സംഘർഷം വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും
text_fieldsദോഹ: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി. ഖത്തറിനിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ തുടരുന്ന കടന്നുകയറ്റവും യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി.
ഖത്തറിനോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച യുക്രെയ്ൻ പ്രസിഡന്റ്, ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ ഖത്തർ സ്വീകരിക്കുന്ന നടപടികൾക്ക് സെലൻസ്‌കി പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിലും യുക്രെയ്നിലും വ്യാപിക്കുന്ന എല്ലാ സംഘർഷവും സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. സംഘർഷം വ്യാപിക്കുന്നത് പ്രാദേശിക, അന്തർദേശീയ സുരക്ഷയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിലവിലുള്ള പിരിമുറുക്കവും സൈനിക നടപടികളും പരിഹരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രാദേശിക -ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദ ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ചയായി. സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും അവലോകനം ചെയ്തു.
പ്രതിരോധ സഹകരണത്തിന് കരാർ
- സാങ്കേതിക സഹകരണം, പ്രതിരോധ നിക്ഷേപം, വൈദഗ്ധ്യ കൈമാറ്റം എന്നിവ ഉൾപ്പെടുന്ന കരാറിൽ ഒപ്പുവച്ചു
ദോഹ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തുടർച്ചയായി പ്രതിരോധ സഹകരണ കരാറിൽ ഖത്തറും യുക്രെയ്നും ഒപ്പുവച്ചു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, യുക്രെയ്ൻ ദേശീയ സുരക്ഷാ -പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തം ഒമിറോവ്, സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് കരാറിൽ ഒപ്പുവെച്ചത്.
സാങ്കേതിക മേഖലകളിലെ സഹകരണം, സംയുക്ത പദ്ധതികളുടെ വികസനം, പ്രതിരോധ നിക്ഷേപങ്ങൾ, മിസൈലുകളെയും ആളില്ലാ വ്യോമ സംവിധാനങ്ങളെയും നേരിടുന്നതിൽ വൈദഗ്ധ്യ കൈമാറ്റം എന്നിവ ഉൾപ്പെടുന്ന പ്രതിരോധ സഹകരണ കരാറിലാണ് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചത്. ഖത്തർ ഭാഗത്തുനിന്ന് ഖത്തർ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും യുക്രെയ്ൻ ഭാഗത്ത് നിന്ന് സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവുമാണ് ഒപ്പുവച്ചത്. കൂടിക്കാഴ്ചയിൽ, മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യവും പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു. പ്രതിരോധ സഹകരണത്തിന്റെയും ജോയന്റ് കോഓഡിനേഷന്റെയും സാധ്യതകളെ കുറിച്ചും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

