അറേബ്യൻ കഥകളിലെ ഒട്ടകങ്ങളുടെ ഗ്രാമം; അവിടുത്തെ കുറേ വിശേഷങ്ങളും
text_fieldsശഹാനിയ ഒട്ടക പ്രേമികളുടെ ലോകം
ശഹാനിയയിലെ മിക്ക വീടുകളും ഒട്ടകങ്ങൾക്ക് താമസിക്കാനുള്ള തൊഴുത്തുകളോട് കൂടിയവയാണ് നിർമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടത്തെ ഓരോ വീടും നഗരപ്രദേശമത്ത വീടുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
നഗരത്തിൽ താമസിക്കുന്ന ഒട്ടകപ്രേമികളായ പല സ്വദേശികൾക്കും ഇവിടെ വീടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അവർ ഇവിടെ വന്നു താമസിക്കുന്നത് പതിവാണ്. വാരാന്ത്യ അവധിദിനങ്ങളിൽ ഒട്ടകക്കാഴ്ചകൾ കാണാൻ ഒട്ടേറെ വിദേശികളും ഇവിടെയെത്താറുണ്ട്. ഇരുപതിനായിരത്തിലധികം ഒട്ടകങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ് കണക്ക്.
പഴക്കം ചെന്ന ചെറിയ വീടുകളും തലങ്ങും വിലങ്ങും മൺപാതകളും റോഡിലങ്ങോളമിങ്ങോളം ഒട്ടകത്തിന്റെ കാൽപ്പാടുകളുമെല്ലാം ശഹാനിയയുടെ മുഖമുദ്രകളാണ്. ശരീരം മുഴുവൻ പുതപ്പിച്ചും കഴുത്തിലും നെറ്റിയിലും കാലുകളിലും വിവിധ അലങ്കാരങ്ങൾ അണിയിച്ചും വായ് ഭാഗം തുണികൊണ്ട് പൊതിഞ്ഞുമാണ് ഒട്ടകങ്ങളെ കൊണ്ടുപോകുന്നത്. വായ്ഭാഗം മൂടുന്ന നിതാമ ഷഹാനിയിലെ കടകളിൽ തന്നെ നിർമിച്ച് വിൽക്കുന്നുണ്ട്. കൂടാതെ, ഒട്ടകങ്ങളുടെ റേസിങ് സാമഗ്രികൾക്കും അലങ്കാര വസ്തുക്കൾക്കും ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം അലങ്കാര വസ്തുക്കളും ഇവിടെതന്നെ നിർമിക്കുന്നവയാണ്. ഒട്ടകത്തിന്റെ പിൻഭാഗവും തലയും അലങ്കരിക്കുന്ന വർണാഭമായ, എംബ്രോയിഡറി ചെയ്ത് ആഭരണങ്ങൾകൊണ്ട് നിർമിച്ച ഹാർനെസുകളും സാഡിലുകളും നിർമിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുള്ളവരാണ് ഇവിടത്തെ ജോലിക്കാർ.
ഒട്ടകത്തിന്റെ കഴുത്തിൽ തിളക്കമുള്ള രൂപത്തിനായി വെക്കുന്ന മണികൾ, ലോഹങ്ങൾ അല്ലെങ്കിൽ രത്നക്കല്ലുകൾ എന്നിവകൊണ്ട് നിർമിച്ച അലങ്കാര മാലകളും ബീഡ് കോളറുകളും വളരെ ഭംഗിയുള്ളവയാണ്. അലങ്കാര ഹെഡ്പീസുകൾ, ടർബണുകൾ, ബീഡുകൾ, എംബ്രോയിഡറി, ആഭരണങ്ങൾകൊണ്ട് അലങ്കരിച്ച നെയ്ത തുണികൾ ഹെഡ്ഗിയറും ടർബണുകളും നമുക്ക് കാണാം.
