ്റിവെച്ച് അതങ്ങ് ഉറപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകങ്ങളിൽ ഒന്നാണിത്. തിലിച്ചോ തടാകം കാണണമെങ്കിൽ അന്നപൂർണ സെർക്യൂട്ട് ട്രക്ക് ചെയ്യണം. നേപ്പാളിലെ മനാങ് ജില്ലയിൽ 17,769 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പിന്നീടുള്ള ദിവസങ്ങളിൽ യാത്രക്കായുള്ള തയാറെടുപ്പുകളായിരുന്നു. ദിവസവും മൂന്നു മുതൽ അഞ്ചു വരെ കി.മീ മുംതസ പാർക്കിൽ ഓടിയും വ്യായാമം ചെയ്തും ലിഫ്റ്റുകൾ ഒഴിവാക്കി കോണിപ്പടികൾ കയറിയിറങ്ങിയും ശരീരഭാരം 84 ൽനിന്ന് 77ൽ എത്തിച്ചു. ഭക്ഷണ രീതികളിലും മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിനിടയിൽ കോഴിക്കോട് സ്വദേശി റോഷനും ഞങ്ങളുടെ കൂടെക്കൂടി. ഒരു മാസത്തോളം നീണ്ട കഠിന പ്രയത്നത്തിലൂടെ യാത്രക്കായുള്ള ഒരുക്കങ്ങൾ നടത്തി.
അങ്ങനെ യാത്ര ആരംഭിക്കുകയാണ്. സെപ്റ്റംബർ 14ന് ബംഗളൂരുവിലേക്കും അവിടെനിന്ന് നേപ്പാളിലെ കണ്ഠമണ്ഡുവിലേക്കുമായിരുന്നു യാത്ര. ചെറിയൊരു ചാറ്റൽ മഴയോടുകൂടിയാണ് നേപ്പാൾ ഞങ്ങളെ സ്വീകരിച്ചത്. പുറത്ത് ഗൈഡ് അംഗ് ദവാ ഷേർപാ കാത്തുനിൽപുണ്ടായിരുന്നു. ജെൻസി പ്രക്ഷോഭം ഒന്നടങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ചെറിയൊരു പേടിയുമുണ്ടായിരുന്നു. പോകുന്ന വഴികളിൽ കത്തിനശിച്ച വാഹനങ്ങളും പ്രക്ഷോഭകർ തകർത്ത ആഡംബര ഹോട്ടലും കാണാനിടയായി. പൊതുഗതാഗത സർവിസുകൾ ആ സമയത്ത് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.
കണ്ഠമണ്ഡുവിൽനിന്ന് സ്വകാര്യ ജീപ്പിൽ 230 കി.മീ സഞ്ചരിച്ചാണ് ചമെയിൽ എത്തിയത്. തകർന്ന് കുണ്ടുംകുഴിയുമായ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. അടുത്ത ദിവസം തൊറാങ് ലാ പാസ് ലക്ഷ്യം വെച്ചുള്ള ഒമ്പത് ദിവസത്തെ യാത്രാ പരിപാടികൾ ആരംഭിക്കുകയായിരുന്നു. ചമെ താഴ്വരയിലൂടെ ഞങ്ങളുടെ ആദ്യ ദിവസത്തെ യാത്ര ആരംഭിച്ചു. ആപ്പിൾ തോട്ടങ്ങളുടെയും നിശ്ശബ്ദമായി ഒഴുകുന്ന അരുവികളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഭംഗി ആസ്വദിച്ച് 14 കി.മീ ദൂരമാണ് വലിയ ബാഗും ചുമന്ന് മൂവരും നടന്നത്. 15 കിലോ ഭാരമുള്ള ബാഗും ചുമന്ന് കുത്തനെയുള്ള മലകയറ്റം എളുപ്പമല്ലെന്ന് ആദ്യ ദിവസംതന്നെ ബോധ്യമായി. അഞ്ചു മണിക്കൂർകൊണ്ട് എത്തേണ്ട അപ്പർ പിസാങ്ങിൽ എട്ട് മണിക്കൂർ സമയമെടുത്താണ് നടന്നെത്തിയത്. രാത്രിയിലെ താമസം അവിടെ ട്രീ ഹൗസുകളിലായിരുന്നു.
