Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരു യുഗത്തിന്റെ...

ഒരു യുഗത്തിന്റെ വിസ്മയം; ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മയാകുമ്പോള്‍

text_fields
bookmark_border
ഒരു യുഗത്തിന്റെ വിസ്മയം; ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മയാകുമ്പോള്‍
cancel

ഒരു മനുഷ്യന്റെ ദീര്‍ഘവീക്ഷണത്തിന് ഒരു രാജ്യത്തിന്റെ ഭൂപടത്തെയും അതിന്റെ വിലാസത്തെയും എത്രത്തോളം മാറ്റിമറിക്കാന്‍ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. ആധുനിക ഖത്തറിന്റെ ശിൽപിയും അറബ് ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ഭരണാധികാരികളില്‍ ഒരാളുമായിരുന്ന മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി എന്ന വാര്‍ത്ത വലിയ സങ്കടത്തോടെയാണ് പ്രവാസി ലോകം കേട്ടത്. ഞങ്ങളുടെ തലമുറയിലുള്ള ആളുകള്‍ ഈ ഖത്തറിന്റെ മണ്ണിലേക്ക് വന്ന നാള്‍ മുതല്‍ ഇന്നുവരെ കണ്ടതും അനുഭവിച്ചതുമായ ഖത്തര്‍ എന്ന ഈ നാടിന്റെ വളര്‍ച്ചയും ഈ വലിയ മനുഷ്യന്റെ ജീവിതവും ഒന്നുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രവാസി സമൂഹത്തിന് നഷ്ടമായത് തങ്ങളുടെ വളര്‍ച്ചക്ക് തണലൊരുക്കിയ ഒരു വലിയ രക്ഷാധികാരിയാണ്.

ഖത്തറിന്റെ മണ്ണിലെത്തുമ്പോള്‍ ശൈഖ് ഹമദിന്റെ പിതാവ് ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയായിരുന്നു ഖത്തർ അമീര്‍. അക്കാലത്ത് ഇന്നത്തെപ്പോലെയുള്ള ആധുനിക സൗകര്യങ്ങളോ വലിയ കെട്ടിടങ്ങളോ ഖത്തറിലുണ്ടായിരുന്നില്ല. എന്നാല്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മനസ്സിലാക്കി, ദീര്‍ഘവീക്ഷണത്തോടെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പിന്നീട് ഈ രാജ്യത്തിന്റെ ഭരണം പൂർണമായി ഏറ്റെടുത്തു. അവിടെ നിന്നായിരുന്നു ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ അവിശ്വസനീയമായ കുതിച്ചുചാട്ടം ആരംഭിച്ചത്. ലോകത്തിന്റെ നെറുകയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു വികസിത രാജ്യമായി ഖത്തറിനെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രകൃതിവാതക നിക്ഷേപങ്ങളെ കൃത്യമായി വിനിയോഗിച്ചും, വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും അദ്ദേഹം ഖത്തറിനെ ലോകത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി.

ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഈ അഭൂതപൂര്‍വമായ വളര്‍ച്ച ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും വലിയൊരു അനുഗ്രഹമായി മാറി. ഒരു വിദേശ രാജ്യത്ത് വന്ന് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും അദ്ദേഹം ഇവിടെ ഒരുക്കിത്തന്നു. വ്യക്തിപരമായി ഈ വിനീതനും ഈ വലിയ വികസനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ന് മൂവായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കമ്പനികളും കെട്ടിപ്പടുക്കാനും അവ വിജയകരമായി മാനേജ് ചെയ്യാനും സാധിക്കുന്നുണ്ടെങ്കില്‍, അതിന് വഴിയൊരുക്കിയത് ഈ മണ്ണില്‍ ശൈഖ് ഹമദ് നടപ്പിലാക്കിയ പ്രവാസി സൗഹൃദ നയങ്ങളും ബിസിനസ്സ് അന്തരീക്ഷവുമാണ്.

ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു രാജ്യമായി ഖത്തര്‍ മാറിയപ്പോള്‍, അതോടൊപ്പം വളരാന്‍ ഞങ്ങളെപ്പോലെയുള്ള പ്രവാസി വ്യവസായികളെയും അദ്ദേത്തെ പോലെയുള്ള ഭരണാധികാരികള്‍ പിന്തുണച്ചു. ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി വളരെ അടുത്തതും ഊഷ്മളവുമായ ബന്ധമാണ് ശൈഖ് ഹമദ് കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും വിശ്വസ്തതയെയും അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ തൊട്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. മാറുന്ന നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞ ഒരു ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ വേള്‍ഡ് കപ്പ് -2022 ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഗെയിമുകളും സമ്മേളനങ്ങളും ഖത്തറിലെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു മിഡില്‍ ഈസ്റ്റ് രാജ്യം ലോകകപ്പിന് വേദിയാകുമെന്ന് ആരും ചിന്തിക്കാതിരുന്ന കാലത്താണ് അദ്ദേഹം അതിനുള്ള അടിത്തറ പാകിയത്.

ലോകത്തിലെ വലിയ വലിയ രാജാക്കന്മാരും ഭരണാധികാരികളും തങ്ങളുടെ അധികാരം ജീവിതാവസാനം വരെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, ശൈഖ് ഹമദ് ചരിത്രത്തില്‍ വ്യത്യസ്തനായത് മറ്റൊരു തീരുമാനത്തിലൂടെയാണ്. 2013ല്‍ തന്റെ മകനും ഇന്നത്തെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് അദ്ദേഹം സ്വമേധയാ ഭരണം കൈമാറി. പുതിയ തലമുറക്ക് വഴിയൊരുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും യുവനേതൃത്വത്തിന് കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചു.

ലോകത്തിന് മുന്നില്‍ ഒരു മാതൃകാ രാജ്യം കെട്ടിപ്പടുത്ത് സമ്മാനിച്ചാണ് അദ്ദേഹം ഇന്ന് യാത്രയായിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഖത്തറിനെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാനത്ത് എത്തിച്ച ശേഷമാണ് ആ ധന്യമായ ജീവിതത്തിന് തിരശ്ശീല വീണത്. ഈ വേര്‍പാട് ഉണ്ടാക്കുന്ന സങ്കടം ചെറുതല്ലെങ്കിലും, അദ്ദേഹം പ്രവാസികള്‍ക്കും ഈ രാജ്യത്തിനും നല്‍കിയ തണലും ഓര്‍മ്മകളും എന്നും ജനമനസ്സുകളില്‍ ജീവിക്കും. ആ വലിയ ഭരണാധികാരിയുടെ പാവനമായ സ്മരണയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RememberinggulfFather Amirqatar​
News Summary - The wonder of an era; Remembering Qatar's beloved 'Emir Al Waleed'
Next Story