കളിമുറ്റത്ത് ‘തക്ബീർ’ ഉയർന്നു; നിറഞ്ഞു കവിഞ്ഞ് ലോകകപ്പ് വേദി
text_fieldsഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഇൗദ് നമസ്കാര വേദിയിൽ, എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ദോഹ: നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പ്രകടനങ്ങളും ബ്രസീലിന്റെ കണ്ണീർവീഴ്ചകൾക്കും സാക്ഷിയായ മണ്ണ് ‘തക്ബീർ’ മുഴക്കത്തിൽ അലിഞ്ഞു ചേർന്ന ദിനം. ‘അല്ലാഹു അക്ബർ... അല്ലാഹു അക്ബർ...’ മുഴക്കി വിശ്വാസികളെല്ലാം ലോകകപ്പ് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ മൂന്ന് മാസം മുമ്പ് കളിനിറഞ്ഞ മണ്ണ് പ്രാർഥനാ നിർഭരമായി. വെള്ളിയാഴ്ച പെരുന്നാൾ പ്രാർഥനയിൽ ഖത്തറിലും അറബ് ലോകത്തും ഏറെ ശ്രദ്ധേയമായത് ലോകകപ്പ് വേദി ആതിഥ്യം വഹിച്ച ഈദ് നമസ്കാരമായിരുന്നു. വമ്പുറ്റ പോരാട്ടങ്ങൾ സാക്ഷിയായ ചരിത്രമണ്ണ് പ്രാർഥനക്കായി തുറന്നു നൽകിയപ്പോൾ ആവേശത്തോടെ കളിയാരാധകരും വിശ്വാസികളും ഒഴുകിയെത്തി. രാവിലെ 5.21നായിരുന്നു നമസ്കാരമെങ്കിലും മണിക്കൂർ മുമ്പ് തന്നെ സ്റ്റേഡിയത്തിന്റെ പച്ചപ്പുൽമൈതാനം ജനസാഗരമായി മാറിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ സൂപ്പർ താരങ്ങളുടെ പോരാട്ടങ്ങളുടെ ചിത്രം പതിഞ്ഞ വേദി മറ്റൊരു ചരിത്രത്തിനു കൂടി സാക്ഷിയായി.
ഖത്തർ ഫൗണ്ടേഷനു കീഴിലെ മിനരെെതൻ സെന്ററായിരുന്നു എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഈദ് നമസ്കാരത്തിന്റെ സംഘാടകർ. ലോകകപ്പ് വേളയിൽ ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ എട്ട് മത്സരങ്ങൾക്കു വേദിയായ ചരിത്രമുള്ള കളിമുറ്റത്തിന് ഈദ് നമസ്കാരം പുതുമയുള്ള കാഴ്ചയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് കളി കഴിഞ്ഞ സ്റ്റേഡിയം ഒരു നമസ്കാര വേദിയായി മാറുന്നത്. അസുലഭ നിമിഷത്തിന്റെ ഭാഗമാവാൻ അതിരാവിലെ തന്നെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയവരാൽ പച്ചപ്പുൽ മൈതാനം നിറഞ്ഞു. സ്റ്റേഡിയത്തിന്റെ നാലു ഭാഗത്തെയും കവാടങ്ങൾ തുറന്നു നൽകിയായിരുന്നു പ്രവേശനം അനുവദിച്ചത്. നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ സൂപ്പർതാരങ്ങൾ മാറ്റുരച്ച കളിമുറ്റം ഒരിക്കൽകൂടി കാണാമെന്ന പ്രതീക്ഷയോടെയാണ് ഫുട്ബാൾ പ്രേമികൾ ഈദ് ഗാഹ് വേദിയിലെത്തിയത്. മൈതാനമുറ്റം നേരത്തേ തന്നെ തിങ്ങിനിറഞ്ഞപ്പോൾ, പലരും സ്റ്റേഡിയത്തിന് പുറത്തു കാത്തുനിൽക്കുന്നതും കാണാനായി.
15,000ത്തോളം പേർ സ്റ്റേഡിയത്തിലെ നമസ്കാരത്തിൽ പങ്കെടുത്തതായി എജുക്കേഷൻ സിറ്റി മസ്ജിദ് കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് ഔട്ട്റീച്ച് കോഓഡിനേറ്റർ സുലൈമാൻ ബാഹ് പറഞ്ഞു. നമസ്കാര ശേഷം, മിനാരതൈൻ സെന്റർ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ ഉൾപ്പെടെ പ്രമുഖർ നമസ്കാരത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

