ഇവിടെയുണ്ടൊരു കൃഷിലോകം
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന
അഗ്രിടെക് കാർഷിക എക്സിബിഷനിൽ നിന്ന്
ദോഹ: ഉപ്പ് തൊട്ട് കർപ്പൂരം എന്നതുപോലെ ഇവിടെ എല്ലാമുണ്ട്. മണ്ണിലിറങ്ങി പണിയെടുക്കാൻ ആഗ്രഹിക്കുന്നവനും, മണ്ണ് തൊടാതെ വിത്തിറക്കാൻ ഇഷ്ടപ്പെടുന്നവനുമെല്ലാം ഈ മേൽക്കൂരക്ക് കീഴിൽ പരിഹാരമുണ്ട്. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വിഭാഗം നേതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 10ാമത് ‘അഗ്രിടെക്’കാർഷിക എക്സിബിഷനിൽ ഒന്നു റോന്തുചുറ്റിയാൽ എല്ലാം അറിയാം.
പൂന്തോട്ട നിർമാണം, പച്ചക്കറി കൃഷി, വിവിധ ധാന്യങ്ങളുടെ ഉൽപാദനം, വിളവെടുപ്പ്, സംസ്കരണം, വിപണി മുതൽ കൃഷി സംബന്ധമായ അറിവിന്റെ മഹാസമുദ്രമായി മാറിയ ‘അഗ്രിടെക്’2023ന് ഞായറാഴ്ച കൊടിയിറങ്ങും. മാർച്ച് 15ന് ആരംഭിച്ച പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളും ഏജൻസികളും ഉൽപാദകരുമെല്ലാം പങ്കാളികളായുണ്ട്.
കാർഷിക ഉൽപന്നങ്ങൾക്കും, കൃഷിക്ക് ആവശ്യമായ ചെറു ഉപകരണങ്ങൾ മുതൽ യന്ത്രവൽകൃത സാമഗ്രികൾ, വൈവിധ്യ തരം തേനുകള്‍, പച്ചക്കറി-പഴ വര്‍ഗങ്ങള്‍, കരകൗശല ഉല്പന്നങ്ങള്, സൗന്ദര്യവര്‍ധക സാമഗ്രികള്‍, അരി-പാസ്ത-ഭക്ഷ്യ എണ്ണ തുടങ്ങി പലവ്യജ്ഞനങ്ങള് വരെ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക്കില്‍ നിന്ന് വാങ്ങാനും പരിചയപ്പെടാനും അവസരമുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, ലൈവ് സ്റ്റോക്ക്, ഫിഷറീസ് മേഖലകളിലെ ഉല്പന്നങ്ങളും സേവനങ്ങളുമാണുള്ളത്.
ഇന്ത്യ ഉള്‍പ്പെടെ 55 രാജ്യങ്ങളാണ് തങ്ങളുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 675 പ്രദര്ശകരാണുള്ളത്. നഗരസഭ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി, ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ഖത്തര്‍ മ്യൂസിയം തുടങ്ങി സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും പവിലിയനുകളും സജീവം. പ്രദര്‍ശനത്തിന്റെ ഭാഗമായി കാര്‍ഷിക വിഷയങ്ങളിലുള്ള സെമിനാറുകള്‍, സമ്മേളനങ്ങള്‍, ചര്‍ച്ച സദസ്സുകള്‍ എന്നിവയും നടക്കുന്നുണ്ട്. പവലിയനുകളോട് ചേര്‍ന്നുള്ള തത്സമയ കുക്കിങ് തിയറ്ററും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം, രാജ്യാന്തര കമ്പനി പ്രതിനിധികളുമായും, കർഷകരുമായും കൂടിക്കാഴ്ചകൾക്കും സന്ദർശകർക്ക് അവസരം നൽകുന്നു. വിവിധ രാജ്യങ്ങളിലെ കർഷകർക്ക് രാജ്യാന്തര തലത്തിലേക്ക് വിപണി സാധ്യതയും പ്രദർശനം തുറന്നു നൽകുന്നതായി ഒമാനിൽ നിന്നുള്ള പവലിയൻ ഉടമ ‘ഗൾഫ് മാധ്യമത്തോട്’പ്രതികരിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിപണി കണ്ടെത്താനുള്ള അവസരമാണ് തങ്ങൾ കാർഷിക-പരിസ്ഥിതി പ്രദർശനത്തെ ഉപയോഗപ്പെടുത്തുന്നതെന്ന് അവർ വിശദീകരിച്ചു. പ്രധാന രാജ്യാന്തര പ്രദർശനമെന്ന നിലയിലാണ് മേളയിൽ പങ്കാളികളാവുന്നതെന്ന് സൗദിയിൽ നിന്നുള്ള പച്ചക്കറി ഉൽപാദന കമ്പനിയുടെ പ്രതിനിധി അബ്ദുല്ല അബ്ദുൽ അസീസ് പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ എംബസികളുടെയും ചേംബർ ഓഫ് കോമേഴ്സ് ഉൾപ്പെടെ ഫോറങ്ങളുടെയും നേതൃത്വത്തിലാണ് വിവിധ പവലിയനുകൾ സജ്ജമാക്കിയത്. അർജന്റീന, എൽസാൽവദോർ, ഇന്തോനേഷ്യ, ഇന്ത്യ, തൻസാനിയ, സിറിയ, നേപ്പാൾ, ലബനാൻ, ജോർജിയ, യുക്രെയ്ൻ, റുവാൻഡ, തുർക്കി, പോളണ്ട്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കർഷകരും കമ്പനികളും സജീവമായുണ്ട്.
സജീവമായി ഇന്ത്യൻ കമ്പനികൾ
ദോഹ: ഇന്ത്യൻ എംബസി, അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പവലിയനുകൾ സജ്ജീകരിച്ചത്.
ആറോളം സ്റ്റാളുകളിൽ അമുൽ ക്ഷീരോൽപന്നങ്ങൾ, വിവിധ ചായ ഉൽപന്നങ്ങൾ, ഹൈഡ്രോപോണിക് കൃഷിരീതികൾ എന്നിവ പരിചയപ്പെടുത്തുന്നതാണ് ഇന്ത്യൻ സ്റ്റാളുകൾ.
അഗ്രിടെക് കാർഷിക-പരിസ്ഥിതി പ്രദർശന വേദിയിലെ ദോഹ എക്സ്പോ പവലിയൻ
അഗ്രിടെക് പ്രദർശന വേദിയിലെ തത്സമയ കുക്കിങ്