ഇസ്രായേലിന്റെ കൂട്ടക്കൊലക്ക് ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ
text_fieldsദോഹ: ഗസ്സയിൽ നിരപരാധികളെ കൊന്നൊടുക്കി ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയിൽ തുറന്നടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതായും, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ടക്കൊലക്ക് മുന്നിൽ ഇനിയും പച്ചക്കൊടി നൽകരുതെന്നും ശൂറാ കൗൺസിൽ വാർഷിക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അമീർ മുന്നറിയിപ്പു നൽകി.
ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും ശമനമില്ലാതെ ഏകപക്ഷീയമായി തുടരുന്നതിനിടയിലാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അമീർ തുറന്നടിച്ചത്. ‘എല്ലാം അവസാനിപ്പിക്കാൻ സമയമായി. നിരപരാധികളായ സാധാരണക്കാർക്കെതിരെ ഇസ്രായേൽ തുടരുന്ന കൂട്ട നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം നിരുപാധിക പച്ചക്കൊടി നൽകുന്ന നയം അംഗീകരിക്കാനാവില്ല.
ശൂറാ കൗൺസിൽ വാർഷിക യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ഇസ്രായേലിന്റെ അധിനിവേശം ലോകം കണ്ടില്ലെന്നു നടിക്കരുത്. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരിൽ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ ഗസ്സയിൽ ഇസ്രായേൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരെ നടത്തുന്ന ക്രൂരമായ ബോംബിങ്ങിൽ നിശ്ശബ്ദത പാലിക്കാൻ കഴിയില്ല’ - കടുത്ത വാക്കുകളിൽ അമീർ വ്യക്തമാക്കി.
‘സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമുഖത്താണ് ഫലസ്തീൻ ജനത. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല, മാനുഷികവും മതപരവുമായ എല്ലാ നന്മകളും അതിർവരമ്പുകളും ഇസ്രായേൽ ലംഘിച്ചിരിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ ആയിരങ്ങൾ കൊല്ലപ്പെടുമ്പോൾ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണ്’ -അമീർ പറഞ്ഞു.
ആധുനിക കാലത്തും മരുന്നും വെള്ളവും ഭക്ഷണവും പോലും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിന് ആയുധമാക്കിയിരിക്കുകയാണ്. മേഖലയുടെ സുരക്ഷയും ആശങ്കയിലാണ്. യുദ്ധം ഇസ്രായേൽ ജനതക്കും ഫലസ്തീനും സമാധാനം നൽകില്ല. ഇരകളുടെ ദുരിതവും നീതിനിഷേധത്തിന്റെ വ്യാപ്തിയും വർധിപ്പിക്കുകയല്ലാതെ യുദ്ധം ഒന്നിനും ശാശ്വത പരിഹാരവും നൽകില്ല.
ശൂറാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ഏത് രാജ്യക്കാരായ സാധാരണക്കാർക്കെതിരെ, ആര് നടത്തുന്ന ആക്രമണങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. ഫലസ്തീൻ കുഞ്ഞുങ്ങളുടെ ജീവന് വിലകൽപിക്കാത്ത ഇരട്ടത്താപ്പ് നിലപാട് അംഗീകരിക്കാൻ കഴിയില്ല’ -അമീർ പറഞ്ഞു. 1967ലെ അതിർത്തി പ്രകാരം ഫലസ്തീൻ രാജ്യം സ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ സമാധാന ദൗത്യവുമായി ഖത്തർ രംഗത്തുണ്ട്. വിവിധ ലോകനേതാക്കളുമായി അമീറും ഖത്തർ പ്രധാനമന്ത്രിയും ഇതിനകം തന്നെ നിരവധി തവണ ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. അമേരിക്കൻ പൗരന്മാരായ രണ്ടു ബന്ദികളെ ഖത്തറിന്റെ ഇടപെടലിലൂടെ മോചിപ്പിച്ചിരുന്നു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
- ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ നമുക്ക് സങ്കൽപിക്കാൻ കഴിയുന്നതിനപ്പുറമുള്ള ദുരിതത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസ്സ മുനമ്പിൽ നിരപരാധികളായ സിവിലിയന്മാർക്കെതിരായ ക്രൂരമായ ബോംബാക്രമണങ്ങളിൽ മൗനം പാലിക്കാനോ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഇരകൾക്ക് നേരെ മുഖം തിരിച്ച് നടക്കാനോ നമുക്ക് സാധ്യമല്ല.
