തിരക്കു കൂട്ടേണ്ട, ഹെൽത്ത് കാർഡെടുക്കാൻ വിവിധ സൗകര്യങ്ങൾ
text_fieldsറെഡ്ക്രസൻറിെൻറ മിസൈമീർ ഹെൽത്ത് സെൻറർ. ഇവിടെ മാത്രമേ തൊഴിലാളികൾക്കും ബാച്ചിലേഴ്സിനും പുതിയ ഹെൽത്ത് കാർഡെടുക്കാൻ സൗകര്യമുള്ളൂ. വെള്ളിയാഴ്ചകളിൽ മാത്രം രാവിലെ എട്ടുമുതൽ ടോക്കൺ നൽകും
ദോഹ: കോവിഡ് സാഹചര്യത്തിൽ വിവിധ ആരോഗ്യസേവനങ്ങൾക്കായി ഹെൽത്ത് കാർഡ് അത്യാവശ്യമാണ്. ഇതിനാൽതന്നെ മലയാളികളടക്കമുള്ളവർ ഹെൽത്ത് കാർഡ് ഉണ്ടാക്കാനായി പരക്കംപായുകയാണിപ്പോൾ. നിലവിൽ നാട്ടിലെത്താൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടം നിലവിൽ വന്നുകഴിഞ്ഞു. ഖത്തറിൽ സർക്കാർ മേഖലയിൽ കോവിഡ് ടെസ്റ്റ് നടത്താൻ ഹെൽത്ത് കാർഡ് അത്യാവശ്യവുമാണ്. കോവിഡ് വാക്സിൻ സ്വീകരിക്കാനും ഹെൽത്ത് കാർഡ് ആവശ്യമാണ്. ഇതിനാൽതന്നെ പുതിയ ഹെൽത്ത് കാർഡ് എടുക്കൽ, പുതുക്കൽ എന്നിവക്കായി വൻതിരക്കാണിപ്പോൾ. തിരക്കു കൂടിയതിനാൽ വരുംദിവസങ്ങളിൽ അധികൃതർ ഇതിനായി കൂടുതൽ സൗകര്യമൊരുക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
തൊഴിലാളികൾക്കും ബാച്ചിലേഴ്സിനും പുതിയ ഹെൽത്ത് കാർഡ് കിട്ടാൻ
തൊഴിലാളികൾക്കും ബാച്ചിലേഴ്സിനും പുതിയ ഹെൽത്ത് കാർഡ് ലഭിക്കാൻ നിലവിൽ അബൂഹമൂർ റിലീജിയസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററിൽ മാത്രമേ സൗകര്യമുള്ളൂ. വെള്ളിയാഴ്ച മാത്രമേ ഇനിമുതൽ ഇവിടെ ഇതിനുള്ള ടോക്കൺ അനുവദിക്കൂ. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ആദ്യം എത്തിയവർക്കാണ് ടോക്കൺ നൽകുക. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലേക്കായുള്ള ടോക്കണുകൾ ഒരുമിച്ച് വെള്ളിയാഴ്ച മാത്രം നൽകുകയാണ് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. അതായത് ഒരു ദിവസം 100 ടോക്കൺ എന്ന കണക്കിൽ 400 ടോക്കൺ വെള്ളിയാഴ്ച മാത്രം നൽകും. മറ്റു ദിവസങ്ങളിൽ ഈ ടോക്കൺ നൽകില്ലെന്നും അധികൃതർ അറിയിച്ചു. സാധുവായ ഖത്തർ ഐഡൻറിൻറി കാർഡ്, ഒരു ഫോട്ടോ, 100 റിയാൽ എന്നിവയുമായാണ് എത്തേണ്ടത്.
മുമ്പ് മറ്റു ദിവസങ്ങളിലും സമയത്തുമായിരുന്നു ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നത്. ഒരു ദിവസം 100 ടോക്കൺ മാത്രമേ നൽകൂ. ഇതിനാൽ ആയിരത്തോളം ആളുകളാണ് ഈ ആശുപത്രിയിൽ എത്തുന്നത്. ഇതിനാലാണ് താരതമ്യേന മറ്റു തിരക്കുകളില്ലാത്ത െവള്ളിയാഴ്ച മാത്രം ഹെൽത്ത് കാർഡിനുള്ള ടോക്കൺ അനുവദിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. പുതിയ കാർഡ് തയാറാകുന്ന കാര്യവും കൈപ്പറ്റേണ്ട വിവരവും ഇവിടെനിന്ന് അറിയിക്കും.
തൊഴിലാളികൾക്കായി മൻദൂബ് വരുന്നത് നല്ലത്
ഒരേ കമ്പനിയിലെ രണ്ടിൽ കൂടുതൽ ആൾ ഹെൽത്ത് കാർഡ് എടുക്കാനായി ഉണ്ടെങ്കിൽ മൻദൂബിനെ ഇക്കാര്യം ഏൽപിക്കുകയാണ് വേണ്ടത്. മൻദൂബ് കാർഡുമായി ജീവനക്കാരുടെ രേഖകൾ സഹിതം വന്നാൽ ഒന്നിച്ച് ഹമദിൽ പോയി ഹെൽത്ത് കാർഡ് എടുക്കാനുള്ള നമ്പർ കൊടുക്കുന്നതാണ്. ഒരേ കമ്പനിയിൽനിന്നുതന്നെ ഒരേ ആവശ്യത്തിനായി കൂടുതൽ തൊഴിലാളികൾ എത്തുേമ്പാഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് അധികൃതർ ഈ നിർദേശം നൽകിയിരിക്കുന്നത്.
