ആരവംകാത്ത് വിശ്വമേളയുടെ കളിമുറ്റങ്ങൾ
text_fieldsജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം
ദോഹ: ലയണൽ മെസ്സി കപ്പുമായി മടങ്ങിയ മണ്ണിലേക്ക് വീണ്ടുമൊരു കാൽപന്ത് ആവേശമെത്തുന്നതിന്റെ ആഘോഷത്തിലാണ് കളിയാരാധകർ. ലോകകപ്പ് ഫുട്ബാളിന് ഡിസംബർ 18ന് കൊടിയിറങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ വേദി പ്രഖ്യാപനവുമുണ്ടാവുന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ചൈന പിൻവാങ്ങിയതോടെ ലോകകപ്പിന്റെ സംഘാടന പരിചയമാണ് ഖത്തറിന് ഉടൻതന്നെ വേദി അനുവദിക്കാൻ കാരണമായത്. ഏറ്റവും പുതിയ സ്റ്റേഡിയങ്ങളും പൊതുഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ടീമുകളും ട്രെയിനിങ്-താമസ സൗകര്യങ്ങളുമെല്ലാം പുതിയതായത് മറ്റൊരു വലിയ മേളക്ക് വേദിയൊരുക്കുന്നതിൽ എളുപ്പമായി.
ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ മാറ്റുരക്കുന്ന വൻകര ഫുട്ബാൾ മേളയുടെ 18ാമത് പതിപ്പിനാണ് ഖത്തർ വേദിയാവുന്നത്. 32 രാജ്യങ്ങളും സൂപ്പർതാരങ്ങളും 14 ലക്ഷം കാണികളും എത്തിയ ലോകകപ്പിനെ ഏറ്റവും മികച്ച സംഘാടനത്തിലൂടെ ചരിത്രസംഭവമാക്കി മാറ്റിയത് ഏഷ്യൻ കപ്പ് വേദി തെരഞ്ഞെടുപ്പിൽ ഖത്തറിന് അനുകൂലമായി. ചൂടും അമിതമായ തണുപ്പുമില്ലാത്ത മേഖലയിലെ മികച്ച കാലാവസ്ഥയിൽ തന്നെയാവും ഏഷ്യൻ കപ്പും നടക്കുന്നത്.
അൽ ജനൂബ് സ്റ്റേഡിയം, അൽ ബെയ്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം
ജനുവരി 12 വെള്ളിയാഴ്ചയാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം. ഫെബ്രുവരി 10 ശനിയാഴ്ചയാവും ഫൈനൽ പോരാട്ടം. അവധി ദിനങ്ങളിലാണ് മത്സരങ്ങളെന്നത് കാണികളുടെ സാന്നിധ്യവും വർധിപ്പിക്കും. ഏഷ്യൻ ഫുട്ബാൾ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഏറ്റവും മികച്ച ടൂർണമെന്റിനാണ് പ്രാദേശിക സംഘാടകരും ഖത്തർ ഫുട്ബാൾ അസോസിയേഷനും തയാറെടുക്കുന്നതെന്ന് വേദികൾ പ്രഖ്യാപിച്ചുകൊണ്ട് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽഖലീഫ പറഞ്ഞു. ലോകകപ്പിന്റെ ഏറ്റവും മികച്ച സംഘാടനത്തിലൂടെതന്നെ ഖത്തറും ക്യു.എഫ്.എയും തങ്ങളുടെ മിടുക്ക് തെളിയിച്ചതാണ്. ലോകകപ്പ് സംഘാടനവും അടിസ്ഥാന സൗകര്യങ്ങളും ആതിഥ്യവും ഏഷ്യ കപ്പിനുള്ള ടീമുകൾക്കും ആരാധകർക്കും കളിക്കാർക്കും ഒരിക്കൽകൂടി അനുഭവിച്ചറിയാം -അദ്ദേഹം പറഞ്ഞു.
2019ൽ ദുബൈ വേദിയായ 17ാമത് ഏഷ്യൻ കപ്പിൽ ഖത്തറായിരുന്നു കിരീടമണിഞ്ഞത്. കരുത്തരായ ജപ്പാനെ വീഴ്ത്തി വൻകര ജേതാക്കളായ ‘അന്നാബി’ സ്വന്തം മണ്ണിലായിരിക്കും ഇത്തവണ കിരീടം നിലനിർത്താൻ പോരാടുന്നത്. കഴിഞ്ഞ ടൂർണമെന്റ് 28 ദിവസമായിരുന്നുവെങ്കിൽ ഇത്തവണ 30 ദിവസമാണ് ടൂർണമെന്റ്.
അൽ തുമാമ സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
നറുക്കെടുപ്പ് മേയ് 11ന്
ഏഷ്യൻ കപ്പ് ഫുട്ബാളിലെ ടീമുകളുടെ പോരാട്ടചിത്രം മേയ് 11ന് വ്യക്തമാവും. ഇതിനകം യോഗ്യത നേടിയ 24 ടീമുകളെയും ഉൾപ്പെടുത്തി മേയ് 11ന് ദോഹയിലെ കതാറ ഒപേറ ഹൗസിലാണ് നറുക്കെടുപ്പ്. ഖത്തർ സമയം ഉച്ചക്ക് രണ്ടോടെയാണ് മുഴുവൻ ടീമുകളുടെയും പ്രതിനിധികളും മുൻതാരങ്ങളും അണിനിരക്കുന്ന ചടങ്ങ് നടക്കുന്നത്.
ഇതോടെ ഗ്രൂപ്പുകളുടെയും മത്സരങ്ങളുടെയും ചിത്രം വ്യക്തമാവും. നാല് ടീമുകൾ ഉൾപ്പെടുന്ന ആറ് ഗ്രൂപ്പുകളായാവും മത്സരം. റാങ്കിങ്ങിന്റെ കൂടി അടിസ്ഥാനത്തിൽ നാല് പോട്ടുകളാക്കിയാണ് നറുക്കെടുപ്പിൽ ടീമുകളെ വിന്യസിക്കുന്നത്. ആതിഥേയരായ ഖത്തർ ഗ്രൂപ് ‘എ’യിലായിരിക്കും. 102ാം റാങ്കിലുള്ള ഇന്ത്യ പോട്ട് നാലിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