- നാം സമാധാനത്തിന്റെ വക്താക്കളാണ്. അന്താരാഷ്ട്ര നിയമങ്ങളും അറബ് കൂട്ടായ്മയുടെ പ്രമേയങ്ങളും പാലിക്കുന്നുണ്ടെന്നും നിങ്ങൾക്കറിയാം. നിരപരാധികളായ സാധാരണക്കാർക്ക് നേരെ, അവരുടെ ദേശീയതയോ മറ്റു ഘടകങ്ങളോ പരിഗണിക്കാതെതന്നെ ഏതെങ്കിലും വിഭാഗങ്ങൾ നടത്തുന്ന എല്ലാ അതിക്രമങ്ങൾക്കും ഞങ്ങൾ എതിരാണ്.
- അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ ഒരിക്കലും അംഗീകരിക്കുകയില്ല. ഫലസ്തീൻ കുട്ടികളുടെ ജീവന് ഒരു വിലയുമില്ല എന്നമട്ടിൽ അവർക്കുനേരെ നടക്കുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാൻ കഴിയുകയില്ല.
- എല്ലാം അവസാനിപ്പിക്കാൻ പറയുകയാണ്. ഇസ്രായേലിന് നിരുപാധികമായ പച്ചക്കൊടിയും ആരെയും കൊല്ലാനുള്ള സ്വാതന്ത്ര്യവും നൽകുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അധിനിവേശത്തിന്റെയും ഉപരോധത്തിന്റെയും കുടിയേറ്റത്തിന്റെയും യാഥാർഥ്യത്തെ അവഗണിക്കുന്നത് തുടരാൻ ഇനിയും സാധ്യമല്ല.
- നമ്മുടെ കാലത്ത് കുടിവെള്ളം ഇല്ലാതാക്കുന്നതും മരുന്നും ഭക്ഷണവും തടയുന്നതും ഒരു ജനതക്കെതിരായ ആയുധമാക്കാൻ ഇനിയും അനുവദിക്കരുത്.
- രക്തച്ചൊരിച്ചിൽ നിയന്ത്രിക്കാനും സൈനിക ഏറ്റുമുട്ടലുകളിൽനിന്ന് സാധാരണക്കാരെ ഒഴിവാക്കാനും സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനും എല്ലാ പരിധികളും ലംഘിച്ച ഈ യുദ്ധം അവസാനിപ്പിക്കണം.
- യുദ്ധത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചവരോടും വിയോജിക്കുന്നവരോടും ചോദിക്കാനുള്ളത്, ഈ യുദ്ധത്തിന് ശേഷം എന്ത് സംഭവിക്കുമെന്നാണ്. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സുരക്ഷിതത്വവും സമാധാനവും നൽകാൻ അതിനാകുമോ, പിന്നീട് ഫലസ്തീനികൾ എവിടേക്കായിരിക്കും നീങ്ങുക. അധിനിവേശം, ഉപരോധം, ഭൂമി കൈയേറ്റം, കുടിയേറ്റം എന്നിവയുടെ നീണ്ടുനിൽക്കുന്ന ദുരിതക്കയത്തിലും കഴിയുന്ന ഫലസ്തീൻ ജനത ഇവിടെയുണ്ട്.
- യുദ്ധങ്ങൾ ഒരു തരത്തിലുള്ള പരിഹാരവും മുന്നോട്ട് വെക്കുന്നില്ലെന്ന് അറിയുക. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ഇരകളുടെ എണ്ണം വർധിപ്പിക്കുകയും വെറുപ്പും മാത്രമായിരിക്കും യുദ്ധത്തിന്റെ ബാക്കിപത്രങ്ങൾ. ഭയാനകമായ അനുഭവങ്ങൾക്കും അവരുടെ സഹോദരന്മാരെയും സമപ്രായക്കാരെയും കൊലപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനങ്ങൾക്കിടയിലുമായിരിക്കും പുതിയ തലമുറ വളരുക.
- ശാശ്വത സമാധാനം കൈവരിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംഘടനകൾ അംഗീകരിച്ച എല്ലാ നിയമാനുസൃത അവകാശങ്ങളും ഉറപ്പാക്കുന്നതിന് കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിന്റെ സംസ്ഥാപനമാണ് പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

