അവശേഷിക്കുന്ന പ്രശ്നങ്ങളും തീരുന്നു
text_fieldsഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ബ്ലൂംബെർഗുമായി സംസാരിക്കുന്നു
ദോഹ: ഖത്തർ ഉപരോധം അവസാനിച്ചതോടെ രാജ്യങ്ങൾ തമ്മിൽ അവശേഷിക്കുന്ന പ്രശ്നങ്ങളും തീരുന്നു. യു.എ.ഇയുമായി ഖത്തർ നടത്തുന്ന ആശയവിനിമയത്തിൽ പുരോഗതിയുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഖത്തറിനെതിരായ ഉപരോധം ജനുവരി അഞ്ചിന് നടന്ന ജി.സി.സി ഉച്ചകോടിയിൽ പിൻവലിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരസ്പരം സംസാരിക്കുകയാണ് ചർച്ചയിലൂടെ നടക്കുന്നത്.
ഖത്തറിനും യു.എ.ഇക്കുമിടയിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ട്. ചർച്ചകൾ തുടരാൻ തന്നെയാണ് തീരുമാനം. ഖത്തറുമായി അവർക്കും അവർക്ക് ഖത്തറുമായുള്ള ഏത് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് തങ്ങൾ സജ്ജമാണെന്നും ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവിസ് ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
യു.എ.ഇ വിദേശകാര്യമന്ത്രിയുമായി ഇതു സംബന്ധിച്ച് നേരിട്ടുള്ള ചർച്ചകളാണ് നടത്തിയിട്ടുള്ളത്. പഴയതൊന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ തത്ത്വങ്ങളിലൂന്നിയുള്ളതാണ് ഖത്തറിെൻറ വിദേശനയം. അതൊരിക്കലും മാറുന്നില്ല. ജനങ്ങളുടെ അഭിലാഷങ്ങളനുസരിച്ച് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം. ജനങ്ങൾക്ക് പിന്തുണ നൽകാൻ ഖത്തർ സജ്ജമാണ്. സൗദി അറേബ്യയിൽ നടന്ന ആറ് രാജ്യങ്ങളുടെ ഉച്ചകോടി പ്രതീക്ഷ നൽകുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ ജി.സി.സി രാജ്യങ്ങളുടെയും അഭിലാഷവും അതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ആര് ആവശ്യപ്പെട്ടാലും ചർച്ചകൾക്കും സംഭാഷണങ്ങൾക്കും സൗകര്യങ്ങൾ ചെയ്യാൻ ഖത്തർ ഒരുക്കമാണ്. കരാർ പ്രകാരം എല്ലാം നടക്കണമെന്നാണ് ആഗ്രഹം. എവിടെയാണെങ്കിലും ആര് സംഘടിപ്പിക്കുന്നതാണെങ്കിലും ചർച്ചകൾക്ക് തയാറാെണന്നും അതിനെ പിന്തുണക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഉപരോധം പിൻവലിച്ചതോടെ സൗദി, ബഹ്ൈറൻ, ഇൗജിപ്ത്, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനായി അതിർത്തികൾ തുറന്നിട്ടുണ്ട്. ജനുവരി 27 മുതൽ ഖത്തർ എയർവേയ്സ് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നുമുണ്ട്. അതിനിടെ ഇത്തിഹാദ് എയർവേയ്സ് തങ്ങളുടെ ദോഹ സർവിസുകൾ ഫെബ്രുവരി അഞ്ചുമുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അബൂദബിയിൽനിന്ന് ദോഹയിലേക്ക് ദിവസേനയുള്ള സർവിസാണ് നടത്തുകയെന്ന് ഇത്തിഹാദ് േഗ്ലാബൽ സെയിൽസ് ആൻഡ് കാർഗോ സീനിയർ വൈസ്പ്രസിഡൻറ് മാർട്ടിൻ ഡ്ര്യൂ പറഞ്ഞു. സൗദിയിലേക്കും ഖത്തറിലേക്കുമുള്ള വിമാനസർവിസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുമുണ്ട്.
ഖത്തർ ഉപരോധം പിൻവലിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പിട്ടതിെൻറ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന ഭിന്നതകൾ ഒത്തുതീർപ്പാക്കാൻ ബഹ്റൈൻ ഈയടുത്ത് ഖത്തറിനെ ചർച്ചക്ക് ക്ഷണിച്ചിരുന്നു. അവശേഷിക്കുന്ന നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഖത്തറിനെ ബഹ്റൈൻ ചർച്ചക്ക് ക്ഷണിച്ചതായി യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഗൾഫ് ന്യൂസ്' ആണ് വാർത്ത പുറത്തുവിട്ടത്.
ഖത്തറിനെ ഉഭയകക്ഷി ചർച്ചകൾക്കായി ക്ഷണിച്ചുകൊണ്ട് ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിക്ക് കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഖത്തറിലെ തങ്ങളുടെ എംബസി ഉടൻ തന്നെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യയും അറിയിച്ചിട്ടുണ്ട്.
ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനരാരംഭിക്കാൻ ഈജിപ്തും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനത്തിലെത്തിയതായി ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.