ഖത്തറിനെക്കുറിച്ച് എല്ലാം; 'ഖത്തർ നൗ' ഗൈഡ് പുറത്തിറങ്ങി
text_fieldsദോഹ: ഖത്തറിന്‍റെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന ഖത്തർ ടൂറിസത്തിന്‍റെ യാത്രാസഹായി പുറത്തിറങ്ങി. 'ഖത്തർ നൗ' എന്ന പേരിലാണ് രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു വിശേഷങ്ങളുമായി വിശാലമായ ഗൈഡ് പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ സഞ്ചാരകേന്ദ്രങ്ങളിലും സൗജന്യമായിതന്നെ ഗൈഡ് ലഭ്യമാവുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ഹോട്ടലുകൾ, ഹമദ് രാജ്യാന്തര വിമാനത്താവളം, മ്യൂസിയം, സന്ദർശകർ എത്തുന്ന മറ്റു കേന്ദ്രങ്ങൾ, എംബസികൾ എന്നിവിടങ്ങളിലെല്ലാം 'ഖത്തർ നൗ' ലഭ്യമാവും.
രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിദേശികൾക്ക് എല്ലാ വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാവുന്ന രൂപത്തിലാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്. സ്ഥലവിവരണങ്ങൾക്കു പുറമെ, രാജ്യത്തിന്‍റെ കല, സാംസ്കാരിക പാരമ്പര്യം, വിശേഷങ്ങൾ, ഭക്ഷണവൈവിധ്യം, വാസ്തുവിദ്യ, ഫാഷൻ, ചെറുകിട മേഖല, സ്പോർട്സ്, സാഹസികത തുടങ്ങി എല്ലാം ഉൾക്കൊള്ളുന്നതാണ് 'ഖത്തർ നൗ' ഗൈഡ്. ലോകകപ്പിനെ വരവേൽക്കാനിരിക്കെ, രാജ്യത്തെത്തുന്ന സഞ്ചാരികൾക്ക് എല്ലാ വിവരങ്ങളും നൽകുന്ന തരത്തിൽ ഗൈഡ് പുറത്തിറക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
ഖത്തർ അന്നും ഇന്നും വരാനിരിക്കുന്നതും എന്ന പ്രമേയത്തിൽ ചിത്ര, വിവരണങ്ങളോടെയാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകൾക്കൊപ്പം, കുറിപ്പുകൾകൂടിയാവുമ്പോൾ രാജ്യത്തിന്‍റെ പാരമ്പര്യവും വൈവിധ്യവുമെല്ലാം ഒറ്റനോട്ടത്തിൽ വായനക്കാരന് ലഭ്യമാവും. സഞ്ചാരകേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിനൊപ്പം https://www.visitqatar.qa/qatarnow എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷിലുള്ള ഗൈഡാണ് നിലവിൽ പുറത്തിറങ്ങിയത്. അറബിക് പതിപ്പ് ഏപ്രിലിൽ പുറത്തിറങ്ങുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു.