ദുരിതപ്പെയ്ത്തിെൻറ നടുങ്ങുന്ന ഓർമകളിൽ അവർ ഒത്തുചേർന്നു
text_fieldsതെക്കൻ കേരളത്തിലെ പ്രളയ ദുരിതബാധിതർ കൾചറൽ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ സംഗമിച്ചപ്പോൾ
ദോഹ: പെരുമഴയിൽ ഉരുൾ പൊട്ടി പ്രളയമായി പെയ്തിറങ്ങി മണിമലയാർ കുത്തിയൊലിച്ചപ്പോൾ കോട്ടയം മുണ്ടക്കയത്തെ ഇരുനില കോൺക്രീറ്റ് വീട് ഒലിച്ചുപോകുന്ന വിഡിയോ ദൃശ്യം കേരളത്തിെൻറ മഴക്കെടുതികളുടെ ആഘാതത്തിെൻറ നേർസാക്ഷ്യമായിരുന്നു. ആ വീടിനോട് ചേർന്നാണ് ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന റെജിയുടെയും വീട്. കൊച്ചു പുരയിടത്തിലെ വീട് അടുത്തിടെയാണ് റെജി പുതുക്കിപ്പണിതത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമായിരുന്നു വീട്ടിൽ. ഉരുൾപൊട്ടിയ വാർത്ത കേട്ട് വീട്ടുകാർ സുരക്ഷിതമായി മാറി നിന്നു. മിനിറ്റുകൾക്കുള്ളിലായിരുന്നു മണിമലയാർ കരകവിഞ്ഞൊഴുകിയത്. ജീവിതസമ്പാദ്യമെല്ലാം മിനിറ്റുകൾകൊണ്ട് ഇല്ലാതായി. വീട്ടുപകരണങ്ങളും മക്കളുടെ പുസ്തകമെല്ലാം വെള്ളമെടുത്തു. വീടിെൻറ അടിത്തറയിളകി, ഏതു നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയായി. നാട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന റെജി കഴിഞ്ഞ പത്തുവർഷമായി ഖത്തറിലുണ്ട്. ആ സമ്പാദ്യമെല്ലാമാണ് പ്രളയമെടുത്തത്. ഇപ്പോൾ ഉറക്കവും സമാധാനവുമില്ലെന്ന് റെജി.
പ്രളയം ദുരിതംവിതച്ച ഇടുക്കി പെരുവന്താനം പഞ്ചായത്തിലാണ് മിനിയുടെ വീട്. കുടുംബത്തിെൻറ വരുമാന മാർഗമായ നാല് ഏക്കർ കൃഷിയിടമാണ് ഉരുൾപൊട്ടിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്. മാതാപിതാക്കൾ ഭാഗ്യത്തിെൻറ നൂലിഴയിൽ രക്ഷപ്പെട്ടു. കൾചറൽ ഫോറം കോട്ടയം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സംഗമത്തിലായിരുന്നു തെക്കൻ കേരളത്തിൽ ദുരിതംവിതച്ച പ്രളയത്തിെൻറയും ഉരുൾപൊട്ടലിെൻറയും ഇരകളായ പ്രവാസികൾ ഒന്നിച്ചത്. ജീവിതവും വരുമാനവും പാർപ്പിടങ്ങളും തകർത്ത പ്രകൃതിക്ഷോഭത്തിെൻറ ദുരിതകഥകൾ അവർ ഓരോരുത്തരായി വിവരിച്ചു. അവരുടെ ദുരിതങ്ങൾക്ക് കാതോർത്തും സഹായിക്കാനുള്ള വഴികളാരാഞ്ഞും നല്ല മനസ്സുമായി ഒരു കൂട്ടും പ്രവാസികളും ഒന്നിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നും ഇരകളായ 20ഓളം പേരാണ് കൾചറൽ ഫോറം സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തത്.
ഇരകളായ പ്രദേശവാസികൾക്ക് മാനസിക പിന്തുണ നൽകുക, മഴക്കെടുതിയിൽ അകപ്പെട്ടവർക്കാവശ്യമായ അടിയന്തര സഹായം എത്തിക്കുക, പ്രവാസികളുടെ നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടുവാനുള്ള നടപടി ക്രമത്തിൽ നോർകയുടെ ഇടപെടൽ ഉണ്ടാവുക, അർഹരായവരുടെ പുനരധിവാസ പ്രക്രിയയിൽ ഐ.സി.ബി.എഫ് പോലുള്ള എംബസി അപ്പക്സ് ബോഡികൾ സാധ്യമായ പിന്തുണ തേടുക, നാട്ടിൽ സർക്കാറിെൻറ നഷ്ടപരിഹാര പാക്കേജിൽ ദുരിതബാധിതരായ പ്രവാസികളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു. ദുരിതബാധിത പ്രദേശത്തെ പുനരധിവാസം, കുട്ടികളുടെ പഠനോപകരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനം അടിയന്തര സ്വഭാവത്തിൽ നിർവഹിക്കാനുള്ള ആലോചനയും നടന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങൾ തടയാൻ ശാസ്ത്രീയമായ പഠനങ്ങൾ കാര്യക്ഷമായി നടക്കണമെന്നും നാട്ടിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ നാടിെൻറ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിവിധ സന്നദ്ധസംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയിൽ ടീം വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങൾ കൾചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി വിശദീകരിച്ചു. തുടർനടപടിക്ക് പ്രദേശവാസികളുടെ സംയുക്ത കമ്മിറ്റിക്കു രൂപം നൽകി. കമ്മിറ്റിയുടെ ജനറൽ കൺവീനറായി കൾചറൽ ഫോറം സംസ്ഥാന സമിതി അംഗം ഹാൻസ് ജേക്കബിനെയും കൺവീനറായി കൾചറൽ ഫോറം കോട്ടയം ജില്ല ജനറൽ സെക്രട്ടറി അഹ്മദ് ഷായെയും തിരഞ്ഞെടുത്തു. വിവിധ പ്രളയ ബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി റെജി ആർ (മുണ്ടക്കയം), എൻജി. ഷംസുദ്ദീൻ (കുട്ടിക്കൽ), ഷഫീഖ് (കൊക്കയാർ), മിനി, റെജി (പെരുവന്താനം), ആഷിഖ് (കാഞ്ഞിരപ്പിള്ളി), അസ്‌ലം (ഈരാറ്റുപേട്ട) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ കൾചറൽ ഫോറം വൈസ്പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൾചറൽ ഫോറം സെക്രേട്ടറിയറ്റ് അംഗം റഷീദ് അഹമ്മദ്, റെജി ആർ, സൈഫുദ്ദീൻ, എൻജി. ശംസുദ്ദീൻ, എസ്.എ മിനി, ഷഫീഖ്, അഹമ്മദ് ഷാ, നജീം തുടങ്ങിയവർ സംസാരിച്ചു. കൾചറൽ ഫോറം സംസ്ഥാന സെക്രട്ടറി റഷീദലി സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

