വളന്റിയർ പരിശീലനം തുടങ്ങി
text_fieldsഡി.ഇ.സി.സിയിൽ ആരംഭിച്ച വളന്റിയർ പരിശീലനത്തിൽനിന്ന്
20,000 വളന്റിയർമാർ 350 സെഷനുകളിലായി പരിശീലനം പൂർത്തിയാക്കും
ദോഹ: സ്റ്റേഡിയത്തിലും വിമാനത്താവളത്തിലും ഫാൻസോണിലും പൊതുഗതാഗത സംവിധാനങ്ങളിലുമായി ലോകകപ്പിന്റെ നട്ടെല്ലായി മാറുന്ന വളന്റിയർമാരുടെ പരിശീലന പരിപാടികൾക്ക് തുടക്കമായി. സന്നദ്ധ സേവനങ്ങൾക്കായി 20,000ത്തോളം വളന്റിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്ക് പ്രത്യേകം ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. വിവിധ മേഖലകളിലായി 350തോളം ട്രെയിനിങ് സെഷനുകളാണ് സുപ്രീംകമ്മിറ്റി തയാറാക്കിയിരിക്കുന്നത്. പരിചയസമ്പന്നരായ ഫിഫ ട്രെയിനർമാർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. ഇവരെ സഹായിക്കാനായി 25 പേരുടെ പയനിയർ വളന്റിയർമാരുമുണ്ട്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വളന്റിയർ സെന്ററിലും ഇ-ലേണിങ് പ്ലാറ്റ്ഫോമിലുമായാവും പരിശീലനം നൽകുന്നത്.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേകം ബാച്ചുകളാക്കി തിരിച്ചാണ് പരിശീലന സെഷനുകൾ അനുവദിച്ചത്. കളിയും കാര്യവും ഒപ്പം തങ്ങളുടെ ഡ്യൂട്ടി സംബന്ധിച്ച് കൂടുതൽ അറിവ് നൽകുന്ന വിധത്തിലാണ് പരിശീലനം. ആർ.എസ്.ടി (റോൾ സ്പെസിഫിക് ട്രെയിനിങ്) പരിശീലനത്തിൽ നേരത്തെ അറിയിപ്പ് നൽകിയ ജോലി അടിസ്ഥാനമാക്കി ട്രെയ്നിങ് നൽകും. ഓരോ സെഷനും 2.30 മുതൽ മൂന്നുമണിക്കൂർ വരെ നീണ്ടു നിൽക്കുന്നതാണ്.
മൂന്നുമാസം നീണ്ട അഭിമുഖ നടപടികൾക്കൊടുവിലാണ് 20,000 വളന്റിയർമാരെ ലോകകപ്പ് സേവനങ്ങൾക്കായി തെരഞ്ഞെടുത്തത്. 16,000ത്തോളം പേർ ഖത്തറിൽനിന്ന് ശേഷിച്ച 4000 പേർ ഇന്റർനാഷനൽ വളന്റിയർമാരുമാണ്. ഒക്ടോബറിൽതന്നെ ഒരുസംഘം വളന്റിയർമാരുടെ സേവനം ആരംഭിക്കും. വിദേശത്തുനിന്നുള്ള വളന്റിയർമാരും ഒക്ടോബറിലും നവംബർ ആദ്യ വാരങ്ങളിലുമായി ഖത്തറിലെത്തും.
വളന്റിയർ തെരഞ്ഞെടുപ്പ് പൂർത്തിയായതിനുപിന്നാലെ, സെപ്റ്റംബർ ആദ്യവാരം ലുസൈൽ സ്റ്റേഡിയത്തിൽ ആദ്യ വളന്റിയർ ഓറിയന്റേഷൻ സംഗമം സംഘടിപ്പിച്ചിരുന്നു. 15,000ത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

