അവധിക്കാലം കഴിഞ്ഞു; ഇനി തിരക്കിലേക്ക്
text_fieldsമിന ഡിസ്ട്രിക്ടിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളിൽനിന്ന്
ദോഹ: പെരുന്നാളും അവധിയും ആഘോഷങ്ങളും കഴിഞ്ഞ് ഖത്തറിലെ പ്രവാസികളും സ്വദേശികളും വീണ്ടും സാധാരണ നിലയിലേക്ക്. കഴിഞ്ഞയാഴ്ച ആരംഭിച്ച ഈദ് അവധി ദിനങ്ങൾക്ക് തിങ്കളാഴ്ചയോടെ സമാപനമാവും. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ ഞായറാഴ്ച തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളിലെ അവധി തിങ്കളാഴ്ച അവസാനിക്കും. ചൊവ്വാഴ്ച മുതൽ ഓഫിസുകൾ വീണ്ടും സജീവമാകും.
ബലിപെരുന്നാളിന്റെ മൂന്നു ദിവസത്തെയും വാരാന്ത്യവും ഉള്‍പ്പെടെ അഞ്ചു ദിവസത്തെ അവധി കഴിഞ്ഞാണ് ധനകാര്യ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചത്. ജൂൺ 27 മുതലായിരുന്നു എല്ലായിടത്തും അവധി തുടങ്ങിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഒരാഴ്ചയായിരുന്നു പെരുന്നാൾ അവധി നൽകിയത്. സ്വകാര്യ മേഖലക്ക് പെരുന്നാൾ ദിനം ഉൾപ്പെടെ മൂന്നു ദിവസമായിരുന്നു അവധി.
അതേസമയം, വേനലവധി ആരംഭിച്ചതിനാൽ സ്കൂളുകൾക്ക് ആഗസ്റ്റ് അവസാനം വരെ മുടക്കമാണ്. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പെരുന്നാളും വേനലവധിയും എടുത്ത് നാട്ടിലേക്ക് മടങ്ങിയത്. പെരുന്നാളിന്റെ ഹ്രസ്വ അവധിക്കായി നാട്ടിലെത്തിയവർ ഇന്നും നാളെയുമായി തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കും. ആരോഗ്യ മേഖലയിൽ സ്പെഷാലിറ്റിയും ചില ഹെൽത്ത് സെന്ററുകളും അവധിയായിരുന്നു. എന്നാൽ, ഈദ് അവധിയിലും ഹമദ് മെഡിക്കല്‍ കോര്പറേഷൻ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 20 ഹെല്‍ത്ത് സെന്ററുകളും സജീവമായി പ്രവർത്തിച്ചു. പെരുന്നാളിന്റെ മൂന്നാം ദിനം 2045 കേസുകളാണ് ഹമദ് മെഡിക്കൽ കോർപറേഷന്റെ എമർജൻസി വിഭാഗത്തിൽ എത്തിയത്. ആദ്യ ദിനം 1577ഉം രണ്ടാം ദിനം 1940ഉം കേസുകൾ എത്തിയിരുന്നു. ഹമദ് ജനറൽ ആശുപത്രിയിൽ 499 കേസുകളും കുട്ടികളുടെ എമർജൻസിയിൽ 1336 കേസുകളും എത്തിയതായി ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ആഘോഷങ്ങൾക്ക് കൊടിയിറക്കം
പെരുന്നാൾ ദിനമായ ബുധനാഴ്ച തുടങ്ങിയ ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസത്തോടെ തന്നെ സമാപനമായി. ലുസൈൽ ബൊളെവാഡിൽ ആദ്യ രണ്ടു ദിനങ്ങളിലായിരുന്നു ഈദ് ആഘോഷങ്ങൾ. കതാറ കൾചറൽ വില്ലേജിൽ വാരാന്ത്യം ഉൾപ്പെടെ ശനിയാഴ്ച വരെ സജീവമായിരുന്നു. ദോഹ തുറമുഖം, അൽ ഷഖബ്, പേൾ ഖത്തർ, വിവിധ മാളുകൾ എന്നിവടങ്ങളിലെ ഈദ് പരിപാടികളും അവസാനിച്ചു. പതിവ് വിനോദ കേന്ദ്രങ്ങൾക്കു പുറമെ ഇത്തവണ ഈദ് അവധിനാളിൽ സന്ദർശകരെ ഏറെ ആകർഷിച്ചത് ഓൾഡ് ദോഹ തുറമുഖമായിരുന്നു. റിബൺ റോളേഴ്സ്, ഹോട് എയർ ബലൂൺസ്, ഐസ് ക്രീം ഷോ, കളർഫുൾ ഡ്രമ്മേഴ്സ് തുടങ്ങി വിവിധ പരിപാടികളാൽ മിന തുറമുഖ കേന്ദ്രം സജീവമായി. പാർക്കും കടൽത്തീരവും സൂഖും ഉൾപ്പെടുന്ന മേഖലയിലേക്ക് അവധിദിവസങ്ങളിൽ രാത്രി വൈകിയും സന്ദർശകർ എത്തിക്കൊണ്ടിരുന്നു. സ്വദേശികളും പ്രവാസികളും വിദേശ സന്ദർശകരുമെല്ലാമായി പെരുന്നാൾ കൂടാനെത്തിയവരായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ ഏറെയും. ദോഹ കോർണിഷിൽ കടൽ വിനോദങ്ങളാലാണ് സജീവമായത്. ബോട്ടിങ്, മീൻപിടിത്തം, സയാഹ്ന നടത്തം ഉൾപ്പെടെ ആഘോഷങ്ങൾക്ക് വഴിതേടിയെത്തിയവരാൽ വാരാന്ത്യം ഇവിടെയും നിറഞ്ഞു.
കടലില്‍ നീന്താനും ജല സ്കൂട്ടറുകളില്‍ സവാരി നടത്താനുമാണ് നിരവധി പേര് ബീച്ചുകളിലെത്തിയത്. സൗദി, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് ഖത്തറിലെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിരവധി കുടുംബങ്ങളാണ് ഇത്തവണ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

