മീഡിയവണിനൊപ്പമുണ്ട് പ്രവാസലോകം
text_fieldsമീഡിയവൺ വിലക്കിനെതിരെ പ്രവാസിസമൂഹത്തിന്‍റെ ഐക്യദാർഢ്യവുമായി മൈക്ക് ഐഡി ഉയർത്തി പ്രതിഷേധിക്കുന്നു
ദോഹ: നിഷേധിക്കപ്പെടുന്ന നീതിക്കുവേണ്ടിയും നഷ്ടപ്പെടുന്ന അവകാശങ്ങൾക്കും വേണ്ടിയും ശബ്ദിക്കുന്നവരുടെ വായ്മൂടിക്കെട്ടി, ആവിഷ്കാരസ്വാതന്ത്ര്യം തടയുന്ന ഭരണകൂടനയങ്ങൾക്കെതിരെ പ്രതിഷേധവുമായി പ്രവാസലോകം.
മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ 'ഫോറം ഫോർ മീഡിയ ഫ്രീഡം' ബാനറിൽ ഖത്തറിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ഭരണകൂടനയത്തിനെതിരെ ബഹുജന പ്രതിഷേധമിരമ്പി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഖത്തറിലെ മലയാളി കൂട്ടായ്മകളുടെ നേതാക്കളും വ്യാപാര പ്രമുഖരും 'മീഡിയവണിന്' ഐക്യദാർഢ്യവുമായി അണിനിരന്നപ്പോൾ, സൂം പ്ലാറ്റ്ഫോം വഴി ഖത്തറിലെയും മറ്റു പ്രവാസലോകത്തെയും നൂറുകണക്കിന് പേർ പിന്തുണ അർപ്പിച്ചു.
മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് എപ്പോഴും ഊർജം പകരുന്നത് മലയാള മാധ്യമങ്ങൾ ആണെന്ന ഭരണകൂടത്തിന്‍റെ ഭീതിയിൽനിന്നാണ് മാധ്യമങ്ങളുടെ വായ്മൂടികെട്ടുന്ന നടപടികളിലേക്ക് കേന്ദ്രസർക്കാർ തിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ സമരവും കർഷക സമരവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഭരണകൂട വിരുദ്ധ സമരങ്ങളും ജ്വലിപ്പിച്ചുനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചത് മലയാള മാധ്യമങ്ങളും ചെറിയൊരുകൂട്ടം ദേശീയ മാധ്യമങ്ങളുമാണെന്നത് വസ്തുതയാണ്. ആ വെല്ലുവിളികളെ തടയുക എന്ന തീരുമാനത്തിന്‍റെ ഭാഗമാണ് മീഡിയവൺ ചാനലിന്‍റെ ലൈസൻസ് പുതുക്കിനൽകേണ്ട എന്ന തീരുമാനത്തിലെത്താൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ മീഡിയവൺ നേരിടുന്ന വെല്ലുവിളി, ഭാവിയിൽ കേരളത്തിലെ മറ്റു മാധ്യമങ്ങൾക്കും കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന ദേശീയ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. ആ വെല്ലുവിളിക്കുമുന്നിൽ ഇപ്പോൾ മുട്ടുമടക്കിയാൽ പിന്നീടൊരിക്കലും നിവർന്നുനിൽക്കാൻ കഴിയില്ല എന്നുതിരിച്ചറിയേണ്ട ഘട്ടമാണിത് -രാജീവ് ശങ്കരൻ പറഞ്ഞു.
പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് മുകളിൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്നത് ഒരിക്കലും രാജ്യത്തിനെതിരല്ല. പൗരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള മാധ്യമ ഇടപെടലുകളാണത്.
ഭരണകൂടത്തിന്‍റെ തെറ്റായ നയനിലപാടുകളെയും വർഗീയ നിലപാടുകളെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അവകാശ നിഷേധങ്ങളെയും മീഡിയവൺ വിമർശിച്ചിട്ടുണ്ട്. അത്, ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനം എന്ന നിലയിലെ ദൗത്യമാണ് -അദ്ദേഹം പറഞ്ഞു.
രാജ്യവിരുദ്ധമായ ഒരു കാര്യവും സംപ്രേഷണം ചെയ്യാൻ മീഡിയവൺ ആഗ്രഹിക്കുന്നില്ല. അത്തരമൊരു നടപടിയും ഉണ്ടായിട്ടുമില്ല.
എന്നാൽ, ഭരണകൂടത്തിന്‍റെ തെറ്റായ കാര്യങ്ങളോ നീതിന്യായ വ്യവസ്ഥകളുടെ പിഴവുകളോ ചൂണ്ടിക്കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അത് ഇനിയും അങ്ങനെ തുടരുക തന്നെ ചെയ്യും. വിലക്കിയത് കൊണ്ടോ അത്തരമൊരു ഭീഷണി നിലനിൽക്കുന്നതുകൊണ്ടോ നിലപാടിൽ ഒരു മയവുമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ ആമുഖപ്രഭാഷണം നിർവഹിച്ചു. ദേശസുരക്ഷ ആരോപിച്ച് സുതാര്യമായി പ്രവർത്തിച്ച ഒരു മാധ്യമസ്ഥാപനത്തെ പൂട്ടിക്കെട്ടുമ്പോൾ മുഴുവൻ പേരെയും നിഴലിൽ നിർത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. മാധ്യമവിലക്ക് വെറുമൊരു സ്ഥാപനത്തിന്‍റെ വായ്മൂടിക്കെട്ടൽ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിലേക്കുള്ള ഭരണകൂടത്തിന്‍റെ ഇടപെടലായി കണക്കാക്കണം. മീഡിയവണിനെതിരായ നടപടിയിൽ, നിരുപാധിക പിന്തുണയാണ് ജനാധിപത്യസമൂഹം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സുരേഷ് കരിയാട്, കെ.കെ. ഉസ്മാൻ, അൻവർ സാദത്ത് (ഇൻകാസ് ഖത്തർ), അഡ്വ. നിസാർ കോച്ചേരി, മഷ്ഹൂദ് തിരുത്തിയാട് (പ്രവാസി കോഓഡിനേഷൻ കമ്മിറ്റി), പ്രദോഷ് (അടയാളം ഖത്തർ), ചന്ദ്രമോഹൻ (കൾചറൽ ഫോറം), ഖാസിം (സി.ഐ.സി ഖത്തർ), ഷാജി ഫ്രാൻസിസ് (വൺ ഇന്ത്യ), ആർ.ജെ. സൂരജ് എന്നിവർ സംസാരിച്ചു. സാദിഖ് ചെന്നാടൻ സ്വാഗതവും എ.പി. ഖലീൽ നന്ദിയും പറഞ്ഞു. മീഡിയവണിന് പിന്തുണയുമായി പ്ലക്കാഡ് ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.