അയൽപക്കം ഊഷ്മളം;സ്വാഗതം ചെയ്ത് ലോകം
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും (ഫയൽ ചിത്രം)
ദോഹ: എംബസി ഓഫിസുകൾ തുറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഖത്തറിനെയും യു.എ.ഇയെയും അഭിനന്ദിച്ച് ഗൾഫ് മേഖലയിലെയും മറ്റും സൗഹൃദ രാജ്യങ്ങൾ. 2017 ഗൾഫ് ഉപരോധത്തിനു പിന്നാലെ നിലച്ചുപോയ നയതന്ത്ര ബന്ധമാണ് ഉപരോധം പിൻവലിച്ച് രണ്ടര വർഷത്തിനിപ്പുറം പുനഃസ്ഥാപിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിൽ അഭിനന്ദിച്ചു.
ആറു വർഷത്തെ ഇടവേളക്കുശേഷമാണ് ഖത്തറിന്റെ നയതന്ത്ര കാര്യാലയം അബൂദബിയിലും യു.എ.ഇയുടെ നയതന്ത്ര കാര്യാലയം ദോഹയിലും ആരംഭിക്കുന്നത്. 2021 ജനുവരിയിൽ നടന്ന അൽ ഉലാ ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ജി.സി.സി ഫോളോഅപ് യോഗങ്ങളുടെ തുടർച്ചയായാണ് എംബസി തുറക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽതന്നെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാനും തമ്മിൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് എംബസി തുറന്നതായി പ്രഖ്യാപിക്കുന്നത്. നയതന്ത്ര കാര്യാലയം തുറക്കാനുള്ള തീരുമാനത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു.
2017ൽ ഈജിപ്ത്, സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ നാല് അറബ് രാജ്യങ്ങളായിരുന്നു ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. അൽ ഉലാ ഉച്ചകോടിക്കു പിന്നാലെ സൗദിയും ഈജിപ്തും എംബസികൾ തുറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. എംബസി തുറക്കാൻ വൈകിയെങ്കിലും യു.എ.ഇയുമായി ഖത്തർ സൗഹൃദബന്ധം നേരത്തേ ശക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ യു.എ.ഇ സന്ദർശിച്ചിരുന്നു. ലോകകപ്പ് ഫുട്ബാൾ വേളയിൽ സൗദി, ഈജിപ്ത്, യു.എ.ഇ രാഷ്ട്രത്തലവന്മാർ ഖത്തറിന്റെ അതിഥികളായി ദോഹയിലെത്തിയിരുന്നു.
അതേസമയം, ബഹ്റൈനുമായി ഏറ്റവും ഒടുവിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. അധികം വൈകാതെതന്നെ മനാമയിലും ദോഹയിലും അംബാസഡർമാരെ നിയമിച്ച് എംബസി പ്രവർത്തനമാരംഭിക്കും.
സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പ് -ജി.സി.സി
നീക്കത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു. പരസ്പര സൗഹൃദവും സാഹോദര്യവും അയൽപക്ക ബന്ധവും കൂടുതൽ ശക്തമാക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകുന്ന രാഷ്ട്രനേതാക്കളുടെ ചുവടുവെപ്പ് പ്രശംസനീയമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ജി.സി.സിയുടെ ഐക്യവും കെട്ടുറപ്പും കൂടുതൽ ദൃഢമാക്കുന്നതാണ് പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതാർഹം -തുർക്കിയ, ഒമാൻ
ഖത്തർ-യു.എ.ഇ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് എംബസി പ്രവർത്തനം ആരംഭിച്ച നടപടിയെ തുർക്കിയ സ്വാഗതം ചെയ്തു. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഈ നീക്കം ഏറെ സംഭാവനകൾ ചെയ്യുമെന്ന് തുർക്കിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖത്തർ-യു.എ.ഇ നയതന്ത്ര സൗഹൃദം പുനഃസ്ഥാപിക്കാനള്ള തീരുമാനത്തെ ഒമാനും സ്വാഗതം ചെയ്തു. ഗൾഫ് ഐക്യത്തിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഒമാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

