ഗസ്സയിലെ സാഹചര്യം അതിഗുരുതരം; അടിയന്തര സഹായമെത്തിക്കാൻ മുസ്ലിം രാജ്യങ്ങളുടെ ആഹ്വാനം
text_fieldsദോഹ: ഗസ്സ മുനമ്പിലെ അതിശോചനീയമായ മാനുഷിക സാഹചര്യങ്ങളിൽ ഖത്തർ ഉൾപ്പെടെ എട്ട് അറബ്-മുസ്ലിം രാജ്യങ്ങൾ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ഖത്തർ, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ ഗസ്സയിലേക്ക് അടിയന്തരമായി സഹായങ്ങൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.കനത്ത മഴയും കൊടുങ്കാറ്റും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ ഗസ്സയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.
മതിയായ മാനുഷിക സഹായങ്ങളുടെ കുറവ്, ജീവൻരക്ഷാ മരുന്നുകളുടെ അപര്യാപ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണത്തിലെ കാലതാമസം എന്നിവ സ്ഥിതിഗതികൾ സങ്കീർണമാക്കുന്നുവെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.പ്രതികൂല കാലാവസ്ഥയും രോഗഭീഷണിയും ഗസ്സയിലെ മോശം സാഹചര്യങ്ങളിൽ കഴിയുന്ന 1.9 ദശലക്ഷത്തോളം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെ കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങളിലും വെള്ളം കയറിയ ക്യാമ്പുകളിലും കഴിയുന്നവർ കൊടും തണുപ്പും പോഷകാഹാരക്കുറവുംമൂലം വലിയ ആരോഗ്യഭീഷണി നേരിടുകയാണ്. കുട്ടികൾ, സ്ത്രീകൾ, വയോധികർ എന്നിവർക്കിടയിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രസ്താവനയിൽ പറയുന്നു.യു.എൻ ഏജൻസികൾക്ക് പൂർണ പിന്തുണ ദുഷ്കരമായ സാഹചര്യത്തിലും ഗസ്സയിൽ സേവനം തുടരുന്ന യു.എൻ ഏജൻസികളെയും പ്രത്യേകിച്ച് യു.എൻ.ആർ.ഡബ്ല്യു.എയെയും മന്ത്രിമാർ അഭിനന്ദിച്ചു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും തടസ്സമില്ലാതെ പ്രവർത്തിക്കാൻ അന്താരാഷ്ട്ര സംഘടനകൾക്ക് ഇസ്രായേൽ അനുമതി നൽകണം. മാനുഷിക സഹായം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. യു.എൻ രക്ഷാസമിതി പ്രമേയം 2803നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര സമാധാന പദ്ധതിക്കും മന്ത്രിമാർ പൂർണ പിന്തുണ അറിയിച്ചു.
വെടിനിർത്തൽ സുസ്ഥിരമാക്കാനും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ഈ പദ്ധതികൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയിൽ വ്യക്തമാക്കിയതുപോലെ റഫ അതിർത്തി ഇരുവശങ്ങളിലേക്കും തുറന്നുകൊടുക്കണമെന്നും സഹായ വിതരണത്തിൽ ഒരു ഇടപെടലും ഉണ്ടാകരുതെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