മുഖം അലങ്കരിക്കാനായി മൂക്കുത്തികൾ, മുഖ ആഭരണങ്ങൾ, അല്ലെങ്കിൽ പെയിന്റ് ചെയ്ത ഡിസൈനുകൾ പോലുള്ള ഇനങ്ങളുമുണ്ട്. കൂടാതെ, കണങ്കാലുകളിലും കാൽമുട്ടുകളിലും അണിയിക്കുന്ന ബീഡ് ലോഹത്തിൽ നിർമിക്കുന്ന ലെഗ് ബാന്റുകൾ, കാലുകൾ ബന്ധിപ്പിക്കുന്നതിനും ഒട്ടകത്തിനെ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന ഖേത്, കിത്താം, ഒട്ടകത്തിന്റെ മുതുകിൽ അണിയുന്ന സിഖ, ശരീരത്തിൽ പുതക്കുന്ന ചാദർ, മറ്റു ഭാഗങ്ങളിൽ അണിയുന്ന ഷുമാല, അബാൽ എന്നിവയെല്ലാം ഇവിടെ നിർമിക്കപ്പെടുന്നു.
ഒട്ടക ഓട്ടമത്സരങ്ങളിലും ഉത്സവങ്ങളിലും സൗന്ദര്യം പ്രദർശിപ്പിക്കാൻ ഒട്ടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വെള്ളി അല്ലെങ്കിൽ സ്വർണ അലങ്കാരങ്ങൾ, ചിലപ്പോൾ ഇഷ്ടാനുസരണം നിർമിച്ച് അലങ്കാര വസ്തുക്കളായും ഉപയോഗിക്കുന്നുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളാണ് തുണികളിലും മറ്റും നിർമിക്കുന്ന ആകർഷണ വസ്തുക്കളുടെ പ്രഫഷനലുകൾ.
അണിഞ്ഞൊരുങ്ങി വരിവരിയായി ആരേയും ആകർഷിക്കുന്ന രീതിയിൽ മന്ദം മന്ദം നടന്നൊഴുകുന്ന സുന്ദരന്മാരും സുന്ദരികളുമായ ഒട്ടകക്കൂട്ടങ്ങളെ കാണാൻ ഒട്ടകപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ശഹാനിയയിൽ എത്തിയാൽ മതി. ദുഖാൻ റോഡിൽ ശഹാനി ഇന്റർചേഞ്ചിന് വലതു വശത്തായിട്ടുള്ള ഗ്രാമത്തിൽ ആദ്യം എത്തുന്നവർക്ക് പുരാതന അറേബ്യൻ ചരിത്രകഥ പറയുന്ന ഒരു സിനിമയുടെ ലോക്കേഷനിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുക. പഴക്കം ചെന്ന ചെറിയ വീടുകളും തലങ്ങും വിലങ്ങും മൺപാതകളും റോഡിലങ്ങോളമിങ്ങോളം ഒട്ടകത്തിന്റെ കാൽപ്പാടുകളുമെല്ലാം ശഹാനിയയുടെ മുഖമുദ്രകളാണ്. ഇവിടെയുള്ള ഒട്ടകങ്ങളിൽ ഭൂരിഭാഗവും ഓട്ട മത്സരത്തിന് ഉപയോഗിക്കുന്നവയാണ്.
ഹെജിൻ എന്നാണ് ഒട്ടകങ്ങളുടെ മത്സരഓട്ടം അറിയപ്പെടുന്നത്. 40 ലക്ഷം റിയാൽ വരെ വലിയ സമ്മാനത്തുക ഒട്ടക മത്സരങ്ങളുടെ മറ്റൊരു അതിശയോക്തിയാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സാധാരണ ഒട്ടകമത്സരത്തിന്റെ സീസൺ. ‘മരുഭൂമിയിലെ കപ്പലുകൾ’ എന്ന് അറിയപ്പെടുന്ന സാധാരണ യാത്രക്കായി ഉപയോഗിച്ചിരുന്ന ഒട്ടകങ്ങൾക്കിടയിൽനിന്ന് ഏറെ വ്യത്യസ്തരാണ് റേസിങ് ഒട്ടകങ്ങൾ. 3- 4 വയസ്സ് വരെ പ്രായമുള്ളപ്പോൾ ഓട്ടം ആരംഭിക്കുന്നു.
