നാളെയുടെ ലോകത്തിനായി മണ്ണറിഞ്ഞു വളരണം; ആഘോഷമായി അടുക്കളത്തോട്ടം പച്ചക്കറി വിളവെടുപ്പ്
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും പച്ചക്കറി വിളവെടുപ്പിനിടെ
വിളവെടുത്ത പച്ചക്കറികളുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കാമ്പസ് കെയർ ഫോഴ്സ് അംഗങ്ങൾ
പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം, മണ്ണും മനസ്സും തമ്മിലുള്ള ആത്മബന്ധം തിരിച്ചറിയുകയാണ് ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ 'പഠനവും പ്രവൃത്തിയും' പരിപാടിയുടെ ഭാഗമായി അടുക്കളത്തോട്ടത്തിൽ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് വിപുലമായ പരിപാടികളോടെ നടന്നു. അക്ഷര പഠനങ്ങൾക്കൊപ്പം അച്ചടക്കത്തോടെയും സ്നേഹത്തോടെയും ചെടികളെ പരിചരിച്ചാണ് വിദ്യാർഥികൾ അടുക്കളത്തോട്ടത്തിൽ നൂറുമേനി വിളവെടുത്തത്. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികൾക്ക് പരിസ്ഥിതി പാഠങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തിയത്.
സ്കൂളിലെ കാമ്പസ് കെയർ ഫോഴ്സ് അംഗങ്ങളായ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് അടുക്കളത്തോട്ടം പരിപാലിച്ചത്. ജിൻസി ജോർജ്, രാധിക രാജൻ, പ്രജ്ഞ പാണ്ഡെ, ബിറ്റി വർഗീസ്, ഹാരിഷ ബൊദ്ദുല, റംല കെ.കെ, അബ്ദുൽ ഗഫാർ എന്നിവരടങ്ങുന്ന അധ്യാപക -സ്റ്റാഫ് അംഗ സംഘം കുട്ടികൾക്ക് കരുത്തും മാർഗനിർദേശവുമായി ഒപ്പമുണ്ടായിരുന്നു. ചെടികൾ നട്ടുപിടിപ്പിക്കുന്നത് മുതൽ വിളവെടുപ്പ് വരെ കൃത്യമായ അച്ചടക്കത്തോടെയും കൂട്ടായ്മയോടെയും അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ ഒത്തുചേർന്നു.
സ്കൂൾ ഗവേണിങ് ബോർഡ് അംഗങ്ങൾ, സെക്ഷൻ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ പരിപാടികളോടെ വിളവെടുപ്പ് ചടങ്ങ് നടന്നു. ''എം.ഇ.എസിലെ അടുക്കളത്തോട്ടം ജൈവകൃഷിയുടെയും സുസ്ഥിരതയുടെയും പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകുന്നുവെന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു. കൂടാതെ, പരിസ്ഥിതി ബോധമുള്ളവരും സാമൂഹിക ഉത്തരവാദിത്തമുള്ളവരുമായ ഒരു തലമുറയെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങൾ വിളവെടുത്ത പച്ചക്കറികൾ വിദ്യാർഥികൾ മന്ത്രാലയത്തിന്റെ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തു. വിദ്യാർഥികൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കുട്ടികളുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകത്താളുകളിൽനിന്ന് മണ്ണിലേക്ക് ഇറങ്ങിച്ചെന്ന വിദ്യാർഥികൾ സമൂഹത്തോടായി പറയുന്നു -നാളെയുടെ ലോകത്തിനായി മണ്ണറിഞ്ഞു വളരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

