കുഞ്ഞിന്റെ ചികിത്സയിൽ പിഴവ് പറ്റിയിട്ടില്ല -എച്ച്.എം.സി
text_fieldsദോഹ: അൽ സദ്ദിലെ അടിയന്തര യൂനിറ്റിൽ നവജാത ശിശുവിന്റെ ചികിത്സയിൽ പിഴവു സംഭവിച്ചെന്ന ആരോപണം നിഷേധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ജീവനക്കാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എച്ച്.എം.സി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഡിസംബർ 27നാണ് ആരോപണത്തിനാസ്പദമായ സംഭവം നടക്കുന്നത്. കടുത്ത പനി മൂലം അൽ സദ്ദ് എമർജൻസി യൂനിറ്റിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ഐ.വി ഡ്രിപ്പിട്ട രീതി തെറ്റിയെന്നും കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങൾക്ക് തകരാർ സംഭവിച്ചതായും ആരോപിച്ച് മാതാപിതാക്കൾ രംഗത്തു വന്നിരുന്നു.
കുഞ്ഞിന് ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും മുലയൂട്ടലിൽ സംഭവിച്ച അപാകതയാണ് ഇതിനു കാരണമെന്നും അധികൃതർ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി. ശ്വസന സഹായത്തിനായി ഐ.വി ഡ്രിപ്പിടുമ്പോൾ മുലപ്പാൽ പുറത്തേക്ക് വന്നിരുന്നു. അതോടൊപ്പം തലച്ചോറിലെ കോശങ്ങൾക്ക് തകരാർ സംഭവിച്ചത് ഒരു തരം വൈറസ് മൂലമാണെന്ന് വിശദ പരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കിയതായും ഹമദ് മെഡിക്കൽ കോർപറേഷൻ പറയുന്നു. കുഞ്ഞിന് ചികിത്സ നൽകിയതിൽ നഴ്സിന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നും കുട്ടിക്ക് ആ സമയത്ത് വേണ്ടിയിരുന്ന ചികിത്സ കൃത്യമായി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കുഞ്ഞ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്.എം.സി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.