ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തിയ ലോകകപ്പ്
text_fieldsവർഷങ്ങളായുള്ള കാത്തിരിപ്പ്, തിരക്കിട്ട നിർമ്മാണ പ്രവർത്തനങ്ങൾ, അതിവേഗം നടക്കുന്ന നഗരസൗന്ദര്യവത്കരണം, ഖത്തറിൽ വന്ന കാലം മുതൽ കേൾക്കുന്ന ഫുട്ബാൾ ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ അവസാന ഭാഗത്തിലേക്ക് എത്തുമ്പോൾ ഒരുതരം ആകാംക്ഷയും ചെറിയ ഭയവും ഉണ്ടായിരുന്നു. ഒരു ചെറുരാജ്യത്തിന് ഫുട്ബാൾ ലോകകപ്പ് ഏറ്റെടുത്ത് നടത്താൻ കഴിയുമോ? അത് എത്രത്തോളം വിജയിക്കും എന്നുള്ള ആകാംക്ഷ. അറബ് ലോകം നടത്തുന്ന ആദ്യ ലോകകപ്പിനെ പാശ്ചാത്യ മീഡിയകൾ എങ്ങനെ ചിത്രീകരിക്കും എന്ന ഭയം. കളി നടക്കുന്ന ദിവസങ്ങളിൽ കടുത്ത ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷ പരിശോധനകളും സാധാരണ ജനജീവിതത്തെ ബാധിക്കുമോ എന്ന ആകുലതകൾ എന്നിങ്ങനെ പലതായിരുന്നു ലോകകപ്പിനു മുമ്പുള്ള ചിന്തകൾ.
എന്നാൽ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങോടെ യഥാർത്ഥ ചിത്രം തെളിഞ്ഞു. അതിമനോഹരമായ സ്റ്റേഡിയങ്ങൾ, എവിടെയും മലയാളികളുടെ നിറസാന്നിധ്യം, ആവേശത്തിന്റെ തിരമാലകൾ ഉയർത്തുന്ന ഫാൻ സോണുകൾ, കോർണിഷിലും ലുസൈലിലും കതാറയിലും ഇതുവരെ കാണാത്ത വർണ്ണശബളമായ പരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ ലോകനിലവാരതിലുള്ള മികച്ച കലാസന്ധ്യകൾ, വർണവിസ്മയം തീർത്ത വെടിക്കെട്ടുകൾ, ഇതെല്ലാം ഉറക്കമില്ലത്ത രാവുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മനുഷ്യർ ഒരുമിച്ച് നൃത്തം ചെയ്യുകയും പാടുകയും ചെയ്ത കാഴ്ചകൾ അതിമനോഹരമായിരുന്നു ഓ....എന്തൊരു ലോകകപ്പായിരുന്നു അത് ...!
അനേക സംശയങ്ങളും മുന്‍വിധികളുമായി വന്നിറങ്ങിയ പാശ്ചാത്യർ അന്തംവിട്ടുപോകുമാറുള്ള സൗകര്യങ്ങളും, സൗജന്യങ്ങളും ഖത്തർ ഒരുക്കി. കൃത്യമായ ക്രമസമാധാന പാലനം, വ്യക്തമായ ട്രാഫിക്, ഹയ്യ കാർഡ് ഉള്ളവർക്ക് മെട്രോ ട്രെയിനുകളും ബസ് സർവീസുകളും പൂർണ്ണമായി സൗജന്യമാക്കിയത് വിദേശികളെ ശരിക്കും അത്ഭുതപ്പെടുത്തി. കൃത്യസമയത്ത് ഓടിയ മെട്രോയും, സ്റ്റേഡിയങ്ങളിലേക്ക് നേരിട്ടെത്തിച്ച ഷട്ടിൽ ബസുകളും ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഗതാഗതക്കുരുക്കിൽ പെടാതെ ലക്ഷക്കണക്കിന് ആളുകൾ ഒഴുകിനീങ്ങിയത് ഖത്തറിന്റെ മികച്ച ട്രാഫിക് ആസൂത്രണത്തിന്റെ തെളിവാണ്.
