ലോകകപ്പ് രാജ്യങ്ങളിലും ജീവിതത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും -ഡേവിഡ് ബെക്കാം
text_fieldsകമ്യൂണിറ്റി ഫുട്ബാൾ ടീം അംഗങ്ങൾക്കൊപ്പം ഡേവിഡ് ബെക്കാം
ദോഹ: ലോകത്തെ ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ്പാണ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റെന്നും രാജ്യങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ ലോകകപ്പിനാകുമെന്നും ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം. ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ടൂർണമെൻറിലെ ലെഗസി പദ്ധതികളെ ബെക്കാം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഈയിടെ സംഘടിപ്പിച്ച ഖത്തർ കമ്യൂണിറ്റി വേൾഡ് കപ്പ് മത്സരങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബെക്കാം. 2016ൽ സുപ്രീം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഖത്തർ കമ്യൂണിറ്റി ഫുട്ബാൾ ലീഗാണ് ഖത്തർ കമ്യൂണിറ്റി വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.
ഖത്തർ ലോകകപ്പിന്റെ ലെഗസി പദ്ധതികൾ ലോകകപ്പിനു മുമ്പുതന്നെ നമുക്ക് കാണാൻ സാധിക്കുമെന്നും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി അക്കാര്യത്തിൽ പ്രശംസ അർഹിക്കുന്നുവെന്നും വ്യക്തമാക്കിയ ബെക്കാം, ലോകകപ്പിന്റെ ശേഷിപ്പ് എന്നത് പ്രധാനപ്പെട്ടതാണെന്നും പറഞ്ഞു.
ഖത്തർ കമ്യൂണിറ്റി ഫുട്ബാൾ ലീഗ് ഇംഗ്ലണ്ടിലെ സൺഡേ ലീഗിനെയാണ് അനുസ്മരിപ്പിച്ചത്. എന്റെ ഫുട്ബാൾ കരിയറിലെ മികച്ച സമയങ്ങളിലൊന്നായിരുന്നു സൺഡേ ലീഗ് -ബെക്കാം പറഞ്ഞു.
സൺഡേ ലീഗ് ജനങ്ങളെയും കമ്യൂണിറ്റികളെയും ഒരുമിപ്പിക്കുന്നുവെന്നും അവിടെ സൗഹൃദങ്ങൾ രൂപപ്പെടുകയായിരുന്നുവെന്നും ഖത്തർ കമ്യൂണിറ്റി ഫുട്ബാൾ ലീഗ് അതുപോലെയാണെന്നും ഒരുപാട് ഇഷ്ടപ്പെടുന്നതായും ഇംഗ്ലീഷ് ഇതിഹാസം വ്യക്തമാക്കി.
ആറ് വർഷമായി തുടരുന്ന ഖത്തർ കമ്യൂണിറ്റി ഫുട്ബാൾ ലീഗിൽ രജിസ്റ്റർ ചെയ്ത ടീമുകളുടെ എണ്ണം ഇപ്പോൾ 86 ആണ്. നാല് ഡിവിഷനുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ലീഗ് ചാമ്പ്യൻഷിപ്പുകളും നടത്തുന്നുണ്ട്. 2019 മുതൽ ലോകകപ്പ് വേദികളിലൊന്നായ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിന് സമീപത്തെ പരിശീലന ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നത്.
മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, എൽ.എ ഗാലക്സി, പി.എസ്.ജി എന്നിവർക്കായി ബൂട്ട് കെട്ടിയ ബെക്കാം നിലവിൽ മേജർ സോക്കർ ലീഗിലെ ഇൻറർ മിയാമി ക്ലബിന്റെ സഹ ഉടമസ്ഥൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

