മലയാളത്തിന്റെ മാധുര്യം
text_fieldsഒമാനിലെ ഇബ്രി , ബുറൈമി, മസ്കത്ത്, സീബ്, ബാത്തിന, നിസ്‍വ, ഇബ്ര, സൂർ തുടങ്ങി വിവിധ മേഖലകളിലായി 25 ഓളം പഠനകേന്ദ്രങ്ങൾ ഇന്ന് നിലവിലുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷന്‍ പ്രവർത്തനങ്ങൾ ഒമാനിൽ 2017 മുതൽ നടന്നുവരുന്നു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മഹത്തായ ലക്ഷ്യം മുന്നോട്ടുവെച്ച് പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ഒമാനിലെ പ്രവർത്തനങ്ങൾ 2023ൽ നിലവിൽവന്ന പുതിയ ഭരണസമിതിയുടെ കീഴിൽ വിപുലപ്പെടുത്തുകയുണ്ടായി. ഒമാനിലെ ഇബ്രി , ബുറൈമി, മസ്കത്ത്, സീബ്, ബാത്തിന, നിസ്‍വ, ഇബ്ര, സൂർ തുടങ്ങി വിവിധ മേഖലകളിലായി 25 ഓളം പഠനകേന്ദ്രങ്ങൾ ഇന്ന് നിലവിലുണ്ട്.
ഇവയിലെല്ലാംകൂടി 2000ലധികം കുട്ടികൾ മലയാള ഭാഷ പഠനം നടത്തുന്നു എന്നത് അഭിമാനകരമാണ്. ഇതിൽത്തന്നെ 600 പഠിതാക്കൾപുതുതായി പ്രവേശനം നേടിയതാണ്. 105ഓളം വരുന്ന അധ്യാപകരുടെ നിസ്വാർഥ സേവനംകൊണ്ടാണ് ഇത് സാധ്യമാകുന്നത്. മലയാളം മിഷൻ ഒമാന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് മസ്കത്തിൽ ‘അക്ഷരം 2024’ എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. പങ്കാളിത്തംകൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ഇത് ശ്രദ്ധേയമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.
ചാപ്റ്ററിലെ മുഴുവൻ അധ്യാപരെയും പങ്കെടുപ്പിച്ച് മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയുടെ നേതൃത്വത്തിൽ 2024 ജൂൺ ആറ്, ഏഴ് തീയതികളിലായി അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ഇതുകൂടാതെ മൂന്ന് ഓൺലൈൻ അധ്യാപക പരിശീലന പരിപാടികളും ഇക്കാലയളവിൽ സംഘടിപ്പിക്കാനായി .
ഗൾഫ് പ്രവാസ മേഖലയിലെ മികച്ച എഴുത്തുകാർക്കുവേണ്ടി മലയാളം മിഷൻ ഒമാൻ പുരസ്കാരം ഏർപ്പെടുത്തി. ആദ്യ അവാർഡ് യു.എ.ഇയിലെ പ്രവാസി എഴുത്തുകാരൻ മണികണ്ഠന് സമ്മാനിച്ചു. സി.ബി.എസ്.ഇ പരീക്ഷയിൽ ഒമാനിൽനിന്ന് മലയാളത്തിന് മുഴുവൻ മാർക്ക് വാങ്ങിയ ഒമാനിലെ 27 കുട്ടികളെ ആദരിച്ചു. എല്ലാ മേഖലകളിലും പുതുതായി വരുന്ന വിദ്യാർഥികൾക്കായി പ്രവേശനോത്സവം സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു വരുന്നു.
സുഗതാഞ്ജലി കാവ്യാലാപന മത്സരം എല്ലാ വർഷവും സംഘടിപ്പിക്കുന്നു. ഒമാനിൽനിന്ന് പങ്കെടുത്ത കുട്ടികൾ അഗോളതലത്തിൽതന്നെ സമ്മാനാർഹരായി എന്നത് അഭിമാനകരമാണ്. ഒമാനിലെ പൊതു സമൂഹത്തിനായി കഥ-കവിത മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഒമാനിലെ മലയാളം മിഷൻ പ്രർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ട്. പുതുതായി നിരവധി കുട്ടികളാണ് മലയാള ഭാഷ പഠനത്തിനായി ഞങ്ങളെ സമീപിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

