ലോകകപ്പ് ഖത്തറിനെ നിക്ഷേപ സൗഹൃദമാക്കും
text_fieldsശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി
ദോഹ: വർഷാവസാനം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ഖത്തറിനെ കളിക്കമ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാക്കും.
മാത്രമല്ല, നിക്ഷേപ, വ്യാപാര മേഖലകളിലും രാജ്യത്തെ കൂടുതൽ ഉന്നതിയിലെത്തിക്കുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി. നിക്ഷേപങ്ങൾക്കും വ്യാപാരങ്ങൾക്കും ഏറെ ആകർഷകമായ നിയമനിർമാണവും നിയന്ത്രണങ്ങളും സ്ഥാപന പരിസരവുമാണ് രാജ്യം മുന്നോട്ടുവെക്കുന്നത്. അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും ഖത്തറിനുണ്ടെന്നും ശൈഖ് ഖലീഫ ആൽഥാനി കൂട്ടിച്ചേർത്തു.
ഖത്തർ വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിനുശേഷം ഖത്തറിെൻറ ദേശീയ സമ്പദ്‍വ്യവസ്ഥയിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് വൻ കുതിച്ചു ചാട്ടമായിരിക്കും. കായികരംഗത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല ഖത്തറിന്‍റെ വളർച്ച.
ലോകശ്രദ്ധ രാജ്യത്തേക്ക് തിരിയുന്നതിൽ ടൂർണമെൻറ് വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കും വ്യാപാരികൾക്കും ഖത്തറിനെയും സാമ്പത്തികവ്യവസ്ഥയെയും കുറിച്ച് സൂക്ഷ്മമായി പഠിക്കാനുള്ള അവസരമാണ് ലോകകപ്പ് നൽകുന്നത്. നിക്ഷേപാന്തരീക്ഷം അറിയുന്നതിനും ലഭ്യമായ അവസരങ്ങളെയും അറിയുന്നതിനും ലോകകപ്പ് സഹായിക്കും. അതുവഴി കൂടുതൽ നിക്ഷേപം ഖത്തറിലേക്ക് പ്രവഹിക്കും. ലോകരാജ്യങ്ങൾക്കിടയിൽ നിക്ഷേപ, വ്യാപാര മേഖലയിൽ സ്ഥാനംവർധിക്കാനിത് ഇടവരുത്തും.
ലോകകപ്പിനുശേഷം പ്രധാനമായും വിനോദസഞ്ചാരം, കാർഷികമേഖല, വ്യവസായം തുടങ്ങിയ പ്രധാന മേഖലകളിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വകാര്യ മേഖലയെ ലോകകപ്പ് ആരോഗ്യകരമായി സ്വാധീനിച്ചിട്ടുണ്ട്.
പ്രധാനമായും വാണിജ്യ, വിനോദസഞ്ചാര മേഖലകളാണ് വളർച്ച നേടുക. കായികമേഖലക്കുപുറമെ റസ്റ്റാറൻറുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയെല്ലാം വിനോദസഞ്ചാരികളെയും സന്ദർശകരെയും ഖത്തറിലേക്ക് ആകർഷിക്കും. ലോകകപ്പിന് ശേഷം വിനോദസഞ്ചാരമേഖലയിൽ ഖത്തർ അഭൂതപൂർവമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

