ഓർമകളുടെ വസന്തമൊരുക്കി ‘പൊലിവാർന്ന കാലം’
text_fields‘പൊലിവാർന്ന കാലം’ വീഡിയോ ദൃശ്യത്തിൽനിന്ന്
ദോഹ: സ്കൂൾ കാലത്തെ ഓർമകളും അനുഭവങ്ങളും എ.ഐ വിഡിയോയിലൂടെ പുനരാവിഷ്കരിച്ച് പൂർവവിദ്യാർഥികൾ. സ്കൂളിൽ സംഘടിപ്പിക്കുന്ന ഗെറ്റ് ടുഗദര്‍ പ്രചാരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ വിഡിയോ നിര്‍മിച്ച് കൈയടി നേടുകയാണ് ഖത്തറിലെ ഏതാനും പ്രവാസികള്‍.
മലപ്പുറം വളാഞ്ചേരിയിലെ എടയൂര്‍ ഐ.ആര്.എച്ച്.എസിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഓർമകളിലേക്കൊരു തിരിച്ചുപോക്ക് നടത്തുന്നത്. സ്കൂളിലെ 1985 മുതലുള്ള എസ്.എസ്.എല്‍.സി ബാച്ചുകള്‍ ആഗസ്റ്റ് ഒമ്പതിന് വീണ്ടും ഒത്തുചേരുകയാണ്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് എടയൂര്‍ ഇസ് ലാമിക് റെസിഡന്‍ഷ്യല്‍ സ്കൂളിലെ അലുംമ്നിയായ ഇര്സയുടെ ഖത്തര്‍ ചാപ്റ്റർ ‘പൊലിവാർന്ന കാലം’ എന്ന പേരിൽ വിഡിയോ നിർമിച്ചത്. അന്നത്തെ കൂട്ടുകാരെ വിളിച്ചുകൂട്ടാനാണ് പഴയ വിദ്യാര്‍ഥി കാലത്തെ ഓര്‍മപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിഡിയോ ഒരുക്കിയത്.
കലാ-കായിക-വിദ്യാഭ്യാസ മേഖലയിൽ മുന്നിട്ടുനിന്നിരുന്ന സ്കൂളിന്റെ ക്ലാസ് മുറികൾ, കലാകായിക പരിപാടികൾ, പ്രധാന സംഭവങ്ങൾ തുടങ്ങിയവ എ.ഐ വിഡിയോയിലൂടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ചുരുങ്ങിയത് 25 വര്‍ഷമെങ്കിലും പഴക്കമുള്ള ഫോട്ടോകള്‍ ഉപയോഗിച്ച് കൃത്യമായി പ്രോംപ്ട് ചെയ്തപ്പോള്‍ അത് ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായി. അന്ന് റെസിഡന്‍ഷ്യല്‍ സ്കൂളായിരുന്ന വിദ്യാലയം ഇപ്പോള്‍ ഹയര്‍ സെക്കൻഡറി സ്കൂളാണ്. പക്ഷെ പഴയതൊന്നും ഈ മ്യൂസിക്കല്‍ വിഡിയോ വിട്ടുപോയിട്ടില്ല.
ഖത്തറില്‍ നഴ്സായി ജോലി ചെയ്യുന്ന അമീന് ഹുസൈനാണ് എ.ഐ സഹായത്തോടെ വിഡിയോ നിര്‍മിച്ചത്. കെട്ടിടങ്ങളും ക്ലാസ് റൂമുകളും മാത്രമല്ല, അക്കാലത്തെ മനസ്സില്‍ തങ്ങിനില്ക്കുന്ന കുസൃതികളും കലാകായിക മത്സരങ്ങളുമൊക്കെ പുത്തന്‍ സാങ്കേതിക വിദ്യയിൽ പുനസൃഷ്ടിച്ചുവെന്ന് അമീന് ഹുസൈന് പറഞ്ഞു.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സംവിധായകന് സക്കരിയയുടെ സംവിധാനത്തിലാണ് മ്യൂസിക്കല്‍ വീഡിയോ പൂര്‍ത്തിയാക്കിയത്. നാസര്‍ വേളത്തിന്റെ വരികള്‍ക്ക് സ്കൂളിലെ തന്നെ പൂര്‍വ വിദ്യാര്‍ഥിയായ ഡോക്ടര്‍ സല്‍മാനാണ് ഈണം നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

