കിലോക്ക് 595 റിയാൽ ഇവൻ മാമ്പഴ രാജൻ; ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം
text_fieldsലുലു ഹൈപ്പർമാർക്കറ്റിലെ മാമ്പഴ മേളയിൽ പ്രദർശിപ്പിച്ച മിയാസാകി മാങ്ങ
ദോഹ: ഒരു കിലോ മാങ്ങയുടെ വില 595 റിയാൽ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇന്നത്തെ വിനിമയനിരക്ക് പ്രകാരം 13,770 രൂപയോളം വരും. ഒരു മാമ്പഴത്തിന് ഇത്ര വിലയോ എന്ന് അതിശയിക്കാൻ വരട്ടെ. അന്താരാഷ്ട്ര വിപണിയിൽ 2.50 ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം വരെയുണ്ട് മിയാസാകി എന്ന, മാമ്പഴങ്ങൾക്കിടയിലെ പൊൻതാരത്തിന്റെ വില. അപ്പോൾ, 595 റിയാൽ കുറഞ്ഞ വിലതന്നെ.
കഴിഞ്ഞ ദിവസം ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മാമ്പഴ മേളയിലാണ് വിലയിലും കാഴ്ചയിലും താരമായി ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാങ്ങ വിലസുന്നത്.
ഇന്ത്യയിൽനിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗറാഫ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിയാസാക്കി വിൽപനക്കായുണ്ട്.
1940കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്തന്നെയാണ് ഇത് കാര്യമായി ഉൽപാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉൽപാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിന് അസാധാരണമായ രുചിയും ആകർഷകമായ നിറവുമുണ്ട്. കുറഞ്ഞ പഞ്ചസാരയുടെ അളവ്, പ്രതിരോധ ശേഷി, ദഹനം എന്നിവ കൂട്ടാനുള്ള കഴിവ് കൂടുതലായുണ്ട് എന്നതാണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകത. മാമ്പഴ മേള മേയ് അഞ്ചിന് അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.