മിസൈൽ ആക്രമണങ്ങളെ തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം
text_fieldsദോഹ: ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്കുനേരെ മിസൈൽ ആക്രമണം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് എയർ ബേസിനെ അടക്കം ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. രാജ്യത്ത് രണ്ട് തവണകളായാണ് ആക്രമണമുണ്ടായത്.
ആതേസമയം, ഖത്തറിനു നേരെ ഉണ്ടായ മിസൈൽ ആക്രമണങ്ങളെ ഖത്തർ വിജയകരമായി പ്രതിരോധിച്ചു. സുരക്ഷാ മുൻകരുതലുകളും ജാഗ്രതയും ഏകോപിതമായ പരിശ്രമത്തിലൂടെയും എല്ലാ ആക്രമണങ്ങളെയും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വിശദമാക്കി.
ദോഹക്ക് മുകളിലൂടെ പറന്നെത്തിയ ബാലിസ്റ്റിക് മിസൈലുകളെ മിസൈൽവേധ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഖത്തർ തകർക്കുകയായിരുന്നു.
ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി താൽക്കാലികമായി വ്യോമപാത അടച്ചിരുന്നു. താമസക്കാരും പൗരന്മാരും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൗരൻമാരുടെയും താമസക്കാരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

