നിർമാണത്തിന് അവധിയില്ല; പുതിയ പദ്ധതികളുമായി അശ്ഗാൽ
text_fieldsദോഹ: ലോകകപ്പ് മുന്നിൽ കണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം കെട്ടിപ്പടുത്ത് കൈയടി നേടിയ പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ പുതുവർഷം കൂടുതൽ വമ്പൻ പദ്ധതികളുമായി രംഗത്ത്. ഈ വർഷം 410 കോടി റിയാലിന്റെ 22 പദ്ധതികളാണ് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ പ്രഖ്യാപിച്ചത്.
ഹമദ് മെഡിക്കൽ കോർപറേഷൻ വികസനം, മദീന ഖലീഫ ഹെൽത്ത് സെന്റർ കെട്ടിടം, ഖത്തർ അക്കാദമി സിദ്റ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെറ്ററിനറി ലബോറട്ടറികളുടെ വികസനം എന്നിവയുൾപ്പെടെ 300 കോടി റിയാൽ മൂല്യമുള്ള 10 പദ്ധതികൾ ഇതിനകം നൽകിയതായി അശ്ഗാൽ പ്രോജക്ട്സ് അഫയേഴ്സ് വിഭാഗം മേധാവി എഞ്ചി. യൂസുഫ് അൽ ഇമാദി പറയുന്നു.
വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നിരവധി കെട്ടിടങ്ങളുടെ നിർമാണവും വികസനവും ഉൾപ്പെടുന്ന 110 കോടി റിയാൽ മൂല്യമുള്ള ആറ് പദ്ധതി ഉടൻ നൽകുമെന്നും എഞ്ചി. അൽ ഇമാദി കൂട്ടിച്ചേർത്തു.
ഈ വർഷം മൂന്നാം പാദത്തിൽ കൂടുതൽ പദ്ധതികൾക്ക് അശ്ഗാൽ ടെൻഡർ വിളിക്കുമെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൊതു കെട്ടിടനിർമാണ, വിപുലീകരണ പദ്ധതികളും പൂർത്തിയാക്കുന്നത് തുടരുമെന്ന് അൽ ഇമാദി അറിയിച്ചു.
കോടതി സമുച്ചയം, പരമോന്നത കോടതി, അൽ തുമാമ മെയിൻ പോസ്റ്റ് ഓഫിസ് കെട്ടിടം, റോഡ് ട്രാൻസ്പോർട്ട് കസ്റ്റംസ് കെട്ടിടം എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പ്രധാന പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ രൂപകൽപനക്ക് പുറമെ, മനോഹര വാസ്തുവിദ്യ ആശയം ലഭിക്കുന്നതിനായി അടുത്തിടെ കോടതി സമുച്ചയം, കോർട്ട് ഓഫ് അപ്പീൽ ആൻഡ് കാസേഷൻ എന്നിവയുടെ രൂപരേഖ തയാറാക്കുന്നതിനായുള്ള മത്സരവും അശ്ഗാൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ മറ്റൊരു പദ്ധതി കൂടി ആരംഭിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അൽ ഇമാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