അടുത്തദിവസം 17 കി.മീ അകലെയുള്ള മനാങ് ലക്ഷ്യമിട്ടായിരുന്നു നടത്തം. രാവിലെത്തന്നെ ദുർഘടമായ പാതയിലൂടെ ചാറ്റൽ മഴയും കൊണ്ട് നടന്നുതുടങ്ങി. കാലുകൾ തളർന്നെങ്കിലും, ചുറ്റിലും കാണുന്ന പ്രകൃതിരമണീയ കാഴ്ചകൾ ഊർജമായി. ഇടതൂർന്ന കാടുകൾ, മഞ്ഞുമൂടിയ അന്തരീക്ഷം, പാറക്കെട്ടുകൾ, ശാന്തമായി ഒഴുകുന്ന അരുവികൾ, തൂക്കുപാലങ്ങൾ, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവ കുളിർമയേകുന്ന കാഴ്ചകളായിരുന്നു. മൂന്നാം ദിവസം കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടി മനാങ്ങിൽതന്നെ തങ്ങി.
അവിടെയുള്ള 900 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് ആശ്രമവും സന്ദർശിച്ചു. വഴിയിൽ ഉരുളക്കിഴങ്ങ് വിളവെടുക്കുന്ന തിബത്തൻ സ്ത്രീകളെ കണ്ടു. അവരോട് കുശലം പറഞ്ഞ് വിളവെടുപ്പിൽ പങ്കുചേർന്നു. സ്നേഹത്തോടെ അവർ തന്ന അവക്കാഡോയും പൂരി പോലെയുള്ള ഖൊർബയും ഭക്ഷിച്ച് യാത്ര തുടർന്നു.
നാലാം ദിവസം ശ്രീ ഖർക്കയിലേക്കായിരുന്നു നടത്തം. ഓരോ ദിവസം കഴിയുംതോറും ആഗോഗ്യസ്ഥിതി ദുർബലമായി വന്നു. സുന്ദരമായ ഹിമാലയൻ താഴ്വരയിലെ കാഴ്ചകൾ കണ്ട് ഓരോ ചുവടും മുന്നോട്ടുവെച്ചു. യാത്രക്കിടെ പോളണ്ടിൽനിന്നെത്തിയ പിതാവിനെയും മകനെയും പരിചയപ്പെട്ടു. ഇരുവരുടേയും നല്ലൊരു ഫോട്ടോ എടുത്തു നൽകിയാണ് പരിചിതരായത്. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച കഥകൾ അവർ പങ്കുവെച്ചു. അവരുടെ സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങൾ ഞങ്ങളുടെ നടത്തത്തിന്റെ വേഗം കൂട്ടി. പിന്നീട് തൊറാങ് ലാ പാസ് സമ്മിറ്റ് വരെ പല ദിവസങ്ങളിലും അവരെ കണ്ടുമുട്ടിയിരുന്നു. കഥ പറഞ്ഞും കാഴ്ചകൾ കണ്ടും 10 കിലോമീറ്റർ പിന്നിട്ടാണ് ശ്രീ ഖർക്കയിലെത്തിയത്.
അടുത്ത ദിവസം ദുർഘടമായ പാതയിലൂടെ നടന്നെത്തേണ്ടിയിരുന്നത് സമുദ്രനിരപ്പിൽനിന്ന് 4150 മീറ്റർ ഉയരത്തിലുള്ള തിലിച്ചോ ബേസ് ക്യാമ്പിലേക്കാണ്. ഇടതുഭാഗത്ത് ഭീതിപ്പെടുത്തുന്ന അഗാധമായ ഗർത്തം, മറുഭാഗത്ത് ഏതു നിമിഷവും വീഴാൻ കാത്തുനിൽക്കുന്ന ഉരുളൻ പാറകളും. പേടിച്ചായിരുന്നു മുന്നോട്ടുള്ള നടത്തം. രണ്ടു വർഷം മുമ്പ് ഇവിടെ സ്വദേശി പാറ വീണ് മരണപ്പെട്ടിരുന്നതായി അംഗ് ദവാ ഷേർപാ പറഞ്ഞു. പേടിച്ചെങ്കിലും പിറ്റേന്ന് കാണേണ്ട തിലിച്ചോ തടാകത്തിന്റെ ഭംഗിയോർത്ത് നടത്തത്തിന് വേഗം കൂട്ടി. അന്ന് രാത്രി തിലിച്ചോ ക്യാമ്പിൽ അന്തിയുറങ്ങി.