റേസിങ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒട്ടകങ്ങളുടെ പ്രായം സാധാരണയായി 4 - 8 നും ഇടയിലാണ്. അതേസമയം, ഏകദേശം 12 വയസ്സ് വരെ മത്സരക്ഷമത നിലനിർത്താൻ ഇവയ്ക്ക് കഴിയും. സാധാരണമായ റേസിങ് വേഗത്തിന് പേരുകേട്ട അറേബ്യൻ ഒട്ടകം കാമെലസ് ഡ്രോമെഡാരിയസ് ആണ്.
സാധാരണ ഒട്ടകങ്ങളും ഓട്ടമത്സര ഒട്ടകങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അവയുടെ ശാരീരിക സവിശേഷതകൾ, പരിശീലനം എന്നിവയിലാണ്. റൈസിങ് ഒട്ടകങ്ങൾ സാധാരണയായി ഭാരം കുറഞ്ഞതും കൂടുതൽ കായികക്ഷമതയുള്ളതുമാണ്, നീളമുള്ള കാലുകളും കൂടുതൽ സുഗമമായ ശരീരവുമുണ്ട്. വേഗത്തിനും ചടുലതക്കുംവേണ്ടി ഇവക്ക് പ്രത്യേകം പരിശീലനങ്ങൾ നൽകുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത പ്രത്യേക ഭക്ഷണക്രമങ്ങളും വ്യായാമ ദിനചര്യകളും ഇതിൽ ഉൾപ്പെടുന്നു. ഓട്ടപ്പന്തയത്തിന് ഉപയോഗിക്കുന്ന ഒട്ടകങ്ങൾക്ക് വളരെ പോഷകഗുണമുള്ള ആഹാരങ്ങളാണ് നൽകുന്നത്. ഈത്തപ്പഴം, സോയാബീൻ, ചോളം, പാല്, തേൻ എന്നിവക്ക് പുറമെ, വില കൂടിയ അൽ ഫൽഫ് എന്ന പ്രത്യേകതരം പുല്ലും ഇവക്ക് നൽകുന്നു. മത്സരങ്ങൾക്ക് പറ്റിയ ഒട്ടകങ്ങളെ ചെറുപ്രായത്തിൽതന്നെ കണ്ടെത്താൻ കഴിവുള്ള വിദഗ്ധരും ഇവിടെയുണ്ട്.
പരമാവധി വേഗമുള്ള ഈ ഒട്ടകങ്ങൾ മെലിഞ്ഞതും പേശീബലമുള്ളതുമാണ്. മുതിർന്ന റേസിങ് ഒട്ടകങ്ങൾക്ക് സാധാരണയായി 300 മുതൽ 500 കിലോഗ്രാം വരെ ഭാരം വരുന്നവയാണ്. പ്രത്യേക ഭക്ഷണക്രമങ്ങളിലൂടെയും കണ്ടീഷനിങ്ങിലൂടെയും അവയുടെ ഭാരം നിലനിർത്തി വരുന്നു.
റേസിങ് ഒട്ടകങ്ങളുടെ ഉയരം തോളിൽ ഏകദേശം 1.7 മുതൽ 2.0 മീറ്റർ വരെയാണ്. പ്രകടനം മോശമാവാതിരിക്കാനും കായികക്ഷമത നിലനിർത്താനും ശരിയായ പരിശീലനം, ഭക്ഷണക്രമം, ആരോഗ്യ സംരക്ഷണം എന്നിവ നിയന്ത്രിക്കാൻ ഓരോ ഒട്ടകയുടമകളും മത്സര സീസണിലും അല്ലാത്തപ്പോഴും ലക്ഷങ്ങൾ ചെലവഴിച്ചാണ് റൈസിങ് ഒട്ടകങ്ങളെ പരിചരിക്കുന്നത്. ഓട്ടപ്പന്തയത്തിന് ഉപയോഗിക്കുന്ന ഒട്ടകങ്ങൾ അറബികളുടെ പൈതൃകത്തിന്റെ ഭാഗവും അഭിമാന ചിഹ്നങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

