ചൂടിലും ഓടാൻ ഈ സ്കൂട്ടർ തന്നെ
text_fieldsഇ-സ്കൂട്ടർ യാത്രക്കാർ (ഫയൽ ചിത്രം)
ദോഹ: രാവും പകലും ചൂടാണെങ്കിലും ഇപ്പോൾ ദോഹയിലെ നഗരത്തിരക്കിനിടയിൽ പതിവായൊരു കാഴ്ചയാണ് ഇ-സ്കൂട്ടറുകളിൽ ശരവേഗത്തിൽ പായുന്നവർ. തിരക്കേറിയ പ്രധാന റോഡുകളുടെ വശങ്ങളിലായുള്ള പാതകളിൽ ഓഫിസുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കുമെല്ലാം പായുന്ന ഇ-സ്കൂട്ടർ യാത്രികരുടെ എണ്ണവും കാര്യമായി വർധിക്കുന്നു.
പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗമെന്ന നിലയിൽ ഹ്രസ്വദൂര യാത്രക്ക് ഇ-സ്കൂട്ടർ ഉപയോഗം താമസക്കാർക്കിടയിൽ ജനകീയമാകുന്നു. ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ വേഗമേറിയതും പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ താമസക്കാർക്കിടയിൽ ജനപ്രിയമായ ഇ-സ്കൂട്ടറുകൾക്ക് ഇതിനകം തന്നെ വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്.
ജോലിക്ക് പോകുമ്പോൾ ഇലക്ട്രോണിക് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടും സൗകര്യപ്രദമാണെന്നും യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന കാറ്റ് കാരണം ചൂടേറിയ താപനില താങ്ങാൻ സാധിക്കുമെന്നും ഗതാഗതക്കുരുക്കിൽനിന്ന് വേഗത്തിൽ രക്ഷപ്പെടാമെന്നും ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർ പറയുന്നു.
2020ൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയപ്പോഴാണ് താമസക്കാർക്കിടയിൽ ഇ-സ്കൂട്ടറുകളുടെ ജനപ്രീതി വർധിച്ചത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവക്ക്, ഉപയോഗിക്കാൻ എളുപ്പവും പരിസ്ഥിതി സൗഹൃദവും വേഗത്തിലെത്താൻ കഴിയുന്നുവെന്നതുമാണ് ഉപയോക്താക്കൾക്കിടയിൽ പ്രിയമേറാൻ കാരണമാകുന്നത്.
സൈക്കിളുമായി താരതമ്യം ചെയ്യുമ്പോൾ മടക്കാൻ സാധിക്കുന്നു, സൈക്കിളിനേക്കാൾ ഭാരം കുറവ് എന്നതും ഇതിനെ തിരഞ്ഞെടുക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സീറ്റുകളുള്ള വാഹനങ്ങൾ മുതൽ വ്യത്യസ്ത ഇനങ്ങളിൽ ദോഹയിലെ നിരവധി ഔട്ട്ലറ്റുകളിൽ വിവിധ ബ്രാൻഡുകളിൽ ഇ-സ്കൂട്ടറുകൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.
ജോലിക്ക് പോകുന്ന രാവിലെയുള്ള സമയങ്ങളിലും തിരിച്ച് വൈകുന്നേരങ്ങളിലെ മടക്കസമയത്തും അന്തരീക്ഷ താപനിലയിലുണ്ടാകുന്ന കുറവാണ് യാത്രക്ക് ഇ-സ്കൂട്ടർ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഉപയോക്താവായ ശ്രീലങ്കൻ പ്രവാസി പറയുന്നു.
