മഞ്ഞുരുകുന്നു; ഇൻകാസിനെ ഒന്നാക്കാൻ കെ.പി.സി.സി സംഘം
text_fieldsകെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, പി.എ. സലീം എന്നിവരെ ഇൻകാസ് നേതാക്കളായ സമീർ ഏറാമല, ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: രണ്ടു വർഷത്തോളമായി അഭിപ്രായ ഭിന്നതകളും ഗ്രൂപ്പിസവുമായി ചേരിതിരിഞ്ഞ് രണ്ടു സംഘടനകളായി പ്രവർത്തിക്കുന്ന ഖത്തർ ഇൻകാസിൽ മധ്യസ്ഥ ദൗത്യവുമായി കോൺഗ്രസ് നേതാക്കൾ ദോഹയിൽ. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ നിർദേശപ്രകാരം ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, പി.എ. സലീം എന്നിവരാണ് ദോഹയിൽ തമ്പടിച്ച് ഇൻകാസ് പ്രവർത്തകരും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഐക്യവഴികൾ തേടുന്നത്.
സമീർ ഏറാമല, പ്രസിഡൻറായ ഒ.ഐ.സി.സി ഇൻകാസ്, ഹൈദർ ചുങ്കത്തറ പ്രസിഡൻറായ ഇൻകാസ് ഖത്തർ എന്നീ വിഭാഗങ്ങളായാണ് കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഇൻകാസ് ഖത്തറിൽ പ്രവർത്തിക്കുന്നത്. ഇരുസംഘടനകളും പ്രവർത്തന മേഖലകളിൽ സജീവമാണെങ്കിലും രണ്ടു വിഭാഗങ്ങളായി മാറിയത് പ്രവർത്തകരിലും കേരളത്തിലെ പാർട്ടി നേതൃത്വത്തിലും ഏറെ നാളായി തലവേദനയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മുതിർന്ന നേതാക്കളുടെ സംഘത്തെ പാർട്ടി അനുരഞ്ജന ചർച്ചകൾക്കായി നിയോഗിച്ചത്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ദോഹയിലെത്തിയതെങ്കിലും സിദ്ദീഖ് നേരത്തെതന്നെ നാട്ടിലേക്ക് മടങ്ങി.
തുടർന്ന് അഡ്വ. ജയന്തും പി.എ. സലീമുമാണ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു ഇൻകാസ് കമ്മിറ്റികളുടെയും ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, പ്രവർത്തകർ, വിവിധ ജില്ലഘടകങ്ങളുടെ ഭാരവാഹികൾ, മുൻകാല നേതാക്കൾ, അനുഭാവികൾ ഉൾപ്പെടെ വിവിധ തലത്തിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതായി പി.എ. സലിം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ 300ൽ ഏറെ പേരുമായാണ് അഭിപ്രായങ്ങൾ ആരാഞ്ഞും പ്രശ്നങ്ങളും പരിഹാരങ്ങളും കേട്ടും കൂടിക്കാഴ്ചകൾ നടത്തിയത്.
ഇൻകാസിലെ ഭിന്നതകൾ പരിഹരിച്ച് ഒരു നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കാനുള്ള താൽപര്യമാണ് എല്ലാവരും പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച്, ഒരു കമ്മിറ്റിക്കു കീഴിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവർത്തകരുടെയുമെല്ലാം അഭിപ്രായങ്ങൾ കേട്ട് കുറിച്ചെടുത്ത മധ്യസ്ഥ സംഘം കേരളത്തിലെത്തി റിപ്പോർട്ട് തയാറാക്കും. ശേഷം, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിലാവും ഖത്തറിലെ ഇൻകാസ് കമ്മിറ്റികളുടെ ഐക്യം സംബന്ധിച്ച ഫോർമുല പ്രഖ്യാപിക്കുന്നത്. പലഘട്ടങ്ങളിലായി ഭിന്നതയും പിളർപ്പും നേരിട്ട ഇൻകാസ് ഖത്തറിൽ ഏറ്റവും ഒടുവിൽ 2021 നവംബറോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെൻറർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെ കെ.പി.സി.സി പുറത്താക്കിയിരുന്നു. പിന്നീട്, 2022 ജൂണിൽ ഇൻകാസിൽ ഐ.സി.സി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കെ.പി.സി.സി നിയോഗിച്ച കമ്മിറ്റിക്കെതിരെ ഒരുവിഭാഗം രംഗത്തുവരുകയും ചെയ്തതോടെ രണ്ടു കമ്മിറ്റികളെന്ന നിലയിൽ പിളർപ്പ് പൂർണമായി. ഐ.സി.സി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽനിന്നും സമീർ ഏറാമല വിഭാഗം വിട്ടു നിൽക്കുകയും ഹൈദർ ചുങ്കത്തറ പ്രസിഡൻറായി രണ്ടാമതൊരു കമ്മിറ്റി സ്ഥാനമേൽക്കുകയും ചെയ്തു. ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിനാണ് ഐ.സി.സി അംഗീകാരമുള്ളത്. അതേസമയം, കെ.പി.സി.സി പ്രസിഡൻറിന്റെ നിർദേശം ലംഘിച്ചവർക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

