മാമ്പഴ മധുരത്തിന്റെ സൂഖ്
text_fieldsസൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേളയിൽനിന്ന്
ദോഹ: ഒറ്റശ്വാസത്തിൽ നിങ്ങൾക്ക് എത്ര മാമ്പഴങ്ങളുടെ പേരു പറയാം.... നീലം, അൽഫോൺസോ, ബദാമി, മൽഗോവ, ബംഗനപ്പള്ളി, കോമാങ്ങ, കിളിച്ചുണ്ടൻ... എണ്ണം തീർന്നുപോയെങ്കിൽ നേരെ സൂഖ് വാഖിഫിലേക്ക് വണ്ടി പിടിച്ചോളൂ.
മാങ്ങാ പേരുകളിലും രുചികളിലും നിങ്ങളുടെ റെക്കോഡുകളെല്ലാം തിരുത്തിയെഴുതാം. കന്യാകുമാരി മുതൽ കശ്മീർ വരെ പരന്നുകിടക്കുന്ന ഇന്ത്യൻ വൈവിധ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴ മേള -ഹംബാ ഫെസ്റ്റ് അതിശയിപ്പിച്ചുകൊണ്ട് ഓരാഴ്ചയും പിന്നിട്ടു.
സന്ദർശക തിരക്കിലും, മാമ്പഴ വിൽപനയിലും സർവകാല റെക്കോഡുകൾ കുറിച്ചുകൊണ്ടാണ് ജൂൺ 21 വരെ നീളുന്ന മാമ്പഴമേള പുരോഗമിക്കുന്നത്. ബുധനാഴ്ചയോടെ ഏഴു ദിവസം പിന്നിട്ട മേളയിൽ ഇതിനകമെത്തിയ സന്ദർശകർ 72,000ത്തോളം പേർ. ഒരാഴ്ചകൊണ്ട് വിൽപനയിലും പുതിയ റെക്കോഡിലേക്കാണ് മാമ്പഴമേളയുടെ കുതിപ്പ്. ഇതിനകം 74,700 കിലോ മാമ്പഴങ്ങൾ വിറ്റഴിഞ്ഞതായി സൂഖ് വാഖിഫ് കണക്കുകൾ വ്യക്തമാക്കി. മാമ്പഴ പ്രേമികളായ മലയാളികളെയും ഇന്ത്യക്കാരെയും കടത്തിവെട്ടി സ്വദേശികളും, വിവിധ രാജ്യക്കാരായ അറബികളും മാമ്പഴം തേടിയെത്തുന്നതാണ് രണ്ടാമത് ഹംബ ഫെസ്റ്റിന്റെ സവിശേഷത. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പത്തു ദിവസത്തെ മേള ശനിയാഴ്ച കൊടിയിറങ്ങവെ സന്ദർശകരുടെ വരവും ഇരട്ടിയായി.
സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേളയിൽനിന്ന്
ബുധനാഴ്ച രാത്രി 10,000ത്തിലേറെ പേരാണ് മേളയിലെത്തിയത്. ചൊവ്വാഴ്ച ഇത് 9,000ത്തിൽ അധികമായിരുന്നു. അവസാന മൂന്നു ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത രുചികളും, വൈവിധ്യമാർന്ന രൂപങ്ങളുമായി കൊതിയൂറുന്ന മാമ്പഴങ്ങൾക്ക് പുറമെ, മാങ്ങയിലെ അനുബന്ധ ഉൽപന്നങ്ങളും ഉപഭോക്താക്കളെ ആകർഷിക്കുന്നു. ജ്യൂസുകൾ, ഐസ്ക്രീം, അച്ചാറുകൾ, മധുരങ്ങൾ ഉൾപ്പെടെ പരമ്പരാഗത മാമ്പഴവിഭവങ്ങൾക്കും ആവശ്യക്കാരുണ്ട്.
സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേളയിൽനിന്ന്
ദുഷേരി, ലംഗ്ദ, അൽഫോൺസോ, കേസർ, ഹാപസ്, നീലം, രാജ്പുരി, മൽഗോവ, ബദാമി തുടങ്ങി വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് മേളയിലുള്ളത്. 95ഓളം സ്റ്റാളുകളിലായി ഖത്തറിലെ ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റ്, കഫേ എന്നിവയുമുണ്ട്. ഇന്ത്യൻ എംബസിയും, സൂഖ് വാഖിഫും ചേർന്നാണ് രണ്ടാമത് ഹംബാ ഇന്ത്യൻ മാമ്പഴമേള നടത്തുന്നത്. ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്ത 50ലേറെ ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപനയുമാണ് ഇവിടെ പുരോഗമിക്കുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പതു വരെയാണ് മേള. വെള്ളിയാഴ്ച രാത്രി 10 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

