ഗ്രാമക്കാഴ്ചകളുടെ കഥ പറച്ചിലുമായി ഉസ്താദ് കഥ പറയുന്നു
text_fieldsദോഹയിൽ നടന്ന പരിപാടിയിൽ പി.ടി. മുഹമ്മദ് സംസാരിക്കുന്നു
ദോഹ: ഉത്തരേന്ത്യൻ യാത്രകളുടെ കഥ പറഞ്ഞ് സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ മനം കവർന്ന ഉസ്താദ് എന്ന യാത്രികനും വ്ലോഗറും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.ടി. മുഹമ്മദ് ഖത്തറിലും.
കഴിഞ്ഞ ദിവസം അനുഭാവികളും ഫോളോവേഴ്സും സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം തന്റെ യാത്രകളും ദൗത്യവും കാഴ്ചക്കാരുമായി പങ്കുവെച്ചു. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ പുല്ലുമേഞ്ഞ കുടിലുകൾ, പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന മനുഷ്യർക്കിടയിൽ ഒരു എയർ കണ്ടീഷനർ ഘടിപ്പിച്ച കോൺക്രീറ്റ് കെട്ടിടം കാണാനായി. അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ, അവിടത്തെ ഗൃഹനാഥൻ ഈ നാട്ടിലെ ഏക പ്രവാസിയാണെന്നും ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ‘കേരള’ എന്ന നാട്ടിലാണ് അയാൾ ജോലി ചെയ്യുന്നതെന്നും തന്റേതായ ആകർഷണീയ ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചത് സദസ്സിൽ ചിരി പടർത്തി.
ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ പ്രകൃതി സൗന്ദര്യവും ഒപ്പം സാംസ്കാരിക വൈചാത്യങ്ങളും ചരിത്രത്തിന്റെ പിൻബലത്തിൽ അവതരിപ്പിച്ചുകൊണ്ട് ജനശ്രദ്ധ നേടിയ യാത്രാ വ്ലോഗറാണ് പി.ടി. മുഹമ്മദ്.
തന്റെ യാത്രയിലൂടെ നേടിയെടുത്ത അനുഭവങ്ങളാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കു വഴിതിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ശരാശരി വിദ്യാഭ്യാസ നിലവാരത്തിന്റെ ഏഴയലത്തു പോലും എത്താത്ത ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഉത്തരേന്ത്യൻ ഉൾപ്രദേശങ്ങളിൽ ഇന്നും ഉള്ളത്.
ഇത് തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, അതാണ് സുകൂൻ എന്ന റെസിഡൻഷ്യൽ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചത്. തന്റെ യാത്രക്കിടയിലെ വൈചാത്യങ്ങളും പ്രകൃതിയിലെ അത്ഭുത കാഴ്ചകളും അനുവാചകർക്ക് പകർന്നുകൊടുത്തു. യാത്രാനുഭവങ്ങളെ കുറിച്ചും ഒട്ടനവധി അത്ഭുത കാഴ്ചകളെക്കുറിച്ചും പറയുമ്പോൾ ശ്രോതാക്കൾ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു. റസൽ റഫീഖ് പരിപാടികൾക്ക് നേതൃത്വം നൽകി. സ്ത്രീകളടക്കം മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

