അറബ് ഫുട്ബാളിന്റെ വസന്തം; ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ ആവേശപ്പൂരം
text_fields2022ലെ ശൈത്യകാലത്ത് ലുസൈല്‍ സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സി സ്വര്‍ണ്ണക്കപ്പില്‍ ചുംബിക്കുമ്പോള്‍ ലോകം കരുതിയത് ഖത്തര്‍ എന്ന കൊച്ചു രാജ്യം ലോകകപ്പിന്റെ തിരശ്ശീല താഴ്ത്തുകയാണെന്നാണ്. എന്നാല്‍, ഖത്തറിനെ സംബന്ധിച്ചിടത്തോളം അത് അവസാനമായിരുന്നില്ല, മറിച്ച് അതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. ഇന്ന്, അതേ പുല്‍മൈതാനങ്ങളില്‍ അറബ് കപ്പിനായി പന്തുരുളുമ്പോള്‍ ഈ കായിക മാമാങ്കങ്ങള്‍ അറബ് പൈതൃകത്തിന്റെയും ആധുനിക ഖത്തറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും വിളംബരമായി മാറിയിരിക്കുകയാണ്.
ഖത്തര്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പിനായി ഇവിടെ കെട്ടിപ്പടുത്തത് കേവലം സ്റ്റേഡിയങ്ങളായിരുന്നില്ല, മറിച്ച് ലോകത്തിന് മുന്നില്‍ അറബ് ലോകത്തിന്റെ യശസ്സുയര്‍ത്തുന്ന ഒരു സാംസ്കാരിക പാലമാണ്. ലോകകപ്പിന് ശേഷം ആവേശത്തിന്റെ ആ വേലിയേറ്റം നിലച്ചുപോകാതെ കാത്തുസൂക്ഷിക്കാന്‍ അറബ് കപ്പിന് സാധിച്ചു.
പാശ്ചാത്യ ലോകം കെട്ടിപ്പൊക്കിയ മുന്‍വിധികളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, സമാധാനത്തിന്റെയും അതിഥി സല്‍ക്കാരത്തിന്റെയും പുതിയൊരു മുഖം ഖത്തര്‍ ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നു.
അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടപ്പാക്കിയ ഈ കായിക വിപ്ലവം ഇന്ന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. മൊറോക്കോയും ജോര്‍ഡനും സൗദിയും ഈജിപ്തും തമ്മില്‍ മൈതാനത്ത് പോരാടുമ്പോള്‍, ഗാലറിയില്‍ വിരിയുന്നത് ഗള്‍ഫ് രാജ്യങ്ങളുടെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ഹൃദയൈക്യമാണ്.
ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ ഇന്ന് ‘അറബ് ഗൃഹാതുരത്വത്തിന്റെ’ പ്രതീകങ്ങളാണ്. അറബ് പാരമ്പര്യത്തിലെ ‘അല്‍ ബൈത്ത്’ കൂടാരങ്ങളെ അനുസ്മരിപ്പിക്കുന്ന അല്‍ ബൈത്ത് സ്റ്റേഡിയത്തിലും, ഇസ്ലാമിക് ആര്‍ക്കിടെക്ചറിന്റെ ചാരുത വിളിച്ചോതുന്ന അല്‍ തുമാമയിലും കാണികള്‍ നിറയുമ്പോള്‍ അത് കേവലം ഒരു മത്സരമല്ല. അവിടെ അറബിക് ഖഹ്വയും (കാപ്പി) ഖബൂസും മജ് ലിസുകളും നിറയുന്ന ഒരു സാംസ്കാരിക ഉത്സവങ്ങള്‍ കൂടിയായി ടൂര്‍ണമെന്റുകള്‍ മാറുന്നു. ലോകകപ്പിന് ശേഷം ഖത്തര്‍ നിശ്ചലാവസ്ഥയിലേക്ക് പോകുമെന്ന് പ്രവചിച്ചവര്‍ക്ക് മുന്നില്‍, ഒന്നിനുപിറകെ ഒന്നായി ഏഷ്യന്‍ കപ്പും അറബ് കപ്പും സംഘടിപ്പിച്ചുകൊണ്ട് ഖത്തര്‍ തങ്ങളുടെ കായിക മൂലധനം ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറിലെ മെട്രോ ശൃംഖലകളും ലുസൈല്‍ സിറ്റിയും സൂഖ് വാഖിഫും ഇന്നും പഴയ ആഘോഷത്തിമിര്‍പ്പിലാണ്.
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം ഫുട്ബാള്‍ വെറുമൊരു കളിയല്ല, അത് സ്വത്വത്തിന്റെ അടയാളമാണ്. ഫലസ്തീന് പതാകകള്‍ ഗാലറികളില്‍ ഉയരുന്നത് രാഷ്ട്രീയ പ്രഖ്യാപനത്തിനപ്പുറം തങ്ങളുടെ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി മാറുന്നു. മൊറോക്കന്‍ താരങ്ങള്‍ വിജയത്തിനു ശേഷം ഗ്രൗണ്ടില്‍ മാതാപിതാക്കളുടെ പാദം ചുംബിക്കുന്നത് അറബ് കുടുംബ ബന്ധങ്ങളുടെ ദൃഢത ലോകത്തിന് കാണിച്ചുകൊടുക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഈ ടൂര്‍ണമെന്റിലുടനീളം കണ്ട ഒരു പ്രത്യേകത ആരാധകരുടെ ‘അറബ് വേഷം’ (കന്തൂറയും ഗുത്രയും) അണിഞ്ഞുള്ള ആഘോഷങ്ങളാണ്.
ഇത് ആഗോളതലത്തില്‍ തങ്ങളുടെ സംസ്കാരത്തെ ബ്രാന്‍ഡ് ചെയ്യുന്നതിലൂടെ ഖത്തര്‍ വിജയിച്ചുവെന്നതിന്റെ തെളിവാണ്.
ഡിസംബര്‍ 18: ദേശീയതയും ഫുട്ബാളും ഒന്നാകുന്ന നിമിഷം, ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈലില്‍ നടക്കുന്ന ഫൈനല്‍ മത്സരം ഒരു കായിക ചരിത്രം മാത്രമായിരിക്കില്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും ആഘോഷമായിരിക്കും.
ഖത്തര്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്ത ‘വിഷന്‍ 2030’ന്റെ പാതയില്‍ കായികം എങ്ങനെ ഒരു ജനതയെ ഒന്നിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ് ഈ ടൂര്‍ണമെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

