റോഡ് യാത്ര അതിവേഗത്തിലാക്കി ഇന്റർചേഞ്ചുകൾ
text_fieldsസൽവാ റോഡിലെ ഇരുനില ഇന്റർചേഞ്ച്
ദോഹ: സൽവാ റോഡിൽനിന്നും മിബൈരീക്ക്, ബൂ നഖ്ല, അൽ സൈലിയ, അൽ മിഅ്റാദ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി സൽവാ റോഡിൽ ഇരുനില ഇന്റർചേഞ്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ.
പുതിയ ഇന്റർചേഞ്ച്
അൽ സൈലിയ ഇന്റർചേഞ്ചിനും മിസെഈദ് ഇന്റർചേഞ്ചിനുമിടയിൽ സൽവാ റോഡിനെയും മിബൈരീക്ക് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ ഇരുനില ഇന്റർചേഞ്ചിന്റെ നിർമാണമാണ് അഷ്ഗാൽ പൂർത്തിയാക്കിയിരിക്കുന്നത്. ജങ്ഷനിൽ നിന്നും 330 മീറ്റർ നീളമുള്ള രണ്ട് പാലങ്ങളാണ് ഇതിൽ പ്രധാനം. നിരവധി എക്സിറ്റ് പോയന്റുകൾ, ലൂപ്പ് ബ്രിഡ്ജുകൾ, പുതിയ ഇന്റർചേഞ്ചുമായി ബന്ധിപ്പിച്ച പ്രാദേശിക റോഡുകൾ എന്നിവ എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നു. പുതിയ ഇന്റർചേഞ്ചിന്റെ നിർമാണത്തിൽ ബൈപാസ് റോഡുകളുടെയും പ്രാദേശിക റോഡുകളുടെയും നിർമാണവും ഉൾപ്പെടും. മൂന്നു കിലോമീറ്റർ വീതമുള്ള കാൽനട, സൈക്കിൾ പാത എന്നിവയും ഇതിൽപ്പെടും. കൂടാതെ, ഇന്റർചേഞ്ചിന്റെ ഇരുവശത്തുമായി 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലാൻഡ്സ്കേപ്പിങ് പ്രവൃത്തിയും പൂർത്തിയാക്കിയിട്ടുണ്ട്.
മിബൈരീക്കിൽനിന്നും അൽ സൈലിയയിലേക്ക് ഫ്രീ ട്രാഫിക് ഫ്ളോ നൽകുന്നതിനാൽ പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്താനും യാത്രാസമയം 50 ശതമാനം കുറക്കാൻ പുതിയ ഇന്റർചെയ്ഞ്ച് സഹായിക്കും. സമീപത്തുള്ള അൽ സൈലിയ ഇന്റർചേഞ്ചിന് പുതിയ ഇന്റർചേഞ്ച് ബദൽ ഒാപ്ഷനും നൽകുന്നതിനാൽ അതുവഴിയുള്ള ഗതാഗതക്കുരുക്കും കുറയും. പുതിയ ഇന്റർചേഞ്ചിന് മണിക്കൂറിൽ 8500ലധികം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ദോഹയിൽനിന്ന് മിബൈരീക്ക്, അൽ സൈലിയ മേഖലകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് സൽവാ റോഡിന്റെ ഇരുവശങ്ങളിലും സർവിസ് റോഡുകൾ നൽകി ഇരു പ്രദേശങ്ങളിലേക്കും ഫ്രീ ലിങ്ക് നൽകാനാണ് പുതിയ ഇന്റർചേഞ്ചിന്റെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

