ലോകകപ്പ് വർഷത്തിൽ പ്രതീക്ഷിക്കുന്നത് 15 ലക്ഷം സന്ദർശകരെ
text_fieldsദോഹ: ലോകകപ്പിന്‍റെ വർഷമായ 2022ൽ 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറിലെത്തിയ സന്ദർശകരിൽ കൂടുതലും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
യാത്രാനിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും ഊർജം പകർന്നതായും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
ജി.സി.സി അറബ് രാജ്യങ്ങളിൽ നിന്നും നിരവധി സന്ദർശകർ ഡിസംബറിൽ ഖത്തറിലെത്തി.
2020ലെ കണക്കുകളെ അപേക്ഷിച്ച് (കേവലം 8524 സന്ദർശകർ) കഴിഞ്ഞ വർഷം ഡിസംബറിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 146,934 പേർ ഖത്തറിലെത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോകകപ്പിന്‍റെ വർഷമായ 2022ൽ 15 ലക്ഷം സന്ദർശകർ എത്തുന്നത് ഖത്തറിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്ത് വൻകുതിപ്പ് നടത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സന്ദർശകരുടെ എണ്ണത്തിൽ 1623.8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരിൽ 87702 പേർ ആകാശമാർഗം ഖത്തറിലെത്തിയപ്പോൾ 33089 പേർ ബൂസംറ അതിർത്തി വഴിയും 26134 പേർ കടൽമാർഗവും ഖത്തറിലെത്തി. ഖത്തറിലെ ഉയർന്ന വാക്സിനേഷൻ നിരക്കും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളും സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിൽ നിർണായക ഘടകങ്ങളായി. ലോകകപ്പുൾപ്പെടെ നിരവധി അന്തർദേശീയ പരിപാടികൾക്കും കായിക ചാമ്പ്യൻഷിപ്പുകൾക്കും ആതിഥ്യം വഹിക്കുന്നതിനാൽ വരും മാസങ്ങളിലും ഖത്തറിലേക്കുള്ള സന്ദർശകരുടെ പ്രവാഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ ഖത്തറിലെത്തിയ സന്ദർശകരിൽ 30 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും പി.എസ്.എ വ്യക്തമാക്കി.
ഡിസംബറിൽ 44612 സന്ദർശകരാണ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമാത്രം ഖത്തറിലെത്തിയത്. 2020ൽ 1769 പേർ മാത്രമാണ് എത്തിയിരുന്നത്. 2421.9 ശതമാനം വർധന. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ആകെ സന്ദർശകരുടെ എണ്ണത്തിന്‍റെ 10 ശതമാനം വരുമെന്നും 1926 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്നും പി.എസ്.എ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിൽ പിടിമുറുക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന ഖത്തർ 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്‍റെ ഭാവി സമ്പദ് വ്യവസ്ഥയിൽ ടൂറിസവും യാത്രയും നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
ഡിസംബറിൽ ഖത്തറിലെത്തിയ സന്ദർശകരിൽ 28 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം ഓഷ്യാനിയ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 41195 പേർ ഖത്തറിലെത്തിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് 2309 സന്ദർശകരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 33682 സന്ദർശകരും കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

