ഉപരാഷ്ട്രപതിക്കൊപ്പം 35 അംഗ വ്യാപാര പ്രതിനിധി സംഘവും
text_fieldsഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തർ സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ അംബാസഡർ ഡോ. ദീപക് മിത്തൽ ദോഹ ഷെറാട്ടണിൽ നടന്ന വാർത്തസമ്മേളനത്തിൽ
വിശദീകരിക്കുന്നു
ദോഹ: വിവിധ വ്യാപാര, വ്യവസായ പ്രതിനിധികളുടെ 35 അംഗ സംഘവും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അനുഗമിച്ച് ഖത്തറിലെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ വിവിധ വ്യാപാര മേഖലകളിലെ സഹകരണകരാറുകൾ ചർച്ച ചെയ്യുന്നതിന്‍റെയും ഒപ്പുവെക്കുന്നതിന്‍റെയും ഭാഗമായാണ് ഉന്നത വ്യാപാര സംഘത്തിന്‍റെ വരവ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, അസോചം, സി.എ.ഐ തുടങ്ങി വിവിധ വ്യാപാര -വ്യവസായ സംഘടന പ്രതിനിധികളായി 35 പേരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിൽ നിന്നുള്ളവരും, ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും, ഖത്തർ ബിസിനസ് പ്രമുഖരും പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിന് ഞായറാഴ്ച ഷെറാട്ടൺ ഹോട്ടൽ വേദിയാവും.
പരിപാടിയിൽ ഉപരാഷ്ട്രപതിയും പങ്കെടുക്കും. ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി, ഖത്തർ ബിസിനസ് അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി എന്നിവർ ഉള്‍പ്പെടെ ഉന്നതരും ഫോറത്തില്‍ പങ്കെടുക്കുമെന്ന് അംബാസഡർ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രി ഉൾപ്പെടെയുള്ള പ്രതിനിധികളും പങ്കെടുക്കും. 30ലേറെ പേരുടെ ഖത്തർ വ്യാപാര, വ്യവസായ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ഖത്തർ തമ്മിലെ പുതു വ്യവസായ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെടും. വിവിധ മേഖലകളിലെ സഹകരണ കരാറുകൾക്കും ഫോറം വേദിയൊരുക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളിലായി ഖത്തറും ഇന്ത്യയും തമ്മില്‍ ഊര്‍ജം, വ്യാപാരം, വാണിജ്യം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാണെന്നും സ്ഥാനപതി വ്യക്തമാക്കി. ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഖത്തർ ആരോഗ്യ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

