നാട്ടോർമകളുടെ അവധിക്കാലം കഴിഞ്ഞു; ഇനി സ്കൂളിലേക്ക്
text_fieldsവിദ്യഭ്യാസ മന്ത്രാലയം ‘ബാക് ടു സ്കൂൾ’ കാമ്പയിനിന്റെ ഭാഗമായി മാൾ
ഓഫ് ഖത്തറിൽ ആരംഭിച്ച പ്രചാരണ കാമ്പയിനിൽ നിന്ന്
അങ്ങനെ ഒരു വേനൽ അവധിക്കാലം കൂടെ കടന്നുപോയിരിക്കുന്നു. വിദ്യാലയങ്ങൾ ആലസ്യത്തിൽനിന്ന് ഉണരുകയായി. നാട്ടുപച്ചയും മഞ്ഞും മഴയും കൊതിച്ചുപോയവർ തിരികെ അണയുകയായി. നാട്ടിലേക്ക് പോകാൻ കാണിച്ച ആവേശവും ഉന്മേഷവും ഇല്ല എന്നു മാത്രമല്ല കനമേറിയ ഹൃദയവുമായാണ് അവർ തിരികെ വരുന്നത് എന്നു മാത്രം.
വേനലവധി ആവാൻ നാളുകൾ എണ്ണി കാത്തിരുന്നവർ പറയുന്നു എത്ര പെട്ടെന്നാണ് രണ്ടുമാസം കടന്നുപോയത്. ടിക്കറ്റ് നിരക്കിലെ വർധന വല്ലാതെ കുഴക്കിയതിനാൽ ഇത്തവണ എല്ലാവർക്കും നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല.
ഇനി എല്ലാം പൊടിതട്ടിയെടുക്കണം. പുസ്തകങ്ങൾ, ബാഗ് എല്ലാം ഒരുക്കണം. അധ്യാപകർ തന്നിരിക്കുന്ന അവധിക്കാല പ്രവർത്തനങ്ങൾ എല്ലാം തന്നെ പിന്നേക്ക് വെച്ചതാണ്, അത് ചെയ്തുതീർക്കണം. കൂട്ടുകാരെ വീണ്ടും കാണാൻ പോവുകയാണ്. വിശേഷങ്ങൾ പങ്കുവെക്കണം.
നമ്മൾ മുതിർന്നവരുടെ ഓർമയിലെ വേനലവധി എന്തു മനോഹരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. മാമ്പഴക്കാലവും കളിപ്പന്തലും അതിനു പിന്നാലെ വന്നെത്തുന്ന വിഷുക്കാലത്തിലെ പൂത്തിരി കത്തിച്ച സന്തോഷങ്ങളും, തോട്ടിലും തൊടിയിലും ഒതുങ്ങാത്ത കളികളും എല്ലാമെല്ലാം. ഇന്ന് അത്രയേറെ അനുഭവങ്ങൾ ഇല്ലെങ്കിലും പ്രവാസികളായ നമ്മുടെ കുഞ്ഞുങ്ങൾക്ക് നാട് അത്രയേറെ പ്രിയപ്പെട്ടതാണ്. നാട്ടിലെ സുഖകരമായ കാലാവസ്ഥയും പ്രിയപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും രുചിഭേദങ്ങളും ഉറ്റവരോടുള്ള അനർഘനിമിഷങ്ങളും മനസ്സിൽ നിറച്ച്. കണ്ട് കൊതി തീരാതെ, സ്നേഹിച്ച് കൊതിതീരാതെ നമ്മുടെ കുട്ടികൾഅകലെ അകലെ സ്ഥിതിചെയ്യുന്ന ഈ മണ്ണിലേക്ക് തിരികെ എത്തുന്നു.
ഇത്തവണ മഴ കൊതിച്ച് നാട്ടിലെത്തിയ വരെ നാട് നിരാശരാക്കി. പോയി മറഞ്ഞ കർക്കടകവും നിലവിലെ ചിങ്ങവും വറചട്ടി പോലെയായി. അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് സുഖകരമായ നിമിഷങ്ങൾ മാത്രമല്ല എന്നോർക്കണം. കുടുംബത്തിലെ പല ഉത്തരവാദിത്തങ്ങളും തോളിൽ െവച്ചുകൊടുക്കാൻ കാത്തിരിക്കുകയാവും ബന്ധുക്കൾ. പക്ഷേ, അതൊന്നും കുട്ടികളെ വല്ലാതെ ബാധിക്കുന്നില്ല. പലകാര്യങ്ങളും അവർ നമ്മുടെ നാട്ടിൽനിന്ന് അനുഭവത്തിലൂടെ സ്വായത്തമാക്കുന്നു. ഇനി ക്ലാസിൽ എത്തിയാൽ അധ്യാപകന്റെ ഒരു ചോദ്യമുണ്ട് എങ്ങനെയുണ്ടായിരുന്നു അവധിക്കാലം. അപ്പോൾ പലർക്കും പറയാനുണ്ടാവുക യാത്രകളെപ്പറ്റി ആയിരിക്കും. അവധിക്കാലത്ത് നാട്ടിൽ പോകാത്ത കുട്ടികൾക്ക് വല്ലാതെ പരാതികൾ ഒന്നുമില്ല. എന്നാലും മറ്റുള്ളവരെ പോലെ അവരും കാത്തിരിക്കുന്നു ഇനി വരുന്ന വേനൽ അവധിക്കായി നാട്ടിൽ കഴിയുന്ന നിമിഷങ്ങൾക്കായി.
(ഐഡിയൽ ഇന്ത്യൻ സ്കൂൾ അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