ആറാമത്തെ ദിവസം പുലർച്ച നാലിനുതന്നെ തിലിച്ചോ തടാകത്തിലേക്കുള്ള യാത്ര തുടങ്ങുകയായി. ഇരുട്ടായതിനാൽ ഹെഡ് ടോർച്ചും കത്തിച്ചായിരുന്നു നടന്നുതുടങ്ങിയത്. അന്തരീക്ഷ താപനില മൈനസ് പോയന്റിലായിരുന്നു. തണുപ്പിന് കൂട്ടായി ശക്തമായ കാറ്റും. മൂന്ന് ലെയർ വസ്ത്രവും അതിനു മുകളിൽ ജാക്കറ്റും തല മുഴുവൻ മറയ്ക്കുന്ന തൊപ്പിയും ധരിച്ച് തണുപ്പിൽനിന്ന് രക്ഷനേടി. യാത്രക്കായി വാങ്ങിയ ഹാൻഡ് ഗ്ലൗവിന് മൈനസ് തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. തിലിച്ചോ തടാകത്തിലേക്കുള്ള യാത്രയിലാണ് സൂര്യോദയം കണ്ടത്. ഉദയ സൂര്യന്റെ പൊൻകിരണങ്ങൾ മഞ്ഞുമലയിൽ തട്ടി വെട്ടിത്തിളങ്ങുന്നു. മഞ്ഞുമല സ്വർണനിറമാകുന്നത് കാണേണ്ട കാഴ്ചയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദം. ഉയർന്നുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ കാണുമ്പോൾതന്നെ യാത്രയുടെ ക്ഷീണം മാറി.
അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ വേഗത്തിൽ നടന്നാൽ പെട്ടെന്ന് കിതക്കും. കൊടുംതണുപ്പിൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും ക്ഷീണവും അനുഭവപ്പെട്ടതിനാൽ ചെറിയ സ്റ്റെപ്പുകൾ വെച്ച് പതുക്കെയായിരുന്നു പിന്നീടുള്ള നടത്തം. പകുതി ദൂരം കഴിഞ്ഞ് നോക്കിയപ്പോൾ കൂടെയുണ്ടായിരുന്നു ശരീഫിനെയും റോഷനെയും കാണാനില്ല, അവർ പിറകെ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു നടന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ അവർ രണ്ടുപേരും കുതിരപ്പുറത്തേറി വരുന്നു. ‘‘നടന്ന് തളർന്നിട്ടില്ല, കുതിര സവാരി എക്സ്പീരിയൻസ് ചെയ്യാലോ’’ എന്നായിരുന്നു അവരുടെ വിശദീകരണം. ഞാൻ സമ്മതിച്ചുകൊടുത്തു.
അങ്ങനെ നാലര മണിക്കൂർ കുത്തനെയുള്ള മല കയറിയാണ് രാവിലെ 8.30ഓടെ വളരെയേറെ കാണാൻ കൊതിച്ചിരുന്ന തിലിച്ചോ തടാകത്തിലെത്തിയത്. നീലയും പച്ചയും കലർന്ന നിശ്ചലമായ തടാകം. അതിനു ചുറ്റും സുരക്ഷിത സംരക്ഷണമൊരുക്കി, കാവലായി മഞ്ഞുപുതച്ച ഹിമാലയൻ മലനിരകൾ. കുറച്ചുനേരം നിന്നപ്പോൾ ഹിമപാതവും കാണാനായി. പൊതുവെ ഹിമാലയത്തിൽ സംഭവിക്കുന്ന ഹിമപാതം ചിലപ്പോൾ വലിയ നാശനഷ്ടങ്ങളും വരുത്തിവെക്കാറുണ്ട്. അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് കുറവായതിനാൽ അധികനേരം അവിടെ ചെലവഴിക്കാനാകുമായിരുന്നില്ല. കുറച്ചുനേരത്തിനു ശേഷം ഞങ്ങൾ മടങ്ങി. തിലിച്ചോ തടാകം കണ്ട് തിരിച്ചിറങ്ങുമ്പോഴാണ് മല കയറ്റം എത്ര ദുഷ്കരമായിരുന്നുവെന്ന് മനസ്സിലായത്. തിരിച്ച് ശ്രീഖർക്കയിലേക്കുതന്നെ നടത്തം ആരംഭിച്ചു. 14 കി.മീ ആണ് ആ ദിവസം നടന്നെത്തേണ്ടിയിരുന്നത്. രാത്രി താമസം അവിടെയായിരുന്നു.
