വിപണിയിൽ അനാവശ്യ മത്സരം വേണ്ട; ഓർമിപ്പിച്ച് വാണിജ്യമന്ത്രാലയം
text_fieldsദോഹ: വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടയിലും രാജ്യത്ത് മികച്ച വ്യാപാര, വാണിജ്യ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഇടപെടലുകളുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. വിപണി മത്സര നിയമത്തിലെ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഉൽപന്നങ്ങളുടെ പൂഴ്ത്തിവെപ്പ്, വിലയിൽ കൃത്രിമം കാണിക്കൽ, ഉൽപാദന വിതരണ വിപണന പ്രവർത്തനങ്ങൾ മനഃപൂർവം നിയന്ത്രിക്കുക, ഏതെങ്കിലും സ്ഥാപനം വിപണിയിൽ പ്രവേശിക്കുന്നതോ, പുറത്ത് പോവുന്നതോടെ നിയമവിരുദ്ധമായി തടയൽ എന്നിവ ഉൾപ്പെടെ വിപണിയുടെ ആരോഗ്യകരമായ സാഹചര്യത്തിന് വിരുദ്ധമായ ഇടപെടലുകൾ കർശനമായി നിരോധിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
വിപണിയിൽ കൃത്രിമ ലാഭം സൃഷ്ടിച്ചുകൊണ്ട് എതിരാളികൾക്ക് പ്രതികൂലമായി ബാധിക്കുന്ന ബിസിനസ് തന്ത്രങ്ങളും വിപണിയെ അനാരോഗ്യകരമാം വിധം വിഭജിക്കുക, വിപണിയെ സ്വാധീനിക്കുന്നതിനായി ടെൻഡറിലും ബിഡുകളിലും മത്സരാർഥികൾക്കിടയിൽ തെറ്റായ ഏകോപനം തുടങ്ങിയ നടപടികളും വിപണി സംരക്ഷണ നിയമ പ്രകാരം നിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വിപണിയിൽ ന്യായമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിപണി സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഇടപെടലുകളെ തടയുന്നതിന്റെയും ഭാഗമായാണ് അധികൃതർ ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിപണി മത്സര സംരക്ഷണം നിയമം, വിപണിയിലെ കുത്തക തടയൽ നിയമം എന്നിവ ലംഘിക്കുന്നവർക്കെതിരെ അധികൃതരിൽ പരാതിപ്പെടാനുള്ള വെബ്സൈറ്റിലേക്ക് പ്രവേശനം നൽകുന്നതിനായി ക്യു.ആർ കോഡും മന്ത്രാലയം സമൂഹമാധ്യമ പേജുകൾ വഴി പങ്കുവെച്ചു.
2006 ലെ (19)ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ വെബ്സൈറ്റ് വഴി പരാതി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