യാതൊരുവിധ ഭയവുമില്ലാതെ കുടുംബങ്ങൾക്കും കുട്ടികൾക്കും എല്ലാവർക്കും അർധരാത്രിയിലും സുരക്ഷിതമായി നടന്നു കാണാൻ പറ്റിയ ഒരു ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിരിക്കാം. പാശ്ചാത്യ മാധ്യമങ്ങളുടെ വിമർശനങ്ങളുടെ വായടപ്പിക്കുന്നതായിരുന്നു ഖത്തർ ഒരുക്കിയ ആ അതിഥി സൽക്കാരം.
ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും സുരക്ഷിതമായ ലോകകപ്പുകളിലൊന്ന് ലോകത്തിന് സമ്മാനിച്ചതു വഴി പാശ്ചാത്യ മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഖത്തറിന് കഴിഞ്ഞു. മാത്രമല്ല ലോക കപ്പ് കണ്ടു മടങ്ങിയ വിദേശ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഖത്തറിന് കൈയടിക്കുന്നതും ലോകം കണ്ടതാണ്.
പ്രവാസി എന്ന നിലയിൽ ഖത്തർ ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ജീവിതകാലം മുഴുവൻ ഓർത്തുവെക്കാവുന്ന വലിയൊരു സമ്പാദ്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മനുഷ്യർ നമ്മൾ താമസിക്കുന്ന മണ്ണിലേക്ക് ഒഴുകിയെത്തുകയും, ആ രാജ്യം ലോകത്തിന്റെ നെറുകയിൽ നിൽക്കുകയും ചെയ്തപ്പോൾ പ്രവാസികളായ നമുക്കുണ്ടായ ആ അഭിമാനം വാക്കുകൾക്ക് അപ്പുറമാണ്.കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് ഒരു മാസത്തെ ആഘോഷങ്ങൾ ഏതാനും മണിക്കൂറുകൾ പോലെ കടന്നുപോയത് ഖത്തറിൽ പ്രവാസിയായിരിക്കുന്ന കാലത്തോളം ഓർത്തിരിക്കാനുള്ള ഓർമ്മകളാണ് ആ ഒരു മാസം സമ്മാനിച്ചത്. ലോകകപ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ശരിക്കും മനോഹരമായ സ്വപ്നത്തിൽ കണ്ടത് പോലുള്ള അനുഭൂതിയാണ് ഇപ്പോഴും.
പ്രിയ ടീമായ സൗത്ത് കൊറിയ രണ്ടാം റൗണ്ടിൽ പുറത്തായെങ്കിലും പരമാവധി കളികൾ തുടർന്നും സ്റ്റേഡിയത്തിൽ പോയി കാണാൻ സാധിച്ചു. സ്റ്റേഡിയത്തിനള്ളിൽ നിന്ന് അനുഭവിക്കുന്ന ഓളം ദോഹ മുഴുവനും ഒരു മാസത്തോളം നിറഞ്ഞൊഴുകിയിരുന്നു. ലോകകപ്പിന് മുമ്പുള്ള വിദേശ യാത്രകളിൽ ഖത്തർ എന്ന രാജ്യത്തെ തിരിച്ചറിയുന്ന വിദേശികൾ ചുരുക്കമായിരുന്നു.എന്നാൽ ലോകകപ്പിനു ശേഷം നടത്തിയ പല യാത്രകളില് എല്ലാവരും പെട്ടെന്ന് തിരിച്ചറിയാൻ തുടങ്ങി. ഈ കുഞ്ഞു രാജ്യത്തെ, അതിന്റെ സംഘാടക മികവിനെ അഭിനന്ദിക്കാതിരിക്കാനും ആരും മറന്നില്ല. ഇനിയും ഒളിമ്പിക്സ് പോലുള്ള ഒട്ടനവധി കായിക മാമാങ്കങ്ങൾ നടത്താൻ ഖത്തറിനും അതിന്റെ നിറസാന്നിധ്യമാകാൻ ഖത്തറിലെ പ്രവാസികളായ ലയാളികൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. വീണ്ടും ഓർക്കുമ്പോഴെല്ലാം മനസ്സ് നിറയെ സന്തോഷം മാത്രം അത് നൽകിയ ഖത്തറിന് മനസ്സ് ഹൃദയം നിറഞ്ഞ നന്ദിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