ഏഴാമത്തെ ദിവസം യാക്ക് ഖർക്കായിരുന്നു ലക്ഷ്യസ്ഥാനം. സമുദ്രനിരപ്പിൽനിന്ന് 4350 മീറ്റർ ഉയരത്തിലുള്ള യാക്ക് ഖർക്കിലെത്താൻ 13 കി.മീറ്റർ ചുറ്റിത്തിരിയണം. ഈ യാത്രയിലാണ് യാക്കുകളെ കാണാൻ സാധിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് ഞങ്ങളെത്തിയത്. നല്ല ക്ഷീണമുള്ളതിനാൽ നേരത്തേ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. അടുത്തദിവസത്തെ യാത്ര അപകടകരമായിരിക്കുമെന്ന് ഗൈഡ് അംഗ് ദവാ ഷേർപാ പറഞ്ഞിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 4850 മീറ്റർ ഉയരത്തിലുള്ള തൊറാങ് ലാ ഹൈ ക്യാമ്പിലേക്ക് ചാറ്റൽ മഴയുംകൊണ്ട് എട്ടാമത്തെ ദിവസത്തെ നടത്തം ആരംഭിച്ചു. ഒമ്പത് കി.മീ അപകടകരമായ യാത്ര. ഉയരം കൂടുംതോറും തണുപ്പ് വർധിച്ചു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവും കുറഞ്ഞുവന്നു. രാത്രി തൊറാങ് ലാ ഹൈ ക്യാമ്പിലാണ് തങ്ങിയത്. ഒമ്പതാം ദിവസം രാവിലെ മൂന്നുമണിക്കുതന്നെ എഴുന്നേറ്റിരുന്നു. നാലു മണിക്കാണ് ഇന്നത്തെ ദിവസം നടത്തം അരംഭിക്കുന്നതെന്ന് അംഗ് ദവാ ഷേർപാ പറഞ്ഞിരുന്നു. തണുപ്പും ഓക്സിജൻ ശരിയായി ലഭിക്കാത്തതിനാലും നല്ലപോലെ ഉറങ്ങാനൊന്നും സാധിച്ചിരുന്നില്ല. മോശം കാലാവസ്ഥയായിരുന്നു പുലർച്ചെ. മൈനസ് നാലു ഡിഗ്രി തണുപ്പും, ശക്തമായ കാറ്റും. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറവുമായിരുന്നു. ഇരുട്ടിലൂടെയായിരുന്നു യാത്ര തുടങ്ങിയത്. കുത്തനെയുള്ള മലകയറ്റം പതുക്കെയാണെങ്കിലും നല്ല കിതപ്പുണ്ടായിരുന്നു. അഞ്ച് മണിക്കൂറോളം നടന്ന് ഞങ്ങൾ രാവിലെ ഒമ്പതോടെയാണ് 17,769 അടി ഉയരത്തിലുള്ള അവസാന ലക്ഷ്യസ്ഥാനമായ തൊറാങ് ലാ പാസിൽ എത്തിയത്.
ദൈവത്തിന് സ്തുതി. ഞങ്ങൾക്കാർക്കും വലിയ പ്രയാസങ്ങളില്ലാതെ ട്രക്കിങ് പൂർത്തിയാക്കാൻ സാധിച്ചു. അവിടെനിന്ന് ഇന്ത്യയുടെയും ഖത്തറിന്റെയും ഫ്ലാഗ് ഉയർത്തി. കുറച്ചധികം ഫോട്ടോയുമെടുത്തു. ശക്തമായ കാറ്റും തണുപ്പും ഉള്ളതിനാൽ അധികനേരം അവിടെ ചെലവഴിക്കാൻ പറ്റിയില്ല. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ട്രക്കിങ് സാഹസികതയിലേക്കുള്ള കവാടമാണ് തൊറാങ് ലാ പാസ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാസുകളിലൊന്ന്. ശാരീരികവും മാനസികവുമായ ധൈര്യം തൊറാങ് ലാ പാസ് കടക്കാൻ ആവശ്യമാണ്.
തൊറാങ് ലാ പാസിൽനിന്ന് തിബത്ത് വരെ നീളുന്ന മനോഹരമായ ഹിമാലയം മലനിരകൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു. അന്നപൂർണ ഹിമാലയത്തിനെ അവസാനമായി നോക്കി ഞങ്ങൾ മടങ്ങി.
ദൈവാനുഗ്രഹമുണ്ടെങ്കിൽ അടുത്തതവണ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കിളിമഞ്ചോരോ കയറണമെന്ന ആഗ്രഹം പങ്കുവെച്ച് ഞങ്ങളുടെ മടക്കയാത്ര ആരംഭിക്കുകയായി. സാഹസികത നിറഞ്ഞ ട്രെക്കിങ്ങിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായാൽ, ഈ യാത്ര വർഷങ്ങളോളം ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു അനുഭവമായിരിക്കും. പ്രകൃതിയും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് തൊറാങ് ലാ പാസ് ഉൾപ്പെടുന്ന അന്നപൂർണ സർക്യൂട്ട് ട്രക്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

