സിറിയൻ ജനതയുടെ ദുരിതം
text_fieldsതുർക്കി, ഖത്തർ, റഷ്യ വിദേശകാര്യമന്ത്രിമാർ ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: വിവിധ പ്രശ്നങ്ങളിൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയുടെ പ്രതിസന്ധി ചർച്ചചെയ്ത് ഖത്തര്‍, തുര്‍ക്കി, റഷ്യ രാജ്യങ്ങള്‍. മാനുഷിക പ്രതിസന്ധിയും കോവിഡ് തീർത്ത ആഘാതങ്ങളും മൂലം നട്ടംതിരിയുന്ന സിറിയൻ ജനതക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമായി. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചര്‍ച്ച നടത്തിയത്.സിറിയക്ക് മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ഒരു തരത്തിലുമുള്ള വിവേചനവും ഉണ്ടാകരുതെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ്ഞു.
സിറിയയുടെ പ്രാദേശിക ഐക്യം, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം വിദേശകാര്യ മന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം സൈനികമല്ലെന്നും രാഷ്ട്രീയമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന പ്രക്രിയയെ ഖത്തര്‍ പിന്തുണക്കുന്നു. രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ സിറിയന്‍ പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.തീവ്രവാദത്തിനെതിരെ പോരാടാനും മാനുഷിക പ്രതിബദ്ധതക്കും ധാര്‍മിക ഉത്തരവാദിത്തത്തിനും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയിലെ മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലദ് കാവുസോഗ്ലു 13.4 ദശലക്ഷം സിറിയക്കാര്‍ക്ക് വീടും ഭക്ഷണവുമില്ലെന്ന് പറഞ്ഞു. നാല് ദശലക്ഷം പേര് ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു. അടുത്ത യോഗങ്ങള്‍ തുര്‍ക്കിയിലും റഷ്യയിലുമാണ് നടക്കുക.
ദോഹ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തെൻറ രാജ്യം പിന്തുണക്കുന്നതായും കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സിര്‍ജി ലാവ്റോവ് പറഞ്ഞു. സിറിയന്‍ ഭരണകൂടത്തിന് നേരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഏകപക്ഷീയ ഉപരോധം അവിടുത്തെ സമാധാന പ്രക്രിയയെ തടസ്സപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരതക്കെതിരെ പോരാടണം. എന്നാൽ അതിനോടൊപ്പം തന്നെ അഭയാര്‍ഥികളും നാടുകടത്തപ്പെട്ടവരുമായ സിറിയക്കാരെ സ്വതന്ത്രവും സമാധാനപരവുമായി തിരിച്ചുകൊണ്ടുവരണം. ഇതിന് അനുവദിക്കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
മോസ്കോയില്‍ നടക്കാനിരിക്കുന്ന അഫ്ഗാന് യോഗത്തില്‍ പങ്കെടുക്കാന്‍ റഷ്യ ഖത്തറിന് ക്ഷണം കൈമാറി. ഖത്തര്‍ സിറിയ ഉഭയകക്ഷി ബന്ധത്തെ കുറിച്ച് വിശദമാക്കിയ ഖത്തര്‍ വിദേശകാര്യമന്ത്രി എംബസികള്‍ തുറക്കാനുള്ള സാധ്യതയെ കുറിച്ചും അറബ് ലീഗിലെ സിറിയന്‍ സ്ഥാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും പറഞ്ഞു. സിറിയയുടെ അംഗത്വം താൽകാലികമായി പിന്‍വലിച്ചതിന് കാരണങ്ങളുണ്ട്. അവ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആൽഥാനി പറഞ്ഞു. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതുവരെ സിറിയന്‍ ജനതക്കുള്ള പിന്തുണ ഖത്തര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മൂന്ന് വിദേശകാര്യമന്ത്രിമാരും ദോഹയിൽ വാർത്തസമ്മേളനവും നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.