തൊഴിലാളികൾക്കും ബാച്ചിലേഴ്സിനുമുള്ള കോവിഡ് പരിശോധന
നിലവിൽ രോഗലക്ഷണമില്ലാത്ത തൊഴിലാളികൾക്കും ബാച്ചിലേഴ്സിനും യാത്രാആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തണമെങ്കിൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. റെഡ്ക്രസൻറിെൻറ ഫരീജ് അബ്ദുൽ അസീസ് ആശുപത്രിയിലും ഹിമൈലിയ ആശുപത്രിയിലുമാണ് ഇതിനുള്ള സൗകര്യമുള്ളത്.
ബാച്ചിലേഴ്സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവർ, പുരുഷതൊഴിലാളികൾ എന്നിവർക്ക് തീർത്തും സൗജന്യമായി ഖത്തർ റെഡ്ക്രസൻറിെൻറ ഓൾഡ് ദോഹ പെട്രോൾ സ്റ്റേഷനടുത്തുള്ള ഫരീജ് അബ്ദുൽ അസീസ് ഹെൽത്ത് സെൻറർ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 38ലെ ഹിമൈലിയ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽനിന്ന് ടെസ്റ്റ് നടത്താം.വേണ്ട രേഖകൾ: ഹെൽത്ത് കാർഡ് (21) നിർബന്ധമാണ്. (ഹെൽത്ത് കാർഡിെൻറ പിറകുവശത്ത് ഹെൽത്ത് സെൻറർ 21 എന്ന് വേണം). ഫാമിലി ഹെൽത്ത് കാർഡില്ലാത്തവരുടേതിൽ ഈ നമ്പർ 21 ആയിരിക്കും.
ക്യു.ഐ.ഡിയുടെ രണ്ടു കോപ്പി കരുതണം. യാത്രാആവശ്യത്തിനാണെങ്കിൽ ടിക്കറ്റിെൻറ കോപ്പിയും കരുതണം. എല്ലാ ദിവസവും ഈ രണ്ട് ഹെൽത്ത്സെൻററുകളിലും കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ, നിലവിൽ വൻ തിരക്കാണ് ഇവിടങ്ങളിൽ. അതിനാൽ നേരത്തേതന്നെ എത്തുന്നതാണ് നല്ലത്. 72 മണിക്കൂറിനുള്ളിലെ കോവിഡ് ടെസ്റ്റാണ് വേണ്ടത് എന്നതിനാൽ അതിനനുസരിച്ച് സമയം ക്രമീകരിച്ചാണ് എത്തേണ്ടത്. ഈ ആശുപത്രികളിൽ കോവിഡ്പരിശോധനക്കുള്ള വിഭാഗത്തിൽ നേരത്തേ എത്തി ക്യൂ നിൽക്കുകയാണ് വേണ്ടത്.
എന്നാൽ, കോവിഡ് രോഗലക്ഷണമുള്ളവർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും ഈ രണ്ട് ആശുപത്രികളിൽ പരിശോധന നടത്താം. ഡോക്ടറെ കാണിച്ചതിനുശേഷമാണ് ഇവർക്ക് ഈ സൗകര്യം ലഭിക്കുക. ഇവർക്ക് പക്ഷേ സർട്ടിഫിക്കറ്റ് ലഭിക്കില്ല
ഹെൽത്ത് കാർഡില്ലെങ്കിൽ കോവിഡ് പരിശോധന?
ഹെൽത്ത് കാർഡില്ലാത്തവർക്ക് യാത്രാആവശ്യത്തിനായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവുമുണ്ട്. ഇൻഡസ്ട്രിൽ ഏരിയയിലെ ഹമദിെൻറ സാറ്റലൈറ്റ് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യം. ഇതിനായി 40265565 എന്ന നമ്പറിൽ രാവിലെ 7.45നും വൈകുന്നേരം മുന്നിനുമിടയിൽ വിളിക്കണം. യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധനയാണ് ഇവിടെ നടക്കുക. ഖത്തർ കൺവെൻഷൻ സെൻററിൽ ഉള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിൻറ്മെൻറ് കിട്ടിയോ അല്ലാതെയോ പോകുന്നവരിൽ ഹെൽത്ത് കാർഡില്ലാത്ത ആളുകൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇതിനുള്ള വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. അതായത് ഇൗ കേന്ദ്രത്തിൽ വാക്സിനായി പ്രവേശനം കിട്ടിയാൽ ഹെൽത്ത് കാർഡില്ലാത്തതിെൻറ പേരിൽ മാത്രം വാക്സിൻ കിട്ടാതിരിക്കില്ല.
കുടുംബമായി താമസിക്കുന്നവർക്ക്
സ്മാർട്ട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ പുറത്തിറക്കിയ ആപ്പായ 'നെർആക്കും'വഴിയും കാർഡ് എടുക്കുകയും പുതുക്കുകയും ചെയ്യാം.രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും. കുടുംബമായി താമസിക്കുന്നവർക്ക് ഹെൽത്ത് കാർഡില്ലെങ്കിൽ അവർക്ക് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഹെൽത്ത് കാർഡിനായി അപേക്ഷിക്കാം. കുടുംബാംഗങ്ങൾ കുടുംബനാഥെൻറ സ്പോൺസർഷിപ്പിലാവണം. ഇത്തരം നടപടിക്രമങ്ങൾ ശരിയായ രൂപത്തിൽ ആയാലേ ഫാമിലി ഹെൽത്ത് കാർഡുകൾ ലഭ്യമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.