‘ദ പ്രസന്റ്: ദ ഫ്യൂച്ചർ ഓഫ് ദ പാസ്റ്റ്’; കലാപ്രദർശനവുമായി അഗ്നിരക്ഷാകേന്ദ്രം
text_fieldsഫയർ സ്റ്റേഷനിൽ ആരംഭിച്ച ‘ദ പ്രസന്റ്; ദ ഫ്യൂച്ചർ ഓഫ് ദ പാസ്റ്റ്’ പ്രദർശനത്തിലെ കലാസൃഷ്ടി
ദോഹ: ‘വർത്തമാനം; ഭൂതകാലത്തിന്റെ ഭാവി’ എന്ന അർഥത്തിൽ ‘ദ പ്രസന്റ്: ദ ഫ്യൂച്ചർ ഓഫ് ദ പാസ്റ്റ്’ പേരിലൊരു പ്രദർശനം. ഖത്തറിന്റെ പ്രധാന കലാകേന്ദ്രങ്ങളിലൊന്നായ ഫയർസ്റ്റേഷനിലാണ് തങ്ങളുടെ പൂർവ വിദ്യാർഥികളായ ഒരുകൂട്ടം കലാകാരന്മാരുടെ സൃഷ്ടികളുമായി അപൂർവ പ്രദർശനത്തിന് തുടക്കംകുറിച്ചത്. പേര് സൂചിപ്പിക്കുന്നതുപോലെ, കലയുടെയും സംസ്കാരത്തിന്റെയും നാടിന്റെയും ഭൂതവും ഭാവിയുമെല്ലാം വരകളും പെയിന്റിങ്ങുകളും കലാസൃഷ്ടികളുമായി കുറിച്ചിടുന്ന പ്രദർശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഖത്തർ മ്യൂസിയത്തിന്റെ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിലെ 31 പൂർവ വിദ്യാർഥികളുടെ സൃഷ്ടികളാണ് പ്രദർശനത്തിലുൾപ്പെടുന്നത്.
ഫയർസ്റ്റേഷനിലെ ഗാരേജ് ഗാലറി 3, 4 എന്നിവയിലെ പ്രദർശനം ഡിസംബർ 16 വരെ തുടരും. 2021-2022, 2022-2023 ബാച്ചുകളിലെ പൂർവ വിദ്യാർഥികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
ഒമ്പതുമാസം നീളുന്ന മ്യൂസിയത്തിന്റെ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് (എ.ഐ.ആർ) പ്രോഗ്രാമിലൂടെ ഖത്തറിലെ കലാകാരന്മാരുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ അതത് മേഖലകളിൽ എ.ഐ.ആർ പ്രോഗ്രാം ഉയർത്തിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്. സുസജ്ജമായ സ്റ്റുഡിയോകൾ, ഫാബ്രിക്കേഷൻ ലാബ്, വുഡ് ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളോടൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പ്രോഗ്രാമിലൂടെ ലഭിക്കുന്നു.
ഫയർ സ്റ്റേഷനിലെ തങ്ങളുടെ ആർട്ടിസ്റ്റ് ഇൻ റെഡിസന്റ്സ് പ്രോഗ്രാമിന്റെ സാരാംശം ഉൾക്കൊള്ളുന്നതാണ് ദ പ്രസന്റ്: ദ ഫ്യൂച്ചർ ഓഫ് ദ പാസ്റ്റ് എക്സിബിഷനെന്ന് ഫയർസ്റ്റേഷൻ മേധാവി ഖലീഫ അഹ്മദ് അലി അൽ ഉബൈദലി പറഞ്ഞു. ഖത്തറിന്റെ കലാരംഗത്തെ പിന്തുണക്കുന്നതിലും പ്രാദേശിക പ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിലും സർഗാത്മക സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലും റെഡിസൻസി പ്രോഗ്രാം പ്രധാന പങ്കുവഹിക്കുന്നുവെന്നും അൽ ഉബൈദലി പറഞ്ഞു.
പ്രദർശനത്തിൽനിന്ന്
ഖത്തർ മ്യൂസിയത്തിന്റെ ക്രിയേറ്റിവ് ഹബുകളുടെ അവിഭാജ്യ ഘടകമാണ് ഫയർസ്റ്റേഷനെന്നും ഖത്തറിന്റെ കലാകാരന്മാരുടെ ആകർഷകമായ സൃഷ്ടികൾ നേരിട്ട് വീക്ഷിക്കുന്നതിനും പ്രദർശനത്തിൽ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫയർസ്റ്റേഷൻ എക്സിബിഷൻ ക്യുറേറ്റർ സൈദ അൽ ഖുലൈഫി പറഞ്ഞു.
കലാപരമായ പ്രക്രിയകളുടെ ശക്തിയും സാധ്യതയുമാണ് ഈ പ്രദർശനത്തിലൂടെ പുറത്തെത്തുന്നതെന്നും ലളിതമായ ഒരു തുടക്കത്തിൽനിന്ന് കാഴ്ചക്കാരനുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന അത്ഭുതകരമായ പരിവർത്തനം അവിടെ നടക്കുന്നുവെന്നും വൈവിധ്യമാർന്ന കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളതെന്നും അൽ ഖുലൈഫി വ്യക്തമാക്കി.
പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, വിഡിയോകൾ, ശബ്ദങ്ങൾ, ഇൻസ്റ്റലേഷനുകൾ തുടങ്ങി വൈവിധ്യമാർന്ന മാധ്യമങ്ങളാണ് പ്രദർശനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

