ഗസ്സയുടെ ദുരിതങ്ങളിലേക്ക് തുറന്ന ജാലകങ്ങൾ
text_fieldsഉദ്ഘാടനം ചെയ്ത ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈതി അതിഥികൾക്കൊപ്പം പ്രദർശനം കാണുന്നു
ദോഹ: കതാറ കൾചറൽ വില്ലേജിലെ 18ാം നമ്പർ കെട്ടിടത്തിന്റെ വാതിലുകൾ കടന്നു ചെല്ലുന്നത് ഗസ്സയിലേക്ക് തുറന്നിട്ട ജാലകക്കാഴ്ചകളിലേക്കാണ്. ‘വിൻഡോസ് ഇൻ ടു ഗസ്സ’ എന്ന പേരുപോലെത്തന്നെ യുദ്ധഭീകരതയും വംശഹത്യയും നരകമാക്കി മാറ്റിയ മണ്ണിന്റെ കാഴ്ചകളിലേക്ക് തുറന്നുവെച്ച ഒരു ജാലകം.കഴിഞ്ഞ ദിവസമാണ് കതാറ കൾചറൽ വില്ലേജിലെ ബിൽഡിങ് 18ലെ രണ്ടാം നമ്പർ ഗാലറിയിൽ ഈ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ഖത്തരി മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ ഡോ. അഹ്മദ് അബ്ദുൽ മാലികിയുടെ ‘ഗസ്സയുടെ ദുരിതങ്ങൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളുടെ ഒരു നീണ്ട നിരയാണ് ഈ ഹാളിൽ കാത്തിരിക്കുന്നത്.
കതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച ‘വിൻഡോസ് ഇൻ ടു ഗസ്സ’ പ്രദർശനത്തിൽനിന്ന്
രണ്ടു വർഷത്തിലേക്ക് നീളുന്ന ഇസ്രായേൽ അധിനിവേശ സേനയുടെ വംശഹത്യ പദ്ധതിയുടെ ഇരകളായി തീരാദുരിതത്തിൽ കഴിയുന്ന ഗസ്സയിലെ കുരുന്നുകളുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയുമെല്ലാം കാഴ്ചകൾ ചിത്രങ്ങളും, വരകളും പെയിന്റിങ്ങുകളുമായി ഈ ചുമരുകളിലുണ്ട്. യുദ്ധം നരകമാക്കിമാറ്റിയ ഗസ്സയുടെ നിത്യജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണ് പ്രദർശനത്തിലുള്ള 31 ചിത്രങ്ങളും.
നരഹത്യക്കിരയായ കൂട്ടുകാരുടെ ചിത്രങ്ങൾ മാത്രം ബാക്കിയായ സ്കൂൾ ബെഞ്ചുകളും, നീല ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങളും, തകർന്നടിഞ്ഞ നാടും, പട്ടിണിക്കോലങ്ങളായ കുരുന്നുകളും ചോര ചിന്തുന്ന മനുഷ്യരുമായി ഗസ്സയുടെ കരളലിയിക്കും ദൃശ്യങ്ങളിലേക്കാണ് ഈ ജാലകം തുറക്കുന്നത്.പ്രദർശനം കതാറ കൾചറൽ വില്ലേജ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈതി ഉദ്ഘാടനം ചെയ്തു.ഡോ. അഹ്മദ് അബ്ദുൽ മാലികിന്റെ പുസ്തകങ്ങളിൽ നിന്നുള്ള വാക്കുകളോടെയാണ് ഓരോ ചിത്രവും വിവരിക്കുന്നത്. കലയിലൂടെ മനുഷ്യ ഓർമകളിലേക്ക് ഗസ്സയുടെ ദുരിതങ്ങളെത്തിക്കാനുള്ള ശ്രമമാണ് പ്രദർശനമെന്ന് ഡോ. അഹ്മദ് അബ്ദുൽ മാലിക് പറഞ്ഞു. പ്രദർശനം ജൂൺ 10 വരെ കതാറയില തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