അതേസമയം, അപകടങ്ങൾ കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇ-സ്കൂട്ടർ യാത്രക്കാർ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങളും റോഡ് നിയമങ്ങളും പാലിക്കണമെന്നും ഹെൽമറ്റ് പോലെയുള്ള സുരക്ഷ ഉപകരണങ്ങൾ ധരിക്കണമെന്നും ഉപദേശിക്കുന്നു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും ഇ-സ്കൂട്ടർ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് രക്ഷിതാക്കളോട് ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹമദ് ഇഞ്ചുറി പ്രിവെൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി) ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ ഉപയോക്താക്കൾ ഇ-സ്കൂട്ടറുകൾ റോഡിലിറക്കുന്നതിനു മുമ്പായി മിനുസമുള്ളതോ നിരപ്പായതോ ആയ സ്ഥലങ്ങളിൽ ഇവ ഉപയോഗിച്ച് പരിശീലിക്കണമെന്നും ഉപയോഗിക്കുന്നതിനു മുമ്പ് ഇ-സ്കൂട്ടറിന്റെ സവിശേഷതകളും പ്രവർത്തനവും നന്നായി പരിശോധിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. റൈഡുകളിൽ ഹെൽമറ്റ്, കണ്ണടകൾ, ഷൂസ്, കൈമുട്ട്, കാൽമുട്ട് പാഡുകൾ, കൈയുറകൾ എന്നിവ ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നുണ്ട്.
പകലും രാത്രിയും പരിഗണിക്കാതെ അവയുടെ ലൈറ്റുകൾ ഓണാക്കിയിരിക്കണമെന്നും റിഫ്ളക്ടിവ് അല്ലെങ്കിൽ ഹൈ വിസിബിലിറ്റി വസ്ത്രം ധരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ദൃശ്യപരത കുറവുള്ള സമയങ്ങളിലും സ്ഥലങ്ങളിലും പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കൂടുതൽ അപകടങ്ങളിലേക്ക് ഇത് നയിക്കുമെന്നും ഉപയോഗിക്കുന്നവർ ഒരിക്കലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
ദോഹയിലെ ഫിലിപ്പിനോ പ്രവാസികൾക്കിടയിലാണ് ഏറ്റവും കൂടുതൽ ഇ- സ്കൂട്ടർ ഉപയോഗമെന്ന് ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റിലെ സെയിൽസ്മാനായ ശംസുദ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലയാളികളും ആവശ്യക്കാരായി ഉണ്ടെങ്കിലും നിത്യജീവിതത്തിൽ ഉപയോഗിക്കാൻ ആശ്രയിക്കുന്നത് ഫിലിപ്പിനോ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. എം.ഐ പോലെയുള്ള ബ്രാൻഡഡ് സ്കൂട്ടറുകൾ 1000 റിയാൽ മുതൽ നിരക്കിൽ ലഭ്യമാണ്. ഇതിനു പുറമെ, 500 റിയാൽ മുതൽ മുകളിലേക്കുള്ള ഇ- സ്കൂട്ടറുകളും 2000 റിയാൽ വിലയുള്ള നയൻബോട്ട് കിക് സ്കൂട്ടർ ബ്രാൻഡുകളുമായി പല നിരക്കിൽ വിപണിയിൽ ലഭ്യമാണ്.
ഇ-സ്കൂട്ടർ റൈഡർമാരുടെ ശ്രദ്ധക്ക്
- 12 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും ഉപയോഗിക്കാൻ അനുവദിക്കരുത്.
- പുതിയ ഉപയോക്താക്കൾ റോഡിലിറക്കുന്നതിനുമുമ്പ് കൃത്യമായ പരിശീലനം നേടിയിരിക്കണം.
- ഉപയോഗിക്കുന്നതിനു മുമ്പ് സ്കൂട്ടറിന്റെ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തണം.
- എല്ലാ റൈഡുകളിലും ഹെൽമറ്റ് നിർബന്ധമായും ധരിച്ചിരിക്കണം.
- രാത്രിയായാലും പകലായാലും സ്കൂട്ടറുകളിലെ ലൈറ്റ് ഉപയോഗിക്കണം. റിഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരിക്കണം.
- രാത്രികളിൽ കാഴ്ചാപരിധി കുറഞ്ഞ സമയങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- റൈഡർമാർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
- എല്ലാ സമയവും രണ്ടു കൈകളും ഹാൻഡിലിൽ ഉപയോഗിക്കുക. സെൽഫി എടുക്കാനോ മെസേജ് ടൈപ് ചെയ്യാനോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